ചാലക്കുടി: ദേശീയപാതയുടെ മുനിസിപ്പൽ ജംഗ്ഷനിൽ മാള റോഡിലേക്കുള്ള പ്രവേശന കവാടം തുറക്കുമെന്ന് തീരുമാനമുണ്ടായെങ്കിലും ഞായറാഴ്ചയും ഇതിനായി ശ്രമങ്ങൾ ആരംഭിച്ചില്ല. വെള്ളിയാഴ്ച മുതൽ സിഗ്‌നൽ സംവിധാനത്തോടെ പഴയപടി ഗാതാഗത സംവിധാനം ഒരുക്കുമെന്നാണ് ദേശീയ പാത അധികൃതരും കരാർ കമ്പനി ഉദ്യോഗസ്ഥരും നഗരസഭാ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് തീരുമാനിച്ചത്.

വാഹന ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കുന്നതിന് ജൂബിലി മന്ദിരത്തിന് മുൻഭാഗത്തെ നടുവിലെ ഡിവൈഡർ പൊളിച്ചു മാറ്റണം. 50 മീറ്റർ ദൂരം പൊളിച്ചു നീക്കുന്ന ഡിവൈഡറിന്റെ സ്ഥാനത്ത് കോൺക്രീറ്റിംഗും നടത്തണം. ഇവിടെ വച്ചായിരിക്കും വാഹനങ്ങൾ തിരിച്ചുവിടുന്നത്. ഇതിന്റെ പ്രവൃത്തികൾ ശനിയാഴ്ച വൈകീട്ട് തുടങ്ങുമെന്നാണ് അറിയിപ്പുണ്ടായത്.

കൂടാതെ തൃശൂർ ഭാഗത്തു നിന്നുമുള്ള വാഹനങ്ങൾ കടത്തിവിടുന്ന സർവീസ് റോഡ് ടാറിംഗ് നടത്തേണ്ടതുണ്ട്. രണ്ടു ദിവസം പെയ്ത മഴയോടെ ഈ ഭാഗം തകർന്നു തരിപ്പണമാവുകയും ചെയ്തു. ടാറിംഗിന്റെ പ്രവർത്തനങ്ങളും തുടങ്ങിയിട്ടില്ല. ഇഴഞ്ഞു നീങ്ങുന്ന അടിപ്പാത നിർമ്മാണവും നഗരത്തിലെ ഗതാഗതക്കുരുക്കും എല്ലാ വിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുകയാണ്.