insurance

തിരുവനന്തപുരം:പട്ടികജാതിക്കാരുടെ അറിവില്ലായ്‌മയും സർക്കാരിന്റെയും പ്രൊമോട്ടർമാരുടെയും അലംഭാവവും കാരണം ഈ വിഭാഗത്തിലെ പെൺകുട്ടികൾക്കായി നടപ്പാക്കുന്ന 'വാത്സല്യനിധി' ഇൻഷ്വറൻസ് പദ്ധതി ഗുണഭോക്താക്കൾക്ക് പൂർണമായി പ്രയോജനപ്പെടുന്നില്ല. അപേക്ഷകരുടെ എണ്ണം വർദ്ധിക്കാത്തതാണ് കാരണം. കുടുംബത്തിന് യാതൊരു ചിലവും ഇല്ലാതെ പെൺകുട്ടിക്ക് 18 വയസാകുമ്പോൾ മൂന്ന് ലക്ഷം രൂപ കിട്ടുന്ന പദ്ധതിയാണിത്.

ഒന്നര വർഷം മുൻപ് ആരംഭിച്ച പദ്ധതിയിൽ സംസ്ഥാനത്താകെ 2,816 പേരാണ് ഇതുവരെ അംഗങ്ങളായിട്ടുള്ളത്. ഏറ്റവും കുറവ് അപേക്ഷകർ വയനാട് ജില്ലയിലാണ്. 40 പേർ മാത്രം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ - 499 പേർ.

പദ്ധതി ഇങ്ങനെ

പട്ടികജാതി വികസന വകുപ്പും എൽ.ഐ.സിയും ചേർന്നാണ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്. 2017ഏപ്രിൽ ഒന്നിനു ശേഷം ജനിച്ച പെൺകുട്ടികൾക്കാണ് ആനുകൂല്യം. കുട്ടി ജനിച്ച് ഒൻപത് മാസങ്ങൾക്കകം അപേക്ഷിക്കണം. മാതാപിതാക്കളുടെ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്. പ്രീമിയം സർക്കാരാണ് നൽകുന്നത്. കുട്ടിക്ക് 18 വയസ് പൂർത്തിയാകുമ്പോൾ മൂന്നുലക്ഷം രൂപ കിട്ടും

അറിവില്ലായ്‌മ തടസം

പ്രചാരണം കുറവായതിനാൽ പദ്ധതിയെ പറ്റി മാതാപിതാക്കൾക്ക് അറിവില്ലാത്തതാണ് അപേക്ഷ നൽകുന്നതിന് ഒരു തടസം. തദ്ദേശസ്ഥാപനങ്ങളിലെ എസ്.സി പ്രൊമോട്ടരാണ് അപേക്ഷകരെ കണ്ടെത്തേണ്ടത്. ഇവരുടെ ഫീൽഡ് വിസിറ്റ് കൃത്യമായി നടക്കുന്നില്ല. പദ്ധതിയെ പറ്റി പഞ്ചായത്തിലെ ജനപ്രതിനിധികളിൽ തന്നെ പലർക്കും അറിവില്ലെന്നും ആക്ഷേപമുണ്ട്.

ആനുകൂല്യങ്ങൾ

കുട്ടിയുടെ ചികിത്സയ്‌ക്കും അപകടത്തിനും കവറേജുണ്ട്. രക്ഷിതാക്കൾ മരിച്ചാൽ കുട്ടിയുടെ വിദ്യാർത്ഥിയായ സഹോദരന് ഇൻഷ്വറൻസ് കിട്ടും. പെൺകുട്ടി മരിച്ചാൽ കുടുംബത്തിന് ഇൻഷുറൻസ് നൽകും.

അതേസമയം, പദ്ധതിയെ പറ്റി അറിയാവുന്നവർ അപേക്ഷകരുടെ വരുമാന പരിധി ഉയർത്തണമെന്നും കുട്ടിയുടെ പ്രായപരിധിയിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ജില്ലകളിൽ രജിസ്റ്റർ ചെയ്‌തവർ

തിരുവനന്തപുരം - 329
കൊല്ലം - 240
പത്തനംതിട്ട - 145
ആലപ്പുഴ - 85
കോട്ടയം - 110
ഇടുക്കി - 77
എറണാകുളം - 300
തൃശൂർ - 422
പാലക്കാട് - 499
മലപ്പുറം -299
കോഴിക്കോട് -90
വയനാട് - 40
കണ്ണൂർ -101
കാസർകോട് -79


എസ് .സി പ്രൊമോട്ടർമാർ വഴി അർഹരായവരെ കണ്ടെത്തി അപേക്ഷ വാങ്ങാനുള്ള ശ്രമം നടക്കുകയാണ്. കുടുംബത്തിന്റെ വരുമാന പരിധിയിലും കുട്ടിയുടെ പ്രായപരിധിയിലും മാറ്റം വരുത്തില്ല .

ടോമി ചാക്കോ
ജോയിന്റ് ഡയറക്ടർ
പട്ടികജാതി വികസന വകുപ്പ്