വാഷിംഗ്ടൺ: വളർത്തുനായയെ തനിക്കൊപ്പം അടക്കണം.
ഉടമസ്ഥയുടെ ഈ ആഗ്രഹം നടപ്പാക്കാൻ നായയെ കൊന്ന് കത്തിച്ചശേഷം ചിതാഭസ്മം ഒരു കുടത്തിലടച്ച് ഉടമയ്ക്കൊപ്പം കല്ലറയിൽ അടക്കം ചെയ്തു.
അമേരിക്കയിലെ വെർജീനിയയിലാണ് സംഭവം. എമ്മ എന്നനായയുടെ ചിതാഭസ്മമാണ് ഉടയ്ക്കൊപ്പം അടക്കിയത്. ഏറെനാളായി കുടുംബത്തിൽ ഒരംഗത്തെപ്പോലെയായിരുന്നു നായ. താൻ മരിക്കുമ്പോൾ വളർത്തുനായയെ ദയാവധത്തിന് വിധേയമാക്കി ഒപ്പം അടക്കണം എന്ന് ഉടമസ്ഥ വിൽപ്പത്രം എഴുതിയിരുന്നു.
ഉടമ മരിച്ചതോടെ വിൽപത്രത്തിലെ ആഗ്രഹപ്രകാരം എമ്മയെ ദയാവധത്തിന് വിധേയയാക്കി. പിന്നീട് മൃതദേഹം ഇലക്ട്രിക് ശ്മശാനത്തിൽ ദഹിപ്പിച്ചു. ചിതാഭസ്മം കുടത്തിലാക്കി ഭദ്രമായി അടച്ച് ഉടമസ്ഥയുടെ കല്ലറയിൽ വയ്ക്കുകയായിരുന്നു.
ആരാേഗ്യപ്രശ്നങ്ങൊന്നുമില്ലാത്ത എമ്മയെ ദയാവധത്തിന് വിധേയമാക്കിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മൃഗസംരക്ഷണ വകുപ്പുകാരും മൃഗസ്നേഹികളും എമ്മയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഉടമയുടെ വക്കീൽ വഴങ്ങിയില്ല. വെർജീനിയിലെ നിലവിലെ നിയമപ്രകാരം ഇത്തരം ദയാവധം നടപ്പിലാക്കാനുള്ള അവകാശം നായയുടെ ഉടമസ്ഥനാണ്. ഇതുചൂണ്ടിക്കാട്ടിയാണ് മൃഗസ്നേഹികളുടെ വാദത്തെ വക്കീൽ എതിർത്തത്. അതോടെ ദയാവധത്തിന് കോടതി അനുമതി നൽകുകയായിരുന്നു. എമ്മയുടെ പേരിൽ ഉടമ സ്വത്തുക്കൾ എഴുതിവച്ചിരുന്നോ എന്ന് വ്യക്തമല്ല.