മലപ്പുറം എസ്.പി ഷാജഹാൻ മെയിലിൽ വന്ന തന്റെ ട്രാൻസ്‌ഫർ ഓർഡറിലേക്കു നോക്കി ഒരു നിമിഷം ഇരുന്നു.
വയനാട് - കൽപ്പറ്റയിലേക്കാണു മാറ്റം. നിലമ്പൂർ സി.ഐ അലിയാർക്ക് എറണാകുളത്തിന്. സിവിൽ പോലീസ് ഓഫീസർ ഗംഗാധരന് കാസർകോട്ടേക്ക്!
എല്ലാത്തിനും പിന്നിൽ എം.എൽ.എ ശ്രീനിവാസ കിടാവിനു പങ്കുണ്ട് എന്നതിൽ തർക്കമില്ലായിരുന്നു ഷാജഹാന്.
പക്ഷേ ആക്സിഡന്റ് ഉണ്ടായതിനുശേഷം സി.ഐ അലിയാർക്ക് എന്തുപറ്റി? അതിനുമാത്രം ഉത്തരം ലഭ്യമായില്ല...
ഒരിക്കൽ കൂടി ഷാജഹാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വയർലസ് മെസേജു വഴി അന്വേഷണം നടത്തി.
ഒരിടത്തും ഒരു തുമ്പും ലഭിച്ചിട്ടില്ല...
ഭൂമി പിളർന്ന് അപ്രത്യക്ഷമായതുപോലെ അലിയാർ.
അതൊരു പ്ളാൻഡ് ആക്സിഡന്റല്ലേയെന്ന് ഇപ്പോൾ ഷാജഹാനു സംശയം. അങ്ങനെയെങ്കിൽ അലിയാർ ഇനി ബാക്കിയില്ല....
വടക്കേ കോവിലകം കേസ് ഇനി ശരിയായ രൂപത്തിൽ മുന്നോട്ടു പോകില്ലെന്ന് ഷാജഹാന് ഉറപ്പായി.
അത് ശരിയായിരുന്നു.
അന്നേ ദിവസം വൈകിട്ടുതന്നെ നിലമ്പൂർ സ്റ്റേഷനിൽ പുതിയ സി.ഐ എത്തി.
സി.ഐ ഋഷികേശ്!
കൈക്കൂലിക്കും ലോക്കപ്പ് മർദ്ദനത്തിനും കുപ്രസിദ്ധനായ ഋഷികേശ്.
നാലു സസ്പെൻഷൻ കിട്ടിയില്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഡിവൈ.എസ്.പി ആകേണ്ട ആളാണ്. കറുത്തിരുണ്ട ഒരു ആജാനുബാഹു. ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാം ആൾ ശരിയല്ലെന്ന്.
യൂണിഫോം ഉപയോഗിക്കുന്നതു പോലും വല്ലപ്പോഴും.
നിലമ്പൂർ സ്റ്റേഷനിൽ അയാൾ തന്റെ ജീപ്പിലാണ് എത്തിയത്.
ധനപാലനു പകരം പുതിയ എസ്.ഐ എത്തിയിട്ടില്ല.
പോലീസുകാർ ഋഷികേശിനെ കണ്ട് അറ്റൻഷനായി.
അയാൾ അവരെ നോക്കി.
പിന്നെ സി.ഐയുടെ കാബിനിലേക്കു കയറി.
ചാർജ് ഹാൻഡോവർ ചെയ്യാൻ അലിയാർ ഇല്ലാത്തതിനാൽ അയാൾ 'അസ്യൂം' ചെയ്തു ചാർജെടുത്തു.
പിന്നെ ആദ്യം ചെയ്തത് ഗംഗാധരനെ റിലീവ് ചെയ്യുകയാണ്.
മറ്റുള്ളവരെ ഋഷികേശ് തന്റെ കാബിനിലേക്കു വിളിപ്പിച്ചു. സംസാരിച്ചു തുടങ്ങിയതുതന്നെ ഇങ്ങനെ.
''ഡിപ്പാർട്ട്‌മെന്റിൽ എനിക്ക് നല്ല ചീത്തപ്പേരാണ്. നിങ്ങൾ കൂടി സഹകരിച്ചാൽ അത് കുറേക്കൂടി വർദ്ധിപ്പിക്കാൻ പറ്റും. പിന്നെ... എന്നെ ചതിക്കാമെന്നോ ഇവിടെ നിന്ന് അടുത്ത സമയത്തെങ്ങാനും ഓടിക്കാമെന്നോ ആരും കരുതണ്ടാ. നല്ലതായാലും ചീത്തയായാലും ഇവിടത്തെ കാര്യം എന്റെ തീരുമാനത്തിലായിരിക്കും. അണ്ടർസ്റ്റാന്റ്?"
ഋഷികേശ് എല്ലാവരെയും മാറിമാറി നോക്കി.
ആരും മിണ്ടിയില്ല.
പുറത്തേക്കു പൊയ്ക്കൊള്ളാൻ ഋഷികേശ് ആംഗ്യം കാട്ടി.
ഒരു ഹിംസ്ര ജന്തുവിന്റെ മുന്നിൽ നിന്നു രക്ഷപ്പെടുന്നതുപോലെ.
ഋഷികേശ് തന്റെ സെൽഫോൺ എടുത്തതും അതിൽ ഇങ്ങോട്ട് ഒരു കാൾ വന്നു.
അയാൾ നോക്കി.
എം.എൽ.എ ശ്രീനിവാസ കിടാവ്!
ഋഷികേശിന്റെ മുഖം തെളിഞ്ഞു.
''സാർ... ഞാൻ അങ്ങോട്ടു വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് കാൾ വന്നത്."
''വെരിഗുഡ്. ചാർജെടുത്തല്ലോ അല്ലേ?"
''യേസ് സാർ... നമുക്ക് കാണണം."
''കാണാം. ഷാർപ്പ് സെവൻ തേർട്ടിക്ക്. എന്റെ ഫാം ഹൗസിൽ. പിന്നെ.. ഞാൻ പറഞ്ഞതൊന്നും മറക്കരുത്."
ഋഷികേശ് ഒന്നു പിടഞ്ഞുണർന്നു.
''ഇല്ലെന്നേ.. ദേ. ഞാൻ തുടങ്ങുകയായി."
കാൾ മുറിച്ച അയാൾ പെട്ടെന്ന് എഴുന്നേറ്റു. കാബിനു പുറത്തുവന്നപ്പോൾ ആദ്യം കണ്ട മുഖം കോൺസ്റ്റബിൾ സഹദേവന്റേത്.
''ആ ചെറുക്കനെ ഇട്ടിരിക്കുന്ന സെല്ല് തുറക്ക്."
വിവേകിനെയാണ് ഉദ്ദേശിച്ചതെന്ന് സഹദേവനു മനസിലായി.
അയാൾ സെൽ തുറന്നു.
സി.ഐ അകത്തേക്കു കയറി. കാൽ കൊണ്ടു തട്ടി വാതിൽ ചാരി.
സെല്ലിന്റെ മൂലയിൽ ഇരുന്ന വിവേക് അപരിചിതനായ പോലീസ് ഉദ്യോഗസ്ഥനെ കണ്ട് ചാടിയെഴുന്നേറ്റു.
''അപ്പോൾ നീയാണു കക്ഷി!
മീശ കുരുത്തു തുടങ്ങിയപ്പോഴേ സ്വന്തം കാമുകിയെ കത്തിച്ചു കളഞ്ഞ ധീരൻ! കൊള്ളാം. നിന്നെയൊക്കെയാടാ വളർത്തേണ്ടത്."
''സാർ.. " വിവേക് ഞെട്ടിപ്പോയി.
''ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല സാർ... എല്ലാം അലിയാർ സാറിന് അറിയാം..." വിവേക് വിക്കി.
''അലിയാരോ?" ഋഷികേശ് ക്രൂരമായി ചിരിച്ചു. ''ഇനി ഈ കേസ് അന്വേഷിക്കുന്നത് അലിയാരല്ല. ഈ ഞാൻ. സി.ഐ ഋഷികേശ്. നിന്നെപ്പോലെയുള്ള കുട്ടിക്കുറ്റവാളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം."
വിവേകിന്റെ നട്ടെല്ലിനുള്ളിൽ ഒരു പഴുതാര ഇഴഞ്ഞു.
ഋഷികേശ് അവന്റെ തൊട്ടുമുന്നിലെത്തി.
''നീ അലിയാരോടു പറഞ്ഞത് എന്തും ആയിക്കൊള്ളട്ടെ. അത് എനിക്കറിയണ്ടാ. നടന്നത് മണിമണിയായി എന്നോടു പറഞ്ഞോടാ. എന്തിനാ ആ കോവിലകത്തെ കൊച്ചിനെ കൊന്നുകളഞ്ഞത്? പാഞ്ചാലിയെ! അവൾ പ്രഗ്‌നന്റ് ആയിരുന്നു അല്ലേ?"
''സാർ..." നിലവിളിച്ചുപോയി വിവേക്. ''പാഞ്ചാലി മരിച്ചെന്നോ?"
അവൾ കൊല്ലപ്പെട്ട കാര്യം അലിയാരോ മറ്റ് പോലീസുകാരോ അവനോടു പറഞ്ഞിരുന്നില്ല. അല്ലെങ്കിൽത്തന്നെ വിവേകിന് ഒന്നും ഓർമ്മയില്ലായിരുന്നല്ലോ.
''ദേ.. എന്റടുത്ത് വേഷം കെട്ട് എടുക്കല്ലേ.."
ഋഷികേശ് തന്റെ സെൽഫോണിലെ വീഡിയോ ക്ളിപ്പിംഗ് എടുത്ത് വിവേകിന്റെ മുഖത്തിനു നേർക്ക് പിടിച്ചു.
''നോക്കെടാ..."
വിവേക് തുറിച്ചുനോക്കി. കത്തിയെരിയുന്ന പാഞ്ചാലി.. തൊട്ടരുകിൽ താൻ...!''
സാർ.... വിവേക് എന്തോ പറയുവാൻ നാവനക്കി.
(തുടരും)