ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഉൾപ്പടെ എല്ലാ ടീമുകളുടെയും ക്യാപ്ടൻമാർ ബെക്കിംഗ്ഹാം കൊട്ടാരത്തിൽ ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയെയും ഹാരി രാജകുമാരനെയും മറ്റ് രാജകുടുംബാംഗങ്ങളെയും സന്ദർശിച്ചിരുന്നു. റോയൽ ഫാമിലിയെ കാണാനെത്തിയ ക്യാപ്ടൻമാരെല്ലാം തന്നെ 'റോയൽ ലുക്കി 'ലായിരുന്നു. എല്ലാവരും സ്‌മാർട്ടായി കോട്ടും സ്യൂട്ടും ധരിച്ചാണ് രാജകീയ സന്ദർശനത്തിനെത്തിയത്. എന്നാൽ പാകിസ്ഥാൻ ടീമിന്റെ ക്യാപ്ടനായ സഫ്രാസ് അഹമ്മദ് മാത്രമായിരുന്നു ഇക്കൂട്ടത്തിൽ വ്യത്യസ്തൻ. തന്റെ രാജ്യത്തിന്റെ പരമ്പരാഗത വേഷം ധരിച്ചാണ് സഫ്രാസ് എത്തിയത്. വെള്ളനിറത്തിലെ സൽവാർ കമീസായിരുന്നു വേഷം. പാകിസ്ഥാൻ ടീമിന്റെ പച്ച നിറത്തിലുള്ള പുറംകുപ്പായവും ധരിച്ചിരുന്നു.
എന്നാൽ, പരമ്പരാഗത വസ്ത്രമണിഞ്ഞ് തലയെടുപ്പോടെ നിന്ന സഫ്രാസിന് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചപ്പോൾ ചിലർ അതിനെ വിമർശിക്കുകയും ചെയ്‌തു. പാകിസ്ഥാൻ വംശജനായ കനേഡിയൻ എഴുത്തുകാരനായ താരേക് ഫത്തഹും ട്രോളിയവരിൽ ഉൾപ്പെടുന്നു. സഫ്രാസ് 'ലുങ്കി - ബനിയൻ - തൊപ്പി' വേഷത്തിൽ എത്താതിരുന്നത് അത്ഭുതമായെന്നാണ് താരേക് ട്വിറ്ററിൽ കുറിച്ചത്. പാകിസ്ഥാൻ ആരാധകർ ഇതിനെതിരെ പ്രതികരിച്ചെങ്കിലും അത്ഭുതപ്പെടുത്തിയത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രതികരണമാണ്. സഫ്രാസിനെ പിന്തുണച്ച ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ, ഇംഗ്ലണ്ടിലെത്തുന്ന എല്ലാവരും കോട്ടും സ്യൂട്ടും തന്നെ ധരിക്കണോ എന്നും അങ്ങനെയെങ്കിൽ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും എത്തുന്ന വിദേശികൾ ഇവിടുത്തെ വസ്ത്ര ശൈലിയോണോ സ്വീകരിക്കുന്നതെന്നും റീ ട്വീറ്റ് ചെയ്‌തു.