paddy-fields

വിതുര: മലയോരമേഖലകളിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗമായിരുന്ന നെൽകൃഷിയും കാലിവളർത്തലും നശിക്കാൻ തുടങ്ങിയതോടെ നട്ടം തിരിയുന്നത് ഇവിടുത്തെ ജനങ്ങളാണ്. ആകെയുള്ള വരുമാന മാർഗവും അടഞ്ഞതോടെ പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ് ഓരോ കർഷക കുടുംബങ്ങളും. റോഡ് വക്കിലെ കൃഷിപാടങ്ങൾ റിയൽ എസ്റ്റേറ്റുകാർ മണ്ണിട്ട് നികത്തിയതോടെ വൻ തോതിലാണ് വയലുകൾ മണ്ണിട്ട് നികത്തി വൻ വിലയ്ക്ക് ഭൂമി മറിച്ചുവില്ക്കുമ്പോൾ ഇവിടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന കർഷകരുടെ അത്താണിയാണ് നശിച്ചത്. ഒപ്പം വെള്ളത്തിന്റെ ക്ഷാമവും മലയോരമേഖലയെ പിടികൂടിയതോടെ നെൽകൃഷിയുടെ നാശം പൂർണമായി. നെൽകൃഷി ചെയ്യാൻ കഴിയാതെ വന്നതോടെ പലരും വഴ, പച്ചക്കറി, മരച്ചീനി തുടങ്ങിയ കൃഷികളിലേക്കും കർഷകർ തിരിഞ്ഞു. എന്നാൽ നെൽകൃഷിയെ ആശ്രയിച്ച് നടത്തിയ പശുവളർത്തലും വൈക്കോൽ കിട്ടാതായതോടെ നിലച്ചു. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ വയലേലകളിൽ തൊണ്ണൂറ് ശതമാനത്തിലും ഇതിനകം മണ്ണ് നിറഞ്ഞു കഴിഞ്ഞു. വയലുകൾ നികത്തിയത് കുടിവെള്ളപ്രശ്നം രൂക്ഷമാകുവാനും ഇടയാക്കിയിട്ടുണ്ട്.

നെൽപ്പാടങ്ങൾ ഇന്ന് വാഴത്തൊപ്പുകൾ


ഗ്രാമപഞ്ചായത്തിലെ എല്ലാ പാടങ്ങളും ഇപ്പോൾ വാഴത്തോപ്പുകളാണ്. നെൽകൃഷി നഷ്ടമായതോടെ മണ്ണിട്ട് നികത്തിയ നെൽപ്പാടങ്ങൾ പലരും വൻ വിലയ്ക്കാണ് വിറ്റത്. ചിലർ മറ്റ് കൃഷിയെ ആശ്രയിച്ചു. കൃഷി ഒന്നും ചെയ്യാൻ കഴിയാത്തവർ വയലേലകൾ തരിശാക്കി ഇടാനും തുടങ്ങി. ഇപ്പോൾ പുരഷസംഘങ്ങളും കുടുംബശ്രീ പ്രവർത്തകരും കൃഷി ഇറക്കുകയാണ് പതിവ്.


വയ്ക്കോലിന് തീവില
നെൽകൃഷി അപ്രത്യക്ഷമായതോടെ വയ്ക്കോലിന് തീവിലയായി. ഒരു പിടി വയ്ക്കോലിന് ഇപ്പോൾ 35 രൂപയാണ് വില. കഴിഞ്ഞ വർഷം 25 രൂപയ്ക്കോണ് വിറ്റിരുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റുമാണ് മലയോരമേഖലയിൽ വയ്ക്കോൽ എത്തുന്നത്.

 വൈക്കോലിന് തീ വില

ഒരു പിടി വൈക്കോലിന് 35 രൂപ

 കഴിഞ്ഞ വ‌ർഷം....25 രൂപ


കാലികർഷകർക്ക് ശനിദശ
നെൽകൃഷി നഷ്ടമാണെന്ന പേരിൽ വയലേലകൾ വ്യാപകമായി നികത്തിയത് കന്നുകാലികർഷകർക്കും തിരിച്ചടിയായി. കാലികൾക്ക് നൽകുവാൻ വൻ വിലക്ക് വൈയ്ക്കോൽ വാങ്ങേണ്ട അവസ്ഥയാണ് നിലവിൽ. വൻ വിലകൊടുത്ത് വൈക്കോൽ വാങ്ങാൻ കഴിയാത്ത പല കർഷകരും ഇപ്പോൾ കന്നുകാലിവളർത്തൽ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

നടപടികൾ കടലാസിൽ

വയലുകൾ നികത്തുന്നവർത്തെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അടിക്കടി സർക്കാർ പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപ്പിലാകാറില്ല. മാത്രമല്ല, നെൽപ്പാടങ്ങൾ നികത്തുമ്പോൾ പ്രതിഷേധവുമായി എത്തുന്ന രാഷ്ട്രീയക്കാർ വരെ പിന്നീട് ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നെൽകൃഷിയെ സംരക്ഷിക്കുവാൻ ആവിഷ്ക്കരിക്കുന്ന മിക്ക പദ്ധതികളും ഫലം കാണാറുമില്ല.