varavishesham-

ജന്തുശാസ്ത്രത്തിൽ അത്യപൂർവ്വവും വിലപിടിപ്പുള്ളതുമായ ഗവേഷണപ്രബന്ധം കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയുണ്ടായി. ദീർഘനാളായുള്ള പഠന, ഗവേഷണങ്ങൾക്കും അലച്ചിലുകൾക്കും അദ്ധ്വാനങ്ങൾക്കും ഒടുവിലാണ് ഏറെ വിലമതിക്കാവുന്ന ഈ ഗവേഷണഫലം ഉപജ്ഞാതാക്കൾ പ്രബന്ധരൂപത്തിൽ പുറത്തുവിട്ടിരിക്കുന്നത്.

ശതകോടികൾ കൊടുത്താലും ഇതിന് വിലയാവില്ലെന്ന് ഗവേഷണഫലം പൂർണ്ണമായി വായിച്ച ലോകപ്രശസ്തരായ ശാസ്ത്രനിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഇത് തയ്യാറാക്കാനെടുത്ത അദ്ധ്വാനത്തെക്കുറിച്ചൊന്നും വലിയ അവകാശവാദങ്ങൾ ഉപജ്ഞാതാക്കൾ പങ്കുവയ്ക്കുന്നില്ല. അതിന് കാരണം അവരുടെ ജന്മസിദ്ധമായ വിനയം ഒന്ന് മാത്രമാണ്.

ഏതോ ഒരു അദ്ഭുതക്കുട്ടിയെ ആണ് ഉപജ്ഞാതാക്കൾ ഇവിടെ പഠനവിധേയമാക്കിയിരിക്കുന്നത്. ഉപജ്ഞാതാക്കൾ ആര് എന്നായിരിക്കുമല്ലോ ഇത് വായിക്കുന്നവർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അവരെപ്പറ്റി പറയാൻ വിട്ടുപോയതല്ല. മന:പൂർവ്വം പറയാതിരുന്നതാണ്. വേണമെങ്കിൽ ചില ക്ലൂ തരാം. ഒരണ മെമ്പ്രഷിപ്പെടുത്താൽ ആർക്കും ഏത് നേരത്തും ഈ ഗവേഷണശാലയിൽ അംഗത്വമെടുക്കാവുന്നതാണ്. രാഹുൽമോൻ ഒരു കൈ താടിക്ക് കൊടുത്തും മറ്റേ കൈയാൽ വീണ വായിച്ചും ഇരിക്കുകയാണെങ്കിൽ ചുറ്റിലും ചമ്രംപടിഞ്ഞിരുന്ന് രഘുപതി രാഘവ പാടി മറ്റുള്ളവരും താടിക്ക് കൈയും കൊടുത്തിരിക്കണമെന്നത് ഇവിടത്തെ ഒരു ചിട്ടയാണ്. ഇപ്പോൾ ചില കാര്യങ്ങൾ പിടികിട്ടിക്കാണുമെന്ന് വിചാരിക്കുന്നു.

അതെ, കോൺഗ്രസ് മുഖപത്രത്തിലൂടെയാണ് ആ വലിയ അദ്ഭുതക്കുട്ടിയെക്കുറിച്ചുള്ള ഗവേഷണപ്രബന്ധമിപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അബ്ദുള്ളക്കുട്ടി എന്നുപേരായ അദ്ഭുതക്കുട്ടിയെ വർഷങ്ങൾ നീണ്ട ഗവേഷണത്തിനായി പരീക്ഷണശാലയിലേക്ക് ഒറ്റും കെണിയും വച്ച് പിടികൂടിയെത്തിച്ചത് തന്നെ ഒരു വലിയ അദ്ധ്വാനമായിരുന്നു. അങ്ങനെ എളുപ്പം പിടിക്കാവുന്ന ഇനമായിരുന്നില്ല കുട്ടി. ഒരു കീറാമുട്ടി ആണ് ഈ കുട്ടി എന്ന് പ്രബന്ധത്തിന്റെ തലക്കെട്ടിൽ മുഖപത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വെട്ടിക്കീറാൻ പറ്റാത്ത വിറക് കൊള്ളിയാണല്ലോ കീറാമുട്ടി. അങ്ങനെയുള്ള കീറാമുട്ടിയുടെ ജൈവഘടന ഗവേഷണവിഷയമാക്കാൻ കെ. സുധാകരഗാന്ധിയെ പോലുള്ള തടിമിടുക്കുള്ളവരുടെ സഹായം ആവശ്യമായിരുന്നു. മുല്ലപ്പള്ളിഗാന്ധി സമ്മതിക്കില്ലെങ്കിലും സുധാകരഗാന്ധിയുടെ ഒറ്റ ബലത്തിലാണ് അദ്ഭുതക്കുട്ടിയെ കൈയോടെ പിടികൂടി ഗവേഷണത്തിനായെത്തിച്ചുകൊടുത്തത്.

നാടോടുമ്പോൾ നടുവേ ഓടണമെന്ന പ്രമാണക്കാരനാണ് ഈ കുട്ടി എന്ന് ഗവേഷണപടുക്കൾ കണ്ടുപിടിക്കാതെ തന്നെ പലരും തിരിച്ചറിഞ്ഞതാണെന്ന് ശാസ്ത്രനിരൂപകർ വിലയിരുത്തുന്നുണ്ട്. ദേശാടനപ്പക്ഷിയെ പോലെ ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി സി.പി.എമ്മിൽ നിന്ന് കോൺഗ്രസ്സിലെത്തിയത് അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണെന്ന വിലപിടിപ്പുള്ള നിരീക്ഷണം പ്രബന്ധം പങ്കുവച്ചപ്പോൾ ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞനായ സഖാവ് ഈപിജയരാജനണ്ണൈ പോലും ബലേ ഭേഷ്! എന്ന് പ്രകീർത്തിച്ചുവത്രെ. ബി.ജെ.പിയിലേക്ക് ചേക്കേറാൻ കുട്ടി ഇപ്പോൾ അതേ ഭാണ്ഡക്കെട്ട് മുറുക്കുകയാണെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു. ഈ കുട്ടിയുടെ മറ്റൊരു സ്വഭാവഘടനയെന്ന് പറയുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കൽ ശീലമാണത്രെ. താമരക്കുളത്തിൽ മുങ്ങിക്കുളിക്കാനുള്ള കുട്ടിയുടെ ഇപ്പോഴത്തെ മോഹം ഇരിക്കുന്ന കൊമ്പ് മുറിച്ചുമാറ്രുന്ന പ്രകൃതത്തിൽ നിന്ന് ഉരുവപ്പെട്ടതാണെന്നാണ് കണ്ടുപിടുത്തം.

വേനലും വസന്തവും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള കുട്ടിയുടെ അപാരശേഷിയെപ്പറ്റിയും പ്രബന്ധം രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ്സിൽ തോൽവിയുടെ വേനൽക്കാലമായപ്പോൾ ബി.ജെ.പിയിൽ താമര പൂക്കുന്ന വസന്തം കണ്ടെത്തിയാണ് കുട്ടി അങ്ങോട്ട് കണ്ണെറിഞ്ഞ് കളിക്കുന്നതെന്നാണ് വാദം. ന.മോ.ജി സ്തുതിയാണ് ഇതിന്റെ പ്രാഥമികലക്ഷണം.

ഒരിക്കൽ വേലി ചാടിയ പശുവാണ് ഈ കുട്ടിയെന്ന് സുധാകരഗാന്ധി കൈയോടെ പിടിച്ചുകെട്ടി കൊണ്ടുവന്നപ്പോഴേ ഗവേഷകർ മനസ്സിലാക്കിയതായിരുന്നു. അങ്ങനെ വേലി ചാടുന്ന ഘട്ടത്തിലായിരുന്നല്ലോ സുധാകരഗാന്ധി പിടികൂടിയത്. ഒരിക്കൽ വേലി ചാടിയാൽ ചാടിക്കൊണ്ടേയിരിക്കുകയെന്നത് പശുക്കളുടെ ശീലമായതിനാൽ കുട്ടിക്ക് പശുസഹജമായ സ്വഭാവവിശേഷണങ്ങളുള്ളതായും പ്രബന്ധത്തിൽ രേഖപ്പെടുത്തുന്നു.

ഒരു പാൽസൊസൈറ്റിയുടെയോ പഞ്ചായത്തിലെയോ അംഗങ്ങളാവാൻ സാധിക്കാത്ത നിർഭാഗ്യവാന്മാരുടെ മുകളിലൂടെ വേലിചാടിയെത്തിയ ഇമ്മാതിരി പശുക്കൾ സ്ഥാനമാനങ്ങൾ നേടിയതിൽ ഗവേഷകർ അമർഷവും അമ്പരപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര ജേർണലുകളിൽ ബെസ്റ്റ് സെല്ലറാവാൻ എന്തുകൊണ്ടും യോഗ്യമായ ഈ ഗവേഷണപ്രബന്ധം അടുത്ത വർഷത്തെ ശാസ്ത്ര നോബൽപ്രൈസിന് ന.മോ.ജി ശുപാർശ ചെയ്തയക്കണം എന്നു മാത്രമേ ഇത്തരുണത്തിൽ അഭ്യർത്ഥിക്കാനുള്ളൂ. അല്ലെങ്കിൽ കുറഞ്ഞപക്ഷം മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിൽ അദ്ഭുതക്കുട്ടിയെന്ന കീറാമുട്ടിയെ സ്ഥാനാർത്ഥിയാക്കാൻ സുവർണ്ണാവസരം പിള്ളച്ചേട്ടനോട് ശുപാർശ ചെയ്യുകയെങ്കിലും വേണം.

........................................................

- സമവായം എന്നു പറഞ്ഞാലത് ചുക്കാണോ ചുണ്ണാമ്പാണോ എന്നൊന്നും ജോസ്‌മോന് തിട്ടമില്ല. എന്നാൽ അടിമുടി കൃഷിക്കാരനും സർവ്വോപരി ഗായകനുമായ ഔസേപ്പച്ചനാകട്ടെ സമവായം, സമവായം എന്ന് നാഴികയ്ക്ക് നാല്പത് വട്ടം ഉരുവിട്ടുകൊണ്ടേയിരിക്കുകയുമാണ്. അത് കേരള കോൺഗ്രസിന്റെ ഭരണഘടന വായിച്ച് പഠിച്ചുപോയതിന്റെ കുഴപ്പമാണ്.

വലിച്ചാൽ വലിയുകയും വലി വിട്ടാൽ ചുരുളുകയും ചെയ്യുന്ന റബ്ബറ് പോലെയാണോ കേരള കോൺഗ്രസ്സെന്ന് ചോദിച്ചാൽ ഔസേപ്പച്ചൻ ചിലപ്പോൾ 'ഒരു നറുപുഷ്പമായ്, എൻ നേർക്ക് നീളുന്ന...' എന്ന സിനിമാപാട്ട് പാടിയെന്ന് വരും. അതുപേടിച്ചാരും അക്കാര്യം ചോദിക്കാറില്ല. എങ്കിലും കേരള കോൺഗ്രസ് ഭരണഘടനയെക്കുറിച്ചെല്ലാം ജോസ്‌മോന് പഠിപ്പിച്ചുകൊടുക്കണമെന്നത് ഔസേപ്പച്ചന്റെ വലിയ ആഗ്രഹമായിരുന്നു.

എന്നാൽ, ജോസ്‌മോൻ പഠിക്കാൻ നിന്നുകൊടുത്തിട്ട് വേണ്ടേ. പാർട്ടി ഭരണഘടനയിൽ പാർട്ടി പ്രസിഡന്റിനെ സമവായത്തിലൂടെ തിരഞ്ഞെടുക്കണമെന്ന് നിർദ്ദേശിച്ചതായി ഔസേപ്പച്ചന് പരസ്യമായി പറയേണ്ടി വന്നത് ജോസ്‌മോന്റെ ഈ കുരുത്തക്കേട് കാരണമാണ്. ഭൂഗോളം ഉരുണ്ടതോ അതോ പരന്നതോ എന്ന തർക്കം പോലെ സമവായം സമത്തിലുള്ളതോ വൃത്തത്തിലുള്ളതോ എന്ന് തർക്കിക്കുന്ന ജോസ്‌മോനെയാണ് ഔസേപ്പച്ചൻ കാണുന്നത്. ചെയർമാനെ തിരഞ്ഞെടുക്കുന്നത് തടയാൻ കേസ് കൊടുക്കാൻ ചില വിദ്വാന്മാരെ ജോസ്‌മോൻ ചട്ടം കെട്ടിയത് ഇങ്ങനെയുള്ള ചില സന്ദേഹങ്ങൾ സമവായത്തെപ്പറ്റി ഉടലെടുത്തത് കാരണമാണ്.

ചുരുക്കിപ്പറഞ്ഞാൽ ജോസ് മോൻ കേസും വക്കാലത്തുമായി നടക്കുമ്പോൾ ഔസേപ്പച്ചൻ പാട്ടും പാടി പാർട്ടിയെയും കൊണ്ട് കടന്നുകളയുന്ന ലക്ഷണമാണ്. ലോകസഭാസീറ്റ് കിട്ടിയില്ലെങ്കിലും പാർട്ടി കിട്ടുമല്ലോ!

ഇ-മെയിൽ: dronar.keralakaumudi@gmail.com