editorial-

രാഷ്ട്രീയത്തിന്റെ ഇരുധ്രുവങ്ങളിൽ നിൽക്കുന്ന കക്ഷികളാണ് കേന്ദ്രഭരണത്തിന് നേതൃത്വം നൽകുന്ന ബി.ജെ.പിയും സംസ്ഥാനഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മും. ഒരു ഫെഡറൽ സംവിധാനത്തിൽ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് വ്യത്യസ്ത രാഷ്ട്രീയചേരികളാവുന്നതിൽ അസാധാരണമായി ഒന്നുമില്ല. രാഷ്ട്രീയകാഴ്ചപ്പാടിലും നയപരിപാടികളിലും കക്ഷികൾക്കിടയിൽ ഭിന്നതയുണ്ടാവാം. എന്നാൽ, എല്ലാ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെയും അന്തിമലക്ഷ്യം ജനനന്മയും നാടിന്റെ പുരോഗതിയുമാണ്. ഈ യാഥാർത്ഥ്യം മുൻനിറുത്തി വേണം കേന്ദ്ര-സംസ്ഥാന ബന്ധത്തെ കാണാൻ.

മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണെങ്കിലും, കേന്ദ്രമന്ത്രിസഭയിലെ കേരളത്തിന്റെ പ്രതിനിധിയെന്ന് കരുതാവുന്ന വി. മുരളീധരൻ 'കേരളകൗമുദി' ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്ന് പറഞ്ഞത് രാഷ്ട്രീയഭിന്നത നിലനിൽക്കുമ്പോഴും യോജിച്ച് മുന്നോട്ടുപോകാമെന്നാണ്. പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേറ്റ നരേന്ദ്രമോദിയെ അനുമോദിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച ആശംസാസന്ദേശത്തിൽ പ്രകടിപ്പിച്ച ആഗ്രഹവും, വികസനം സാദ്ധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങണമെന്നാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും സഹകരിച്ച് നീങ്ങാൻ ഒരു തടസമേയുള്ളൂ. രാഷ്ട്രീയത്തിന്റെ ഗാലറികളിൽ ഇരിക്കുന്നവരുടെ പ്രതികരണം.

രാഷ്ട്രീയതിമിരവും സങ്കുചിത മനസ്ഥിതിയുമായി ഗാലറികളിൽ ഇരിക്കുന്നവരുടെ കൈയടി പ്രതീക്ഷിച്ച് പ്രവർത്തിക്കേണ്ടവരല്ല ഭരണാധികാരികൾ. ഗാലറിക്ക് വേണ്ടി കളിക്കുമ്പോൾ സാമാന്യബോധമുള്ളവരുടെ കണ്ണിൽ തങ്ങൾ ചെറിയ മനുഷ്യരായി മാറുമെന്ന് ഭരണാധികാരികൾ തിരിച്ചറിയണം. രാഷ്ട്രീയഭിന്നത മാറ്റിവച്ച് ജനക്ഷേമത്തിനും വികസനത്തിനും പരമപ്രാധാന്യം നൽകുന്നതാണ് ഭരണതന്ത്രജ്ഞതയുടെ ലക്ഷണം. ഒരു ഭരണാധികാരിയെ ലക്ഷണങ്ങളെ ആധാരമാക്കി വിലയിരുത്താൻ ആവശ്യമായ ബുദ്ധിയും ചിന്താശക്തിയുമുള്ള വിഭാഗമാണ് ജനവിധിയെ മാറ്റിമറിക്കുന്നത്. ഗാലറികളിൽ ഇരിക്കുന്നവർക്ക് പ്രകടനങ്ങളിൽ പങ്കെടുക്കാനും സിന്ദാബാദ് വിളിക്കാനും സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കാനുമല്ലാതെ ജനവിധി മാറ്റിമറിക്കാനുള്ള ത്രാണിയൊന്നുമില്ലെന്ന് ഈ പൊതുതിരഞ്ഞെടുപ്പിലും തെളിഞ്ഞതാണ്. ഭാവിച്ചില്ലെന്നേയുള്ളൂ, ജയിച്ചവരിലും തോറ്റവരിലുമുണ്ട് ഫലം അറിഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ അത്ഭുതപ്പെട്ടുപോയവർ.

കേന്ദ്രമന്ത്രിസഭ അധികാരത്തിലേറിയ ആദ്യദിവസം നൽകുന്ന സൂചന പോലും ധാരാളം ക്ഷേമപദ്ധതികളും വികസനപദ്ധതികളും പ്രതീക്ഷിക്കാമെന്നാണ്. കേന്ദ്രപദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ പണ്ടേ ഒരു തടസവുമുണ്ട് ; സംസ്ഥാന ബ്യൂറോക്രസിയുടെ അലസതയും അലംഭാവവും. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട കോടികൾ പാഴായെന്ന വാർത്ത മൂന്നോ നാലോ തവണ വരാതെ ഒരു വർഷവും കടന്നുപോയിരുന്നില്ല. ഇപ്പോഴാകട്ടെ, കേന്ദ്രപദ്ധതികൾ നടപ്പാക്കുമ്പോൾ സംസ്ഥാനവും ഒരു വിഹിതം നൽകേണ്ട സ്ഥിതിയാണ്. അലസത കാട്ടുന്നവർക്ക് ഒന്നാന്തരം ഒരു ഒഴികഴിവ് കൂടി ലഭിച്ചുവെന്ന് അർത്ഥം. ബ്യൂറോക്രസിയുടെ അടിസ്ഥാനശൈലി മാറ്റുക ഒട്ടും എളുപ്പമല്ലെന്ന യാഥാർത്ഥ്യം മനസിലാക്കി ഈ പ്രശ്നം കൈകാര്യം ചെയ്തില്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ നേരെ വിപരീത ദിശയിലായിരിക്കും നമ്മൾ എത്തിച്ചേരുക.

കേന്ദ്രസഹായം നേടിയെടുക്കാൻ മറ്റ് പല സംസ്ഥാനങ്ങൾക്കും ഇന്ദ്രപ്രസ്ഥത്തിൽ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം പോലുമുണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഡൽഹിയിൽ കേരളത്തിന്റെ പ്രതിനിധിയായ മുഖ്യഉദ്യോഗസ്ഥൻ സംസ്ഥാനസർക്കാരിന്റെ പ്രീതി ആർജ്ജിച്ച ഒരു ഉത്തരേന്ത്യക്കാരൻ ആയിരിക്കുമെന്നും കേട്ടിട്ടുണ്ട്. ഇരുകൈയും നീട്ടിയതുകൊണ്ട് മാത്രം കിട്ടുന്നതല്ല കോടികളുടെ കേന്ദ്രസഹായം. ഏതാനും മാസം കാത്തിരുന്നാൽ മതി, കോടികളുടെ കേന്ദ്രസഹായം എങ്ങനെയാണ് നേടിയെടുക്കുന്നതെന്ന് ആന്ധ്രയിലെ ജഗൻമോഹൻ റെഡ്ഢി സർക്കാർ കാണിച്ചുതരും. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യത്തിലായിരുന്നില്ല ജഗൻമോഹന്റെ പാർട്ടി.

ലോകസമൂഹത്തിന് മുന്നിൽ ഒറ്റക്കെട്ടായി കാണപ്പെടുകയും വികസനത്തിന്റെ പുതിയ പന്ഥാവുകളിലൂടെ സാമ്പത്തികശക്തിയായി വളരുകയും ചെയ്ത രാജ്യമാണ് ഇസ്രയേൽ. കേരളത്തിന്റെ അത്ര പോലും വിസ്തീർണ്ണമോ ജനസംഖ്യയോ ഇല്ല. പക്ഷേ, ചെറുതും വലുതുമായ മൂന്ന് ഡസനിലേറെ രാഷ്ട്രീയ പാർട്ടികളുണ്ട് ! ജനപ്രതിനിധി സഭയായ കെനാസെറ്റിൽ അംഗത്വമുള്ള കക്ഷികൾ പോലുമുണ്ട്, 16 എണ്ണം. എന്നാൽ, രാജ്യതാത്‌പര്യം എന്തുതന്നെയായാലും സംരക്ഷിക്കുന്നതിൽ രാഷ്ട്രീയഭിന്നതകൾ തടസ്സം സൃഷ്ടിക്കാറില്ല. അതിനാലാണ് ലോകത്തെ അവഗണിക്കാനാവാത്ത ശക്തികളിൽ ഒന്നായി ഇസ്രയേൽ മാറിയത്. ഇന്ത്യയിലും വേണ്ടത് ഇതുപോലുള്ള ഒരു രാഷ്ട്രീയ സംസ്കാരമാണ്. രാഷ്ട്രീയമായി ബി.ജെ.പിയുടെ എതിർധ്രുവത്തിൽ നിൽക്കുന്ന മുന്നണി അധികാരത്തിലിരിക്കുന്ന കേരളത്തിന് ഇക്കാര്യത്തിൽ ഒരു മാതൃകയായി മാറാൻ പോലും സാധിക്കും. ഗാലറിയിലെ കൈയടിയല്ല, നാടിന്റെ പുരോഗതിയും വികസനവുമാണ് പ്രധാനം.