rabbit

ലോകത്തിലെ ഏറ്റവും 'ക്യൂട്ട് ' ആയ ദ്വീപുകളിൽ ഒന്നാണ് ജപ്പാനിലെ ഓകുനോഷിമ. ഈ ദ്വീപിൽ അങ്ങോളമിങ്ങോളം ഓടിക്കളിക്കുന്ന പഞ്ഞിക്കെട്ടു പോലുള്ള നൂറുകണക്കിന് സുന്ദരൻ മുയലുകളാണ് ഇതിന് കാരണം. ആരെയും കൂസാതെ ജീവിതം ആസ്വദിച്ച് സ്വാതന്ത്ര്യത്തോടെ നടക്കുന്ന മുയലുകൾ ഇവിടുത്തെ അത്ഭുത കാഴ്‌ചയാണ്.

മുയലുകൾ എത്തുന്നതിന് മുമ്പ് ഓകുനോഷിമ ദ്വീപിന് ഒരു ഇരുണ്ട ഭൂതകാലം ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇവിടെയായിരുന്നു ജപ്പാനീസ് ആർമി രഹസ്യമായി വിഷവാതകങ്ങൾ ഉത്പാദിപ്പിച്ചിരുന്നത്. ദ്വീപിലെ വിഷവാതക മ്യൂസിയം അതിന്റെ അവശേഷിപ്പായി ഇന്നും നിലനിൽക്കുന്നു. പക്ഷേ, ഇപ്പോൾ മുയൽക്കുട്ടൻമാരാണ് ഇവിടത്തെ താരങ്ങൾ. മുയലുകൾ ഈ ദ്വീപിൽ എത്തിപ്പെട്ടതിന്റെ യഥാർത്ഥ കാരണം ആർക്കും അറിയില്ല. ഇവിടത്തെ വിഷവാതക ഫാക്‌ടറികളിലേക്ക് പരീക്ഷണത്തിന് മുയലുകളെ എത്തിച്ചിരുന്നുവെന്നും രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ അവശേഷിച്ചവയെ ഇവിടെ സ്വതന്ത്രമാക്കിയെന്നുമാണ് ചിലർ പറയുന്നത്. കുറേ സ്‌കൂൾ വിദ്യാർത്ഥികൾ എട്ട് മുയലുകളെ ഇവിടെ എത്തിച്ചെന്നും നിലനിൽപ്പിന് അനുയോജ്യമായ സാഹചര്യമായതിനാൽ ഇവയുടെ എണ്ണം കാലക്രമേണ ഗണ്യമായി വർദ്ധിച്ചു എന്നുമാണ് മറ്റൊരു വാദം. ഏതായാലും സഞ്ചാരികളുടെ മുഖ്യ ആകർഷണമായ ഈ മുയലുകൾ മനുഷ്യരോട് വളരെ ഇണക്കമുള്ളവയാണ്.