gard

വിഴിഞ്ഞം: മൺസൂൺ എത്തി, കടലിന്റെ ഭഗി നുകരാനെത്തുന്ന ടൂറിസ്റ്റുകളുടെ സംരക്ഷണം ഉറപ്പാക്കാൻ പൊരിവെയിലത്തും ലൈഫ് ഗാർഡുകൾക്ക് ഇപ്പോഴും സ്വയരക്ഷയ്ക്കള്ള ഉപകരണങ്ങൾ ഇല്ല. എങ്കിലും തീരത്തോട് മല്ലിടാനും സഞ്ചാരികളുടെ ജീവൻരക്ഷിക്കാനും ഇവർ സദാ കൂടെയുണ്ട്. കടലിൽ കുളിക്കുന്നവരുടെ സുരക്ഷ നോക്കുന്ന ലൈഫ് ഗാർഡുമാർക്ക് തീരത്ത് വിശ്രമിക്കുന്നതിന് വേണ്ടത്ര സംവിധാനങ്ങളോ കുടകളോ ഇല്ലെന്ന് പരാതിയുണ്ട്. രാവിലെ മുതൽ രാത്രി വൈകും വരെ ഡ്യൂട്ടിയുള്ള ഇവർ വേനൽ ചൂടിലും ചുട്ടുപഴുത്ത മണലിലും ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ നോക്കാതെ സദാ ജാഗരൂകരാണ്. സൂര്യാഘാതമേൽക്കാതിരിക്കാൻ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകുമ്പോഴും ലൈഫ് ഗാർഡുകൾ സദാ സമയവും യൂണിഫോം ധരിക്കുകയാണ്. കോവളത്തെ മൂന്നു ബീച്ചുകളിലുമായി ഒരു ദിവസം ഒരു ഷിഫ്റ്റിൽ 16 പേരാണ് ജോലി നോക്കുന്നത്. ഇവർക്ക് നൽകിയിരിക്കുന്ന കുടകൾ ഇരുമ്പ് നിർമ്മിതമായതിനാൽ ചൂടു കാരണം ഈ കുടകളുടെ ചുവട്ടിൽ ഇരിക്കാൻ സാധിക്കുന്നില്ലെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു. കോവളത്തെ ലൈഫ് ഗാർഡുകൾക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നുള്ളത് നേരത്തെയുള്ള പരാതിയാണ്. ജീവൻ രക്ഷാ ഉപകരണങ്ങൾ ആവശ്യത്തിനില്ല. ഇതിനു പുറമേ ഇവർക്ക് മുൻപ് ലഭിച്ചിരുന്ന ഫുഡ് അലവൻസും റിസ്ക് അലവൻസും വെട്ടിക്കുറച്ചതായും പരാതിയുണ്ട്.