kovalam

കോവളം: കോവളം - കഴക്കൂട്ടം ബൈപ്പാസിൽ സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയായതോടെ നെടുമം ജംഗ്ഷൻ വഴി നിറുത്തിവച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. ജനവാസ മേഖലയായ നെടുമം - തുണ്ടുവിള, ബ്രൈറ്റ് റോഡ്, തേരുവിള, ഞാറ്റടി, മാടപ്പാറ വിള, തേരിയിൽ, ഒലിപ്പുവിള, തോട്ടിൻകര, കണ്ണൻകോട്, പ്ലാവിള, വിശ്വകർമ്മ റോഡ് എന്നീ പ്രദേശങ്ങളെ കെ.എസ്.ആർ.ടി.സി തഴയുന്നതായി കാണിച്ച് മേയ് 25 ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. കോവളത്ത് 500 ഓളം സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പ്രദേശത്തുള്ള ബസ് സർവീസാണ് ബൈപാസിലെ വിജനമായ സർവീസ് റോഡിലൂടെ സർവീസ് നടത്തിയിരുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് കോവളം ജംഗ്ഷനിൽ എത്തുന്ന ബസുകൾ നെടുമം ജംഗ്ഷനിൽ എത്താതെ ജനവാസമില്ലാത്ത ബൈപാസിലെ പുതിയ സർവീസ് റോഡിലൂടെ പോയതു കാരണം നാട്ടുകാർ കെ.എസ്.ആർ.ടി.സിയുടെ വിഴിഞ്ഞം ഡിപ്പോയിൽ എ.ടി.ഒയ്ക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ബസ് സർവീസ് മുടങ്ങിയതോടെ ഇവടുത്തുകാർ കോവളം ജംഗ്ഷനിലോ വെള്ളാർ ജംഗ്ഷനിലോ എത്തി വേണം ബസ് കയറിയിരുന്നത്. വയോജനങ്ങൾക്ക് ജംഗ്ഷനിൽ നിന്ന്‌ വീട്ടിൽ എത്തണമെങ്കിൽ ഓട്ടോയെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു.