rashid-khan

ലണ്ടൻ: അഫ്ഗാൻ ടീമിന്റെ തീപ്പൊരി ബൗളർ റാഷിദ് ഖാന് ഒരു ഹോബിയുണ്ട്. ലോകപ്രശസ്‌ത കളിക്കാരുടെ ബാറ്റുകൾ സൂക്ഷിച്ചു വയ്‌ക്കുക! നല്ല ബാറ്റിംഗിന് ആദ്യം വേണ്ടത് നല്ല ബാറ്റാണ്. അതുകൊണ്ടാണ് താൻ ചില കളിക്കാരിൽ നിന്നും ബാറ്റുകൾ ശേഖരിച്ചു വയ്ക്കുന്നത്- റാഷിദ് ആ രഹസ്യം വെളിപ്പെടുത്തി. വിരാട് കോഹ്‌ലി, ഡേവിഡ് വാർണർ, കെ.എൽ. രാഹുൽ എന്നിവർ നൽകിയ ബാറ്റുകൾ റാഷിദിന് വളരെ സ്‌പെഷ്യലാണ്.

ഇക്കൂട്ടത്തിൽ വിരാട് കോഹ്‌ലി സമ്മാനിച്ച ബാറ്റ് റാഷിദിന് ഏറെ പ്രിയപ്പെട്ടതാണ്. റാഷിദിന്റെ അഭിപ്രായത്തിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി എന്തോ ഒരു ശക്തി ഈ ബാറ്റിനുണ്ടത്രെ! ഇതിന്റെ കാരണവും മുൻ അഫ്ഗാൻ ക്യാപ്ടൻ അസ്ഗർ അഫ്ഗാൻ ഈ ബാറ്റ് തട്ടിയെടുത്ത രസകരമായ കഥയുമാണ് റാഷിദ് പങ്കുവച്ചിരിക്കുന്നത്.

ഒരിക്കൽ അയർലന്റിനെതിരെയുള്ള മത്സരത്തിൽ കോഹ്‌ലി സമ്മാനിച്ച ബാറ്റുമായാണ് റാഷിദ് കളത്തിലിറങ്ങിയത്. തനിക്ക് തുടർച്ചയായി ഫോറും സിക്‌സും അനായാസം അടിക്കാൻ സാധിക്കുന്നത് കണ്ട റാഷിദ് ആകെ ആശ്ചര്യപ്പെട്ടു പോയി. ഇതെന്തു മറിമായെന്ന് അത്ഭുതപ്പെട്ട റാഷിദിന് അന്നു മുതൽ ഈ ബാറ്റ് ഏറെ പ്രിയപ്പെട്ടതായി മാറി.

കളി കഴിഞ്ഞ് പവലിയനിലേക്ക് മടങ്ങവെ അസ്ഗർ അഫ്ഗാൻ തന്നോട് ആ ബാറ്റ് നൽകുവാൻ ആവശ്യപ്പെട്ടെന്നും താൻ എതിർത്തു പറയുന്നതിന് മുമ്പ് തന്നെ അസ്ഗർ ബാറ്റ് തന്റെ ബാഗിൽ നിന്നും കൈക്കലാക്കി അദ്ദേഹത്തിന്റെ ബാഗിനുള്ളിലാക്കി കഴിഞ്ഞിരുന്നെന്നും റാഷിദ് പറഞ്ഞു. 'എന്തോ അസ്ഗറിന് ആ ബാറ്റ് പ്രയോജനപ്പെട്ടില്ല. അതുകൊണ്ട് തനിക്ക് അത് തിരികെ തന്നു.' പുഞ്ചിരിയോടെ റാഷിദ് കൂട്ടിച്ചേർ‌ത്തു.