കേരളത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് നവീന ദിശാബോധവുമായി കടന്നു വന്ന വി. മുരളീധരൻ നിസ്വാർത്ഥ രാഷ്ട്രീയ സേവനത്തിന്റെ കരുത്തുറ്റ കണ്ണിയാണ്. വലിയ ആരവങ്ങളൊന്നുമില്ലാത്ത, സാധാരണക്കാർക്കിടയിൽ അതിശക്തമായ വേരുറപ്പുള്ള നേതാവ്. ബഹുമാന ദാഹങ്ങളില്ലാത്ത തികച്ചും സ്വാഭാവിക പ്രക്രിയയാണ് വി. മുരളീധരന്റെ രാഷ്ട്രീയ പ്രവർത്തനം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന് അടുത്തകാലം വരെ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുകയറാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് സ്ഥിതി മാറി. കേരളത്തിൽ നിന്ന് ജനസേവനത്തിന് വ്യത്യസ്ത ദേശീയ വീക്ഷണവുമായി മുരളീധരൻ ഉയർന്നു വരികയാണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് ഇടം കൊടുക്കാതിരുന്ന, കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹം തന്റെ ഇടം കണ്ടെത്തിയിരിക്കുന്നു.
കേന്ദ്ര നേതൃത്വത്തിലിരിക്കുമ്പോഴും ഏറ്രവും താഴെത്തട്ടിൽ വേരുകളുള്ള നേതാവാണ് വി. മുരളീധരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ആന്ധ്രയുടെ ചുമതലയായിരുന്നു വി. മുരളീധരന്. തിരഞ്ഞെടുപ്പ് ചുമതലകൾക്ക് ശേഷം കേരളത്തിലെത്തിയ അദ്ദേഹം തന്റെ സ്വന്തം ബൂത്തിലെ എല്ലാ വീടുകളിലും ഒരു സാധാരണ പ്രവർത്തകനെപ്പോലെ കയറിയിറങ്ങി. ദേശീയ നേതാവിന്റെ നാട്യങ്ങളില്ലാത്ത സാധാരണ മനുഷ്യൻ . കേരളത്തിൽ നിന്നുള്ള ദേശീയ നേതാക്കളിൽ ഇപ്പോഴും ബൂത്തുതല യോഗങ്ങളിൽ പങ്കെടുക്കാൻ മടികാട്ടാത്ത നേതാവാണദ്ദേഹം. വളരെ ചെറുപ്പം മുതൽ കേരളത്തിന്റെ ഗ്രാമങ്ങൾ തോറും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. സാധാരണക്കാരായ പ്രവർത്തകരുടെ വീടുകളിൽ നിന്ന് ഭക്ഷണം കഴിച്ച് അവരോടൊപ്പം താമസിച്ചിട്ടുണ്ട്. ഒരു പരിധി വരെ ആ ബന്ധങ്ങൾ നിലനിറുത്താൻ അദ്ദേഹത്തിന് കഴിയുന്നുമുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മുരളീധരൻ യാത്ര ചെയ്തിട്ടുണ്ട്. എ.ബി.വി.പി ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിലും നെഹ്റു യുവകേന്ദ്ര വൈസ് ചെയർമാൻ, ഡയറക്ടർ ജനറൽ എന്ന നിലയിലും രാജ്യത്തിന്റെ പല കോണുകളിലും അദ്ദേഹം എത്തി. എനിക്കു തോന്നുന്നു ഇന്ത്യയിലെ ഏത് സ്ഥലത്തും വ്യക്തിപരമായ പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ ഫോണിൽ വിളിച്ച് കാര്യങ്ങൾ നടത്തിക്കാൻ വി. മുരളീധരന് കഴിയും.
ആർ.എസ്. എസ് പ്രചാരകനായിരുന്നതിന്റെ നിരവധി സവിശേഷ ഗുണങ്ങൾ അദ്ദേഹത്തിലുണ്ട്. കഠിനാദ്ധ്വാനമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ജീവിതത്തിന്റെ കടുത്ത യാഥാർത്ഥ്യങ്ങൾ നേരിട്ടവരാണിവർ. 80കളുടെ അവസാനത്തിൽ നടന്ന സംഭവം പറയാറുണ്ട്. എ.ബി.വി പി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന മുരളീധരന്റെ നേതൃത്വത്തിൽ ഒരു പ്രകടനം നടക്കുകയാണ്. എസ്. എം.വി സ്കൂളിന് സമീപത്തെത്തിയപ്പോൾ പൊലീസ് പ്രകടനക്കാരെ ഓടിച്ചു. കുട്ടികളെല്ലാം ഓടി. പ്രകടനം ചിന്നിച്ചിതറി. പിന്നെ കാണുന്നത് നടുറോഡിൽ ഒറ്രയ്ക്ക് മുദ്രവാക്യം വിളിക്കുന്ന മുരളീധരനെയാണ്. അതോടെ പതുക്കെ പതുക്കെ , തിരിഞ്ഞോടിയ കുട്ടികളെല്ലാം തിരിച്ചുവന്നു. ഒരു യഥാർത്ഥ നേതാവിനെയാണ് അവിടെ കണ്ടത്.
താൻ വിശ്വസിക്കുന്ന ആദർശത്തോടും ആശയങ്ങളോടുമുള്ള പ്രതിബദ്ധത, ചെയ്യുന്ന പ്രവൃത്തി എന്തുവിലകൊടുത്തും പൂർത്തിയാക്കാനുള്ള ദൃഢനിശ്ചയം, കഠിനപ്രയത്നം നടത്താനുള്ള മടിയില്ലായ്മ എന്നിവ മുരളീധരന്റെ ഗുണങ്ങളാണ്. വൈവിദ്ധ്യമാർന്ന വിഷയങ്ങൾ പഠിക്കുന്നതിലും അദ്ദേഹം മിടുക്കനാണ്. ഗവേഷണ ബുദ്ധിയോടെയാണ് ഓരോ കാര്യത്തെയും അദ്ദേഹം സമീപിക്കുക. അതെല്ലാം പെട്ടെന്നു തന്നെ സ്വായത്തമാക്കാനും മുരളീധരന് കഴിയും. കാര്യങ്ങൾ വലിച്ചു നീട്ടാതെ നീട്ടി വലിക്കാതെ ചുരുങ്ങിയ വാക്കുകളിൽ വിഷയത്തിന്റെ മൂർച്ച ഒട്ടും കുറയാതെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും. ആശയവിനിമയത്തിലുള്ള ഈ മേന്മ ചാനൽ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടിക്കാരെങ്കിലും അനുകരിക്കാൻ ശ്രമിക്കേണ്ടതാണ്. നിസ്വാർത്ഥതയാണ് അദ്ദേഹത്തിന്റെ ഒരു ഗുണം. നെഹ്റു യുവകേന്ദ്ര ഡയറക്ടർ ജനറലായിരിക്കെയാണ് അദ്ദേഹം മുൻകൈയെടുത്ത് നാഷണൽ യൂത്ത് കോ-ഓപ്പറേറ്രീവ് സൊസൈറ്രി രൂപീകരിക്കുന്നത്. എന്നാൽ രണ്ടുവർഷത്തിന് ശേഷം അതിന്റെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് പുതിയ നേതൃത്വത്തിന് വഴിമാറി. സാധാരണ ഒരു നേതാവായിരുന്നെങ്കിൽ ഒരു സംസ്ഥാനാന്തര സഹകരണ സൊസൈറ്രി തന്റെ കൈപ്പിടിയിൽത്തന്നെ നിലനിറുത്താനായിരിക്കും ശ്രമിക്കുക. സാമൂഹ്യപ്രവർത്തനത്തിനായി കുട്ടികൾ പോലും വേണ്ടെന്നു വച്ച ആളാണദ്ദേഹം.
സാധാരണ നേതാക്കളെപ്പോലെ സ്ഥാനം കിട്ടാൻ ആരുടെയും പ്രീതി സമ്പാദിക്കാൻ അദ്ദേഹം തയാറല്ല. ഇപ്പോഴുള്ള രാജ്യസഭാംഗങ്ങളിൽ തനിക്ക് കസേര ഉറപ്പിക്കാൻ ശ്രമിക്കാത്ത വളരെ അപൂർവം പേരിലൊരാളായിരിക്കും അദ്ദേഹം. മന്ത്രിയാകാൻ ശുപാർശയുമായി അദ്ദേഹം ആരെയും സമീപിച്ചിട്ടില്ല. രാഷ്ട്രീയ പ്രവർത്തനത്തെ കണ്ണടച്ച് വിമർശിക്കുന്ന നമ്മളിൽ പലരും രാഷ്ട്രീയ രംഗത്ത് വിരിയുന്ന ഇത്തരം അപൂർവ കുസുമങ്ങളെ കാണാതെ പോകരുത്.