തിരുവനന്തപുരം: വട്ടപ്പാറയിൽ ഭർത്താവിനെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയ കാമുകനെ രക്ഷിക്കാൻ ശ്രമിച്ചത് ബ്യൂട്ടിഷ്യനായ രാഖിയ്ക്ക് പണിയായി. വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിച്ചിരുന്ന വിനോദ് കുമാറിനെ (35)കൊലപ്പെടുത്തിയ കേസിലാണ് രണ്ടാം പ്രതിയായി ഭാര്യ രാഖിയെ(29) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ പേരൂർക്കട തൊഴുവൻകോട് ശ്രീവിനായക ഹൗസിൽ മനോജും (30) രാഖിയുമായുള്ള വഴിവിട്ട ബന്ധങ്ങളാണ് വിനോദിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ഇക്കഴിഞ്ഞ 12ന് ഉച്ചയോടെ വിനോദും രാഖിയും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ മനോജ് വന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനിടെയാണ് മനോജ് ഇയാളെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്.
എന്നാൽ കുടുംബവഴക്കിനിടെ ഭർത്താവ് സ്വയം കഴുത്തറുത്തതായാണ് രാഖി ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളോടും വിവരമറിഞ്ഞെത്തിയ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞത്. അടുത്ത ദിവസം ഇവരുടെ ആറുവയസുകാരനായ മകനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് മനോജ് വീട്ടിലുണ്ടായിരുന്നുവെന്നും മുറിവേറ്റ അച്ഛൻ നിലവിളിച്ചുകൊണ്ട് വീടിന് മുൻവശത്ത് കമിഴ്ന്നുവീണപ്പോൾ അങ്കിൾ വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങി നോക്കിയശേഷം കടന്നുകളഞ്ഞതായും വെളിപ്പെട്ടത്.
മനോജാണ് വിനോദിനെ ആക്രമിച്ചതെന്ന വിവരം രാഖി മറച്ചുവച്ചത് കുറ്രവാളിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് ഇന്നലെ രാഖിയേയും അറസ്റ്റ് ചെയ്തത്. സംഭവദിവസം രാഖിയുടെ ഫോണിലേക്ക് വിനോദ് വിളിച്ച കോളുകൾ ഡിലിറ്റ് ചെയ്യുകയും മുറിയിലും പുറത്തെ വരാന്തയിലും പരന്ന രക്തത്തുള്ളികൾ തുടച്ച് നീക്കുകയും ചെയ്തിരുന്നു. ഇത് തെളിവുനശിപ്പിക്കലിന്റെഭാഗമായി കണ്ടെത്തിയ പൊലീസ് കൊലപാതകവുമായി രാഖിയ്ക്കുള്ള ബന്ധവും തെളിവ് നശിപ്പിച്ചതുമുൾപ്പെടെയുള്ള കുറ്രങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഭർത്താവിന്റെ സുഹൃത്തായ മനോജുമായി രാഖിയ്ക്കുണ്ടായ അടുപ്പവും വഴിവിട്ട ബന്ധങ്ങളും വിനോദ് വിലക്കിയിരുന്നു. എന്നാൽ വിലക്ക് വകവയ്ക്കാതെ വിനോദ് ഇല്ലാത്ത സമയങ്ങളിലൊക്കെ മനോജ് രാഖിയെ സന്ദർശിക്കാറുണ്ടായിരുന്നു. സംഭവദിവസം വിനോദ് വീട്ടിലില്ലെന്ന് മനസിലാക്കിയാണ് മനോജ് എത്തിയതെങ്കിലും വിനോദ് പെട്ടെന്ന് മടങ്ങിവന്നതാണ് രാഖിയുമായി വഴക്കിനും കൊലപാതകത്തിനും കാരണമായത്. ഇന്നലെ വൈകുന്നേരം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ രാഖിയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ മനോജിനെയും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം കോടതിയിൽ ഹാജരാക്കി . ഇയാളും റിമാൻഡിലാണ്. പേരൂർക്കടയിൽ രണ്ട് മാസം മുമ്പുണ്ടായ ഒരു വെട്ടുകേസിലും മനോജ് പ്രതിയാണ്. എന്നാൽ ഇയാളെ ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ പേരൂർക്കട പൊലീസ് ഇയാളെ വെട്ടുകേസിലും അറസ്റ്റ് രേഖപ്പെടുത്തും.