അസ്ഥികൾ തണുത്തുറഞ്ഞ് പോകുന്ന തണുപ്പിലും മനുഷ്യർക്ക് ജീവിക്കാം. തൊലി പൊള്ളിപ്പോകുന്ന മരുഭൂമിയിലും ജീവിക്കാം. പക്ഷെ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ആഹാരം, വെള്ളം , വായു ഇവയില്ലാതെ എത്രകാലം മനുഷ്യർക്ക് ജീവിക്കാനാകുമെന്ന് ? ഓരോ മനുഷ്യരിലും ഇത് വ്യത്യസ്തമായിരിക്കും. എന്നാൽപ്പോലും റൂൾ ഓഫ് ത്രീ എന്ന രീതിയിലാണ് ഇതിനെ നിർവചിക്കുന്നത്. മൂന്ന് മിനിറ്റ് വായുവില്ലാതെയും, മൂന്ന് ദിവസം വെള്ളമില്ലാതെയും, മൂന്നാഴ്‌ച ആഹാരമില്ലാതെയും എന്നാണ് ഈ കണക്കു പ്രകാരം നിർവചിച്ചിരിക്കുന്നത്. ഈ അത്യാവശ്യ ഘടകങ്ങളുടെ ഇന്നത്തെ സ്ഥിതി കൂടെ ഒന്ന് നോക്കാം. നാം കഴിക്കുന്ന മിക്ക ആഹാരവും എന്തെങ്കിലും മായം കലർന്നതാണെന്നതിനു ഒരു സംശയവുമില്ല. വെള്ളമാണെങ്കിലോ? കടൽ ഉൾപ്പെടെ എല്ലാ ജലാശയങ്ങളും , നമ്മൾ കീടനാശിനികളും പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും കൊണ്ട് മലിനമാക്കിക്കഴിഞ്ഞു. എത്രയോ ജലജീവികൾക്ക് വംശനാശം വന്നു. എത്രയോ എണ്ണം മാഞ്ഞു പോകാൻ ദിനം എണ്ണി കാത്തിരിക്കുന്നു. ആഗോളതാപനം കാരണം ശുദ്ധജലത്തിന്റെ പ്രധാന സ്രോതസുകളായ മഞ്ഞുമലകൾ ഓരോ ദിവസം കഴിയുന്തോറും നേർത്ത് വരുന്നു.
മൂന്ന് മിനിറ്റ് ലഭിച്ചില്ലെങ്കിൽ നാം മരിച്ചു പോകുന്ന പ്രാണവായുവിന്റെ കാര്യം നോക്കാം. ഓരോ ദിവസവും രാവിലെ പുറത്തിറങ്ങി പഠിത്തമോ , ജോലിയോ കഴിഞ്ഞു തിരിച്ചു വീട്ടിൽ വരുന്നതിനിടയ്ക്കു നാം റോഡിൽ വെച്ച് എത്ര പ്രാവശ്യം ശ്വാസം മുട്ടി ചുമച്ചിട്ടുണ്ട് എന്നോർത്തു നോക്കുക. അപ്പോൾ പ്രാണവായുവിന്റെ സ്ഥിതി മനസിലാവും. അന്തരീക്ഷത്തിലുള്ള വിവിധതരം വിഷകണികകളും മറ്റ് വാതകങ്ങളും ഓക്‌സിജനിൽ കലരുമ്പോഴാണ് പ്രാണവായു മലിനമാവുന്നത് . അഞ്ച് പ്രധാന ഘടകങ്ങളാണ് വായുവിന്റെ മലിനകാരണം ആയി കണ്ടെത്തിയിട്ടുള്ളത്. ഗ്രൗണ്ട് ലെവൽ ഓസോൺ, പാർട്ടിക്കിൾ പൊല്യൂഷൻ , കാർബൺ മോണോക്‌സൈഡ് , സൾഫർ ഡയോക്‌സൈഡ്, നൈട്രജൻ ഡയോക്‌സൈഡ് എന്നിവയാണ് ഇവ. സൂര്യപ്രകാശത്തിൽ അന്തരീക്ഷത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ പ്രതിഫലനമായി അന്തരീക്ഷത്തിൽ ഓസോൺ ഉണ്ടാവുന്നു. ഭൂമിയുടെ ഉപരിതലത്തിനു തൊട്ടുമുൻപുള്ള ഓസോൺ പാളി സൂര്യനിലെ തീവ്രരശ്മികളായ അൾട്രാ വയലറ്റ് രശ്മികളെ തടയുമ്പോൾ ഫാക്ടറികളും വാഹനങ്ങളും പുറംതള്ളുന്ന വാതകങ്ങൾ പ്രവർത്തിച്ചുണ്ടാകുന്ന ഓസോൺ വളരെയധികം മാരകശേഷിയുള്ളതാണ്. ലങ് കാൻസർ ഉൾപ്പെടെ എല്ലാവിധ ശ്വാസകോശ രോഗങ്ങൾക്കും ഇതൊരു പ്രധാന കാരണവുമാണ്.
എയർ ക്വാളിറ്റി ഇൻഡക്‌സിന്റെ ചാർട്ടിൽ കേരളം ചിലയിടങ്ങളിൽ ഗ്രീനും , കൊച്ചി പോലെയുള്ള മറ്റു ചിലയിടങ്ങളിൽ യെല്ലോയുമാണ്. ഇതിനപ്പുറം പോകുന്നതിനെപ്പറ്റി ചിന്തിക്കുകയേ വേണ്ട. ഡൽഹി യെല്ലോ കാറ്റഗറിയാണ്. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും ഗ്രീൻ യെല്ലോ എന്നീ കാറ്റഗറികളിൽ വരുമ്പോൾ ചുരുക്കമായെങ്കിലും ഓറഞ്ച്, റെഡ്,പർപ്പിൾ എന്നീ കാറ്റഗറികളിൽ വരുന്ന നഗരങ്ങളും ഉണ്ട്.
ലോകത്ത് പ്രതിവർഷം 70 ലക്ഷം ആൾക്കാർ വായു മലിനീകരണം കാരണം മരിക്കുമ്പോൾ അതിൽ 14 ലക്ഷം പേർ ഇന്ത്യയിൽ നിന്നാണെന്നത് പേടിപ്പിക്കുന്ന വസ്തുതയാണ്. എങ്ങനെ നമുക്ക് ഇതിൽ നിന്ന് രക്ഷപെടാം എന്ന് ചോദിച്ചാൽ മരങ്ങൾ മാത്രമേയുള്ളു നമ്മുക്കൊരു രക്ഷ . വായു മലിനീകരണം എന്ന തീം ഉയർത്തിപ്പിടിക്കുന്ന ഈ ലോക പരിസ്ഥിതി ദിനത്തിൽ അതിന്റെ മാർഗങ്ങൾ ഓരോന്നായി നാം കാണേണ്ടതു തന്നെ. വൈകിയാണെങ്കിലും. എവിടെയെങ്കിലും പേരിന് രണ്ടു മൂന്ന് മരങ്ങൾ നട്ടുവളർത്തി നമ്മളിതിനെ പ്രതിരോധിച്ചു എന്ന് പറയാനാവില്ല. ഫലപ്രദമായ വേറെ മാർഗങ്ങൾ തേടണം . ലോകം മുഴുവൻ വിവിധ മാർഗ്ഗങ്ങൾ ഇതിനകം നടപ്പാക്കി കഴിഞ്ഞു. ചൈന ലോകത്തെ ഏറ്റവും വലിയ എയർ പ്യൂരിഫൈർ ടവർ ആയ ആന്റി സ്‌മോഗ് ടവർ സ്ഥാപിച്ചു. ലണ്ടനിൽ വലിയ കെട്ടിടങ്ങളിൽ ആൽഗെ കർട്ടനുകൾ എന്നറിയപ്പെടുന്ന ബയോ കർട്ടനുകൾ സ്ഥാപിക്കുന്നു. മലിനമായ അന്തരീക്ഷവായു ഈ കർട്ടനുകളിൽ ഉള്ള പായലിന്റെ ജെൽ തരികളിലൂടെ കടന്നു പുറത്തു വരുമ്പോൾ ഏതാണ്ട് 20 മരങ്ങൾ പുറത്തു വിടുന്ന ഓക്‌സിജന് തുല്യം ശുദ്ധമായിരിക്കും. നമ്മൾ ഇവിടെയൊക്കെ എത്താൻ ഇനിയും കുറേനാൾ കഴിയും എന്നുള്ളത് കൊണ്ട് തന്നെ നമുക്ക് ഫലപ്രദമായി എന്ത് ചെയ്യാമെന്ന് നോക്കാം. മൈക്രോ ഫോറെസ്റ്റ് എന്ന ആശയത്തിലേക്ക് കേരളം കടക്കണം. മരം നടീൽ സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തണം. ഒന്നാം ക്ലാസ്സിൽ ചേരുന്ന ഒരു കുട്ടി പത്താം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോഴേയ്ക്ക് 50 നല്ല മരങ്ങൾ വെച്ചിരിക്കണം. അത് സ്‌കൂൾ റെക്കോർഡുകളിൽ രേഖപ്പെടുത്തുന്ന രീതിയിൽ തന്നെ ഉൾപ്പെടുത്തുകയും വേണം.
ഒരു കൂൾ ഓക്‌സിജൻ സോണിൽ ജീവിക്കുന്നതിന്റെ എല്ലാ ആരോഗ്യകരമായ പ്രയോജനവും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കുമുണ്ടാവും. ശുദ്ധമായ വായുവും വെള്ളവും ആഹാരവും മനുഷ്യന്റെ അവകാശമാണ്.അത് നേടിയെടുക്കാൻ മനുഷ്യനു മാത്രമേ കഴിയൂ.
-------------
ബോക്സ്
എയർ ക്വാളിറ്റി ഇൻഡക്‌സ് എന്ന സ്റ്റാൻഡേർഡ് പ്രകാരം ആണ് വായുവിന്റെ ശുദ്ധത നിർണയിക്കുന്നത്. 0 മുതൽ 500 വരെ വരെയുള്ള ഈ സ്‌കെയിലിൽ 0- 50 വരെ ഗുഡ് ഗ്രീൻ എയർ ആണ്. അതായത് യാതൊരു മാലിന്യവും കലരാത്ത നല്ല വായു.50 -100 വരെ തരക്കേടില്ലാത്ത വായു എന്നാണ്. ഇതിനെ യെല്ലോ നിറം കൊണ്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.100 നു മുകളിലേയ്ക്കു പോകുന്നതോടു കൂടി വായുവിന്റെ അശുദ്ധിയും കൂടിക്കൂടി വരുന്നു.500 എത്തുമ്പോഴേയ്ക്ക് അപകടകരം എന്ന നിലയിലും.
വായു നിലവാരം നിറം
0- 50 ഗുഡ് ഗ്രീൻ
51- 100 മോഡറേറ്റ് യെല്ലോ
101- 150 അൺ ഹെൽത്തി ഓറഞ്ച്
151- 200 വെരി അൺ ഹെൽത്തി റെഡ്
201- 300 എക്‌സ്ട്രീമിലി അൺ ഹെൽത്തി പർപ്പിൾ
301-500 ഹസാർഡസ് മെറൂൺ