കേരളകൗമുദിയിൽ മേയ് 28 ന് പ്രസിദ്ധീകരിച്ച വായനക്കാർ പറയുന്നു എന്ന പംക്തിയിൽ സി.ആർ. രാജശേഖരൻ പിള്ളയുടെ കത്തു വായിച്ചു. വിമർശനവും സ്വയം വിമർശനവും ആ പാർട്ടിയിൽ ഇല്ലാതായിട്ട് കാലം അധികമായി. ഉള്ളതു നഷ്ടപ്പെടുത്തേണ്ട എന്ന ശൈലിയാണ് എല്ലാ നേതാക്കൾക്കും. സ്വന്തം പാർട്ടിക്കാരൻ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആയിരിക്കുന്ന സംസ്ഥാനത്ത് സഖാക്കൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു നിയമസമാധാനം തകർക്കാൻ നോക്കുന്നതും പ്രദേശത്തെ പ്രവർത്തനത്തിൽ നിയമം കൈയിലെടുക്കുന്നതും തിരഞ്ഞെടുപ്പു പടിവാതിൽ എത്തിയപ്പോൾ തന്നെ അരുംകാെല നടത്തുന്നതും മലർന്നുകിടന്നു തുപ്പുന്നതിനും നിൽക്കുന്നിടം കുഴിക്കുന്നതിനും തുല്യമല്ലേ? താഴെത്തട്ടിലുള്ള പ്രവർത്തകരെ പാർട്ടിക്കു നിയന്ത്രിക്കാൻ കഴിയണം. അല്ലെങ്കിൽ അവർ സമൂഹത്തിനു നൽകുന്ന നന്മയുടെ പ്രഭ ഇല്ലാതാകും. ജനക്കൂട്ടത്തിന് പിന്നാലെ പാർട്ടി പോകുന്നത് ഒഴിവാക്കാൻ ശ്രമിക്കണം.
ജനത്തിനുവേണ്ടിയും നിയമ നടത്തിപ്പിനുവേണ്ടിയും നിലകൊള്ളുന്നവരെയെല്ലാം ധാർഷ്ട്യക്കാരായും അഹങ്കാരികളായും അനുസരണ ഇല്ലാത്തവരും ധിക്കാരികളും ആയി ചിത്രീകരിച്ചു നശിപ്പിക്കേണ്ടത് അധീശ ശക്തികളുടെ ആവശ്യമായി മാത്രം കണ്ടാൽ മതി. അധീശ ശക്തികൾ അവരുടെ ആധിപത്യം തുടരുന്നതിന് ആടിനെ പട്ടിയായും പട്ടിയെ പേപ്പട്ടിയായും ചിത്രീകരിച്ചു നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നുകൂടി സി.ആർ. രാജശേഖരൻ പിള്ള ഓർക്കണമായിരുന്നു.
വി.എസ്. യശോധരപ്പണിക്കർ
അടൂർ.
ഫോൺ : 9400929105.