തിരുവനന്തപുരം: സംസ്ഥാനത്താകെ സിദ്ധാശുപത്രി ഒന്നുമാത്രം. പക്ഷേ, സ്വന്തമായിട്ടൊരു കെട്ടിടമില്ലെന്ന പോരായ്മ ബാക്കി. ഇത് പരിഹരിക്കുന്നതിനു വേണ്ടി വള്ളക്കടവിൽ കെട്ടിടത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായിട്ടും ആശുപത്രി മാറുന്ന കാര്യത്തിൽ തീരുമാനമായില്ല. പുതിയ കെട്ടിടത്തിനായി പഴയത് പൊളിച്ച് നീക്കിയത് മുതൽ ഇവിടെ നിന്ന് രണ്ട് കിലോമീറ്ററിനപ്പുറത്തുള്ള വാടകക്കെട്ടിടത്തിലാണ് സിദ്ധാശുപത്രി പ്രവർത്തിക്കുന്നത്. പ്രശ്നം അവിടെയും തീരുന്നില്ല. കെട്ടിടത്തിന്റെ വാടകക്കുടിശിക വർദ്ധിച്ചതു കാരണം നിലവിലെ കെട്ടിടം ഉടൻ ഒഴിയണമെന്ന അന്ത്യശാസനം നൽകിയിരിക്കുകയാണ് ഉടമ.
ഇതോടെ ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലായി.
നിർമ്മാണം പൂർത്തിയാക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുന്ന അലംഭാവം കാരണമാണ് ആശുപത്രി കെട്ടിടം തുറക്കാൻ വൈകുന്നതെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി.
സിദ്ധാശുപത്രിയുടെ പുതിയ കെട്ടിടം
ഈഞ്ചയ്ക്കൽ ജംഗ്ഷന് സമീപം
നഗരസഭയുടെ 15 സെന്റിൽ
ഒരുങ്ങുന്നത് ഇരുനില കെട്ടിടം
1. പണി ആരംഭിച്ചത്: കഴിഞ്ഞ സർക്കാരിന്റെ കാലത്ത്
2. പുതിയ കെട്ടിടത്തിനായി രണ്ടുകോടി അനുവദിച്ചു
3. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മാണം
4. പണി ആരംഭിച്ചിട്ട് 2 വർഷം
പൂർത്തിയാക്കേണ്ട ജോലികൾ
കുടിവെള്ള കണക്‌ഷൻ
വൈദ്യുതി കണക്‌ഷനുകൾ
കുഴൽകിണർ
സോളാർ ഹീറ്റർ
മുകൾ നിലയിലേക്കുള്ള റാമ്പ്
സൂപ്രണ്ട് ഉൾപ്പെടെ മെഡിക്കൽ ഓഫീസർമാർ....3
കിടപ്പ് രോഗികൾ ..15
കെട്ടിട വാടക: 15 ലക്ഷം
വാടകക്കുടിശിക: 3 മാസം
►ഇപ്പോൾ പ്രവർത്തനം ഇങ്ങനെ
ഒ.പി രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ
രോഗികൾ- ഒ.പി 100 -120, ഐ.പി - 15
►പുതിയ കെട്ടിടത്തിലെ സൗകര്യങ്ങൾ
ഒ.പി കൗണ്ടർ, വിശ്രമ കേന്ദ്രം, പ്രത്യേക ഒ.പി വിഭാഗം, ടോയ്‌ലറ്റ് സൗകര്യം, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വാർഡുകൾ, പ്രത്യേക ഓഫീസ് കെട്ടിടം, പാർക്കിംഗ് സൗകര്യം.
►വരുമോ 50 കിടക്കകൾ?
ഭാവിയിൽ അമ്പത് കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാൻ കണക്കാക്കിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. മൂന്നാംനില പണികഴിപ്പിച്ച് അവിടെയാകും 50 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കുക. ഇതിനായി നഗരസഭ മുഖാന്തരം സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.
എന്താണ് സിദ്ധവൈദ്യം
പൗരാണിക ഭാരതീയ ആതുരചികിത്സാ സമ്പ്രദായമാണ് സിദ്ധവൈദ്യം. സിദ്ധ വൈദ്യം ആയുർവേദത്തെക്കാൾ പഴക്കമുള്ളതാണെന്നും, അല്ലെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. മഹാമുനി അഗസ്ത്യരുടെ ശിക്ഷണത്തിൽ മൈനാക പർവതത്തിൽ വച്ചാണ് സിദ്ധവൈദ്യം രൂപം കൊണ്ടത്. സിദ്ധം സിദ്ധി എന്ന വാക്കിൽ നിന്നാണ് സിദ്ധം എന്ന വാക്കുണ്ടായത്. സിദ്ധവൈദ്യം തെക്കേഇന്ത്യയിൽ ദ്രാവിഡ സന്യാസിമാരാൽ ഉണ്ടായതാണ്. പ്രധാനമായും തമിഴ്നാട്ടിലാണ് ഉരുത്തിരിഞ്ഞത്. തെക്കൻ കേരളത്തിലും ഇതിന്റെ വേരുകളുണ്ട്. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ഥങ്ങളെല്ലാം തന്നെ തമിഴിലാണ്.