abortion

ചെന്നൈ: പത്ത് വർഷംകൊണ്ട് നാലായിരത്തിലധികം അനധികൃത ​ഗർഭച്ഛിദ്രം നടത്തിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവണ്ണാമലയിലെ കൃഷ്ണന​ഗർ സ്വദേശികളായ പ്രഭു(45), കവിത(41) എന്നിവരാണ് പിടിയിലായത്.ഗർഭച്ഛിദ്രത്തിന് വിധേയായ ഒരു യുവതി ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്.

ഇവർ നടത്തി വന്ന പലചരക്ക് കടയുടെ പിന്നിൽ രഹസ്യമായാണ് ഗർഭം അലസിപ്പിക്കാനുള്ള കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അവിവാഹികളുടെ ഗർഭമാണ് കൂടുതൽ അലസിപ്പിച്ചതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ഗർഭമലസിപ്പിക്കൽ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും പൊലീസ് കണ്ടെടുത്തു. ഒമ്പതാംക്ളാസാണ് ഇവരുടെ വിദ്യാഭ്യാസയോഗ്യത. യുവതികളെ ഇവിടെ എത്തിച്ചവരെ കണ്ടുപിടിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ഇവർക്ക് സഹായം ചെയ്തിരുന്ന പ്രദേശത്തെ സ്‌കാനിംഗ് സെന്ററുകളിലും പൊലീസ് പരിശോധന നടത്തി.