പീഡോഫിലിക് ആയവരെ ജയിലിൽ അയയ്ക്കാനും കൊല്ലാനുമാണ് സമൂഹം ആവശ്യപ്പെടുന്നത്.എന്നാൽ ഇവരെ വൈകൃതത്തിൽ നിന്ന് മുക്തരാക്കിയാൽ നിരവധി കുട്ടികളെ ചൂഷകരുടെ വലയിൽ നിന്ന് രക്ഷിക്കാം""- പോൾ ജോൺസിന്റെ വാക്കുകളാണിത്. 2012ൽ ഒരു പീഡോഫിലിക്ക് കൊലപ്പെടുത്തിയ എപ്രിൽ ജോൺസിന്റെ അച്ഛൻ. അനിഷ്ട സംഭവങ്ങൾ നടന്ന് കഴിഞ്ഞാൽ അതിനെക്കുറിച്ച് പരിതപിക്കുകയും അതിലുൾപ്പെടുന്നവരെ വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതാണ് പൊതുസ്വഭാവം. ഈ സംസ്കാരം മാറണം. സമൂഹത്തിന്റ പല ധാരകളിലുള്ളവർ ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആദ്യം വേണ്ടത് ശാസ്ത്രീയമായ വിലയിരുത്തലാണ്.
എന്തുകൊണ്ട് കുട്ടികൾ
പ്രതികരിക്കാനുള്ള ശേഷിയില്ലായ്മയാണ് കുട്ടികളെ ചൂഷണം ചെയ്യാൻ പ്രേരകമാവുന്നത്. ഭീഷണിപ്പെടുത്തിയാൽ കുട്ടികൾ പെട്ടെന്ന് കീഴടങ്ങും. അവരെ പ്രലോഭിപ്പിക്കാനും എളുപ്പമാണ്. ചൂഷകരുടെ വലയിൽ വീഴുന്നതിന് കുട്ടിയുടെ കുടുംബാന്തരീക്ഷത്തിനും പങ്കുണ്ട്. പൊതുവെ ആരോഗ്യകരമായ ലൈംഗിക സാക്ഷരതയില്ലാത്ത സമൂഹമാണ് നമ്മുടേത്. ലൈംഗിക അരാജകത്വത്തിന്റെ വിത്തുകൾ വീഴുന്നതോടുകൂടി ഇത്തരം വൈകൃതങ്ങൾക്ക് അടിമകളാകുന്നു. കുട്ടികളെ ബോധവത്കരിക്കുന്നതിലുള്ള മാതാപിതാക്കളുടെ വൈമനസ്യവും കുട്ടികൾ കെണിയിൽ പെടാൻ കാരണമാകുന്നു. കുട്ടിയുമായി സൗഹൃദമുണ്ടാക്കിയും കുട്ടിയുടെ ആവശ്യങ്ങൾ മനസിലാക്കിയും പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കുന്ന വാർത്തകൾ നമുക്ക് പുതുമയല്ലല്ലോ.
പീഡോഫിലിക്
പ്രായപൂർത്തിയായ മറ്റൊരു വ്യക്തയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ സംതൃപ്തി ലഭിക്കാതെ വരികയും കുട്ടികളെ മാത്രം ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന ആളാണ് പീഡോഫിലിക്. തന്റെ ലൈംഗികതയിലുള്ള ആത്മവിശ്വാസക്കുറവ് ഇവരുടെ പ്രത്യേകതയാണ്.
പീഡോഫിലിക് ; കാരണങ്ങൾ
കുട്ടിക്കാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ളവർ പീഡോഫിലിക് ആകാൻ സാദ്ധ്യതയുണ്ട്. കുട്ടിക്കാലത്ത് ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നവർക്ക് രണ്ട് തരത്തിൽപ്പെട്ട സ്വഭാവം കൈവരും. ലൈംഗികതയോട് വിരക്തി തോന്നുന്ന സ്വഭാവമാണ് ഒരു കൂട്ടർക്കെങ്കിൽ അമിതമായ ലൈംഗിക ആസക്തിയായിരിക്കും മറ്റൊരു വിഭാഗത്തിന്.
ലൈംഗിക ജീവിതത്തിലെ അതൃപ്തി
വിവാഹ ജീവിതത്തിലെ ലൈംഗിക അസംതൃപ്തി പോൺ വീഡിയോകൾക്ക് പിന്നാലെ പോകാൻ കാരണമാണ്. എന്നാലിത് പരിധി വിട്ടുകഴിയുമ്പോൾ ചൈൽഡ് പോർണോഗ്രാഫിയിലേക്ക് തിരിയുന്നതായി വിലയിരുത്തപ്പെടുന്നു.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ
അനിയന്ത്രിതമായ ലഹരി ഉപയോഗം സ്ഥിരബുദ്ധിയെ മന്ദീഭവിപ്പിക്കുകയും രതിവൈകൃതങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യുന്നു.
പോൺ വീഡിയോകൾ കാണുന്നവർ
മന:ശാസ്ത്രജ്ഞൻ പറയുന്നത് പോൺ വീഡിയോകൾ ഒരു പരിധി കഴിഞ്ഞാൽ ഒരാളിൽ വികാരപരമായി ഒന്നും സൃഷ്ടിക്കില്ലെന്നും കൂടുതൽ പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്ന വ്യക്തികൾ വൈകൃതങ്ങൾക്ക് അടിമപ്പെട്ടുപോകുമെന്നുമാണ്. ഈ സമയത്ത് കുട്ടികളുമായി ബന്ധപ്പെട്ട വീഡിയോകൾ കാണുന്നതിന് സാദ്ധ്യത കൂടുതലാണ്. ഇത് ക്രമേണ ചൈൽഡ് പോർണേഗ്രാഫിയിലേക്ക് നയിക്കും.
എന്തുകൊണ്ട് വർദ്ധന ?
ചെറുപ്പകാലത്ത് ലൈംഗിക ചിന്തകൾ ഉടലെടുക്കുമ്പോൾ അവ അറിയാൻ ഇന്നത്തേതു പോലുള്ള സൗകര്യങ്ങൾ കുറവായ സാഹചര്യത്തിൽ ജീവിച്ചവരാണ് ഇന്ന് കൂടുതലായും ഇത്തരത്തിലുള്ള വീഡിയോകൾക്ക് പിന്നാലെ പോകുന്നത് . അന്ന് ഇതിനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും കുറവായിരുന്നു. എന്നാലിന്ന് അതല്ല അവസ്ഥ.
ബോധവത്കരണം കുട്ടിക്കും
അപരിചിതർ എന്തെങ്കിലും നൽകാമെന്നോ മറ്റോ പറഞ്ഞ് പ്രലോഭിപ്പിച്ച് അടുത്തു കൂടുകയാണെങ്കിൽ 'നോ ' പറയാൻ കുട്ടിക്ക് കഴിയണം. സമൂഹമാദ്ധ്യമങ്ങളുടെ അനാവശ്യമായ ഉപയോഗം നിയന്ത്രിക്കണം. രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളെ ബോധവത്കരിക്കണം.
ചികിത്സ
ലൈംഗിക വൈകൃതങ്ങൾക്കുള്ള ചികിത്സയാണ് ഓർഗാസമിക്ക് റീ -കണ്ടീഷണിംഗ് . ഇതിലൂടെ രോഗമുക്തി നേടാം. അസ്വാഭാവികമായ ലൈംഗിക ആസക്തിക്ക് പകരം സ്വഭാവിക ലൈംഗിക സ്വഭാവം വികസിപ്പിച്ചെടുക്കുകയാണ് ഇതിൽ പ്രധാനം. അധികം പഴക്കമില്ലാത്ത സ്വഭാവമാണെങ്കിൽ വേഗത്തിൽ ചികിത്സിച്ച് മാറ്റാം. കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ചികിത്സ ലഭ്യമാണ്. പരിശീലനം സിദ്ധിച്ച മനോരോഗ വിദഗ്ദ്ധരാണ് ചികിത്സിക്കുക.
ചൈൽഡ് പോർണോഗ്രഫിക്ക് വിധേയമാകുന്ന കുട്ടികളെ ഈ അനുഭവം കാലങ്ങളോളം വേട്ടയാടുന്നു എന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. മാനസിക വൈകൃതങ്ങൾക്കടിമപ്പെടുന്ന കുട്ടികൾ സമൂഹത്തിൽ വെറുക്കപ്പെട്ടവരായി മാറി ക്രമേണ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരും. കേരളത്തിലെ കുട്ടികളുടെ വീഡിയോകളും ഇത് പോലെ ഇന്റർനെറ്റിൽ പാറിപ്പറക്കുന്നണ്ടെന്ന യാഥാർത്ഥ്യം കാണാതിരുന്നു കൂടാ. കേരളത്തിലും ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരുന്നതിനാൽ കുട്ടികളെ സുരക്ഷിതരാക്കേണ്ടത് സമൂഹത്തിന്റെ കൂടി ചുമതലയാണ്.
സ്വന്തം കുട്ടികൾക്കും വിന
ഇത്തരം വീഡിയോകൾ ഒരേ വ്യക്തി ഓരോ തവണ കാണുമ്പോഴും നിർമ്മാതാവിന് സാമ്പത്തിക നേട്ടം ലഭിക്കുന്നു. കൂടുതലാളുകൾ കാണുന്നതിനനുസരിച്ച് പരസ്യങ്ങൾ കിട്ടുന്നു. ഇത് വൻ സാമ്പത്തിക ലാഭം കൊയ്യാൻ നിർമ്മാതാവിന് അവസരമൊരുക്കുന്നു. ഇതാണ് കൂടുതൽ കുട്ടികളെ ചൂഷണം ചെയ്ത് വീഡിയോകൾ നിർമ്മിക്കാൻ പ്രേരണയാകുന്നത്. ഇത്തരം വീഡിയോകൾ ആസ്വദിക്കുന്ന ഓരോരുത്തരും സ്വന്തം കുട്ടികൾക്ക് തന്നെയാണ് വിനയാകുന്നത്.
ഡോ.അരുൺ.ബി.നായർ
സൈക്യാട്രിസ്റ്റ്
മെഡിക്കൽ കോളേജ്
തിരുവനന്തപുരം
കുട്ടി 'നോ "പറയട്ടെ
നല്ലതല്ല എന്ന് തോന്നുന്ന കാര്യങ്ങൾ ഒരാൾ പറഞ്ഞാൽ അത് മാതാപിതാക്കളോടോ ഏറ്റവും അടുപ്പമുള്ള മുതിർന്നവരോടോ തുറന്ന് പറയണമെന്ന് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുക. നമ്മുടെ സ്വകാര്യ നിമിഷങ്ങൾ, നഗ്നത എന്നിവ മറ്റൊരാൾക്ക് കൈമാറാൻ പാടില്ലെന്ന് ചെറുപ്പത്തിൽ തന്നെ വ്യക്തമായി പറഞ്ഞ് മനസിലാക്കണം.
ഡോ. സി.ജെ.ജോൺ
മാനസികാരോഗ്യ വിദഗ്ദ്ധൻ
പ്രചാരത്തിന് പിന്നിൽ
പണ്ട് മുതലേയുള്ളതാണ് ചൈൽഡ് പോർണോഗ്രഫി. പക്ഷേ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ടാബ് മുതലായവയുടെ ലഭ്യത വർദ്ധിച്ചതാണ് ഇത്തരം വീഡിയോകളുടെ വൻ പ്രചാരത്തിന് ഇടയാക്കിയത. ഇത് നിരീക്ഷിക്കാൻ സർക്കാരിന് കീഴിൽ പ്രത്യേക സംവിധാനങ്ങളുള്ളത് നല്ല കാര്യമാണ്.
മനു സ്കറിയ
ഐ.ടി വിദഗ്ദ്ധൻ
പ്രായം തിരിച്ച് വീഡിയോ
ഇത്തരം ദൃശ്യങ്ങൾ ലഭ്യമായില്ലെങ്കിൽ അക്രമാസക്തരാകുന്ന ആളുകളുണ്ട്. കുട്ടികളുടെ പ്രായം പറഞ്ഞ് ഉപവിഭാഗങ്ങളാക്കി തിരിച്ച് വീഡിയോ കാണിക്കുന്നവരുണ്ട്. ആവശ്യക്കാർ കൂടുതലാവുകയും വിഭവം കുറയുകയും ചെയ്താൽ അവിടെ പണമിടപാട് തുടങ്ങും.
വി.കെ.ആദർശ്
ചീഫ് മാനേജർ (ടെക്നിക്കൽ )
യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ
24 മണിക്കൂർ ചൈൽഡ് പോർണോഗ്രഫിക്ക് സെൽ
സമൂഹമാദ്ധ്യമങ്ങളിൽ അയയ്ക്കുന്ന സന്ദേശം മൂന്നാമതൊരാൾക്ക് കാണാനാവാത്ത സൗകര്യം (എൻക്രിപറ്റ്ഡ്) വന്നതോടുകൂടി ഇത്തരം വീഡിയോകൾ കാണുന്നവർക്ക് എളുപ്പത്തിൽ രക്ഷപ്പെടാനാവുമായിരുന്നു. ഇത് തടയാനാണ് ഇന്റർപോളുമായി സഹകരിച്ച് സൈബർ ഡോമിൽ ചൈൽഡ് പോർണോഗ്രഫിക്കായി പ്രത്യേക വിഭാഗമുണ്ടാക്കിയിരിക്കുന്നത്. അത് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഇന്റർപോളിന്റെ ചില ടൂൾസും സൈബർഡോമിന് തന്നിട്ടുണ്ട്.
വീഡിയോകൾ സെർച്ച് ചെയ്താലും ഷെയർ ചെയ്താലും ഈ ടൂൾസ് ഉപയോഗിച്ച് ,
കണ്ടെത്താൻ കഴിയും. ഇതുവരെ 32 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ചൈൽഡ് പോർണോഗ്രഫിക്ക് സെൽ. തുടർന്നും ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ട് പോകും.
മനോജ് എബ്രഹാം എ.ഡി.ജി.പി ഹെഡ്ക്വാർട്ടേഴ്സ് & നോഡൽ ഓഫീസർ, കേരള പൊലീസ്
( അവസാനിച്ചു )