rajeeev-s

മേയ് 31ന് രാജീവ് സദാനന്ദൻ ആരോഗ്യ സെക്രട്ടറി പദത്തിൽ നിന്ന് വിരമിച്ചു. അടുത്തകാലത്ത് ആരോഗ്യവകുപ്പ് കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ള നല്ല ചലനങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്.

ശൈലജടീച്ചറെപ്പോലെയുള്ള ഒരു മന്ത്രിയുടെ നേതൃത്വവും കൂടി ഒരുമിച്ചു വന്നപ്പോൾ ആരോഗ്യവകുപ്പ് മുമ്പെങ്ങുമില്ലാത്തതുപോലെ ഉണർന്നു പ്രവർത്തിക്കാൻ അത് ഇടയാക്കി. ഇ-ഹെൽത്ത്, ആർദ്രം, കിരൺ സർവേ, സുസ്ഥിരവികസന ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള കർമ്മപദ്ധതി, ചികിത്സാ പ്രോട്ടൊക്കോളുകൾ, ക്ളിനിക്കൽ എസ്റ്റാബ്ളിഷ്‌മെന്റ് ആക്ട്, പബ്ളിക് ഹെൽത്ത് ആക്ടിന്റെ പുരോഗതി, ആരോഗ്യ നയരൂപീകരണം എന്നിങ്ങനെ ആരോഗ്യമേഖലയെ കൂടുതൽ ആധുനികവൽക്കരിക്കുന്നതിനും, സ്വകാര്യവത്കരണത്തിന്റെ കുത്തൊഴുക്കിൽ മുങ്ങിത്തുടങ്ങിയിരുന്ന സർക്കാർ സ്ഥാപനങ്ങളെ അവയർഹിക്കുന്ന ഉയർച്ചയിൽ എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിരാമം. പുതിയ ഹെൽത്ത് സെക്രട്ടറിയും ഇതേ പാത പിന്തുടരുമെന്ന് നമുക്ക് ആശിക്കാം.

ഇതിനുമുൻപ് കേരളത്തിന് ലഭിച്ചിട്ടുള്ള പ്രഗത്‌ഭനായ ആരോഗ്യ സെക്രട്ടറി ഒരുപക്ഷേ ഗോപാൽ കൃഷ്ണപിള്ള ആയിരുന്നിരിക്കും. തൊണ്ണൂറുകളിൽ സുധീരൻ മന്ത്രിയായിരുന്ന സമയത്താണ് അദ്ദേഹം സെക്രട്ടറിയായിരുന്നത്. അന്നും ആരോഗ്യരംഗത്ത് പല പുതിയ പ്രവണതകൾക്കും തുടക്കം കുറിക്കുകയുണ്ടായി. എന്നാൽ അന്നത്തേതിൽ നിന്നും രാജീവ് സദാനന്ദനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന് ആരോഗ്യകാര്യങ്ങളിലുള്ള പ്രത്യേക താത്‌പര്യവും പൊതുജനാരോഗ്യവിഷയങ്ങളിലുള്ള - പ്രത്യേകിച്ച് ആരോഗ്യ സാമ്പത്തിക ശാസ്ത്രത്തിൽ - പ്രാഗത്ഭ്യവുമാണ്. പൊതുജനാരോഗ്യ മേഖലയിലെ ഏതൊരു വിദഗ്ദ്ധനുമായും ഒരു സംവാദത്തിൽ ഏർപ്പെടാനുള്ള പരിജ്ഞാനം പല കാര്യങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ദിവസം അദ്ദേഹവും ആരോഗ്യമന്ത്രിയും മറ്റു വകുപ്പുദ്യോഗസ്ഥന്മാരും പങ്കെടുത്ത ഒരു സെമിനാറിൽ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആരോഗ്യവകുപ്പിന്റെ ധനാഗമമാർഗങ്ങളിൽ ഭാവിയിൽ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. അദ്ദേഹം പ്രതീക്ഷിക്കുന്നത് കിഫ്‌ബി ബോണ്ടുകളിൽ നിന്ന് രണ്ടു മൂന്നു വർഷങ്ങളിലായി ഏകദേശം 2000 - 4000 കോടി രൂപ ആരോഗ്യവകുപ്പിന്റെ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനുവേണ്ടി ലഭ്യമാക്കാൻ കഴിയുമെന്നാണ്. അതുപയോഗിച്ച് താലൂക്ക് - ജില്ലാ - മെഡിക്കൽ കോളേജ് തലത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കുകയും, കൂടുതൽ രോഗികളെ സേവിക്കാൻ സജ്ജമാക്കി അവയെ വളർത്തുകയും ചെയ്യാൻ സാധിക്കുമെന്നാണ് അനുമാനം. അങ്ങനെ സേവനങ്ങളുടെ മെച്ചം കൊണ്ട് കൂടുതൽ പേർ സർക്കാർ സ്ഥാപനങ്ങളിൽ എത്തുമ്പോൾ, അതിനാവശ്യമായ മനുഷ്യവിഭവശേഷിയും മറ്റു സന്നാഹങ്ങളും വേണം. ഇതിനുള്ള പണം പക്ഷേ സർക്കാരിനു മുടക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഇന്ത്യാ ഗവൺമെന്റിന്റെ ആയുഷ്‌മാൻ ഭാരത് ഇൻഷ്വറൻസിന്റെ പരിധിയിൽ കൂടുതൽ കുടുംബങ്ങൾ വരുന്നതോടുകൂടി, അവർ സർക്കാർ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഇൻഷ്വറൻസ് പൈസ സർക്കാർ സ്ഥാപനങ്ങളിലേക്കെത്തുകയും അവ സ്വയം പര്യാപ്തമാകുകയും ചെയ്യുമെന്നാണ് ധനമന്ത്രിയുടെ കണക്കുകൂട്ടൽ. ഓരോ സ്ഥാപനവും സർക്കാർ ബഡ്ജറ്റ് വിഹിതത്തിനായി കാത്തുനിൽക്കാതെ സ്വന്തം വിപുലീകരണത്തിനുള്ള പദ്ധതികൾ സ്വയം ആവിഷ്കരിച്ച് സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി സ്വയംപര്യാപ്തമായി തീരണമെന്നാണ് സങ്കല്പം.

ഇങ്ങനെയൊക്കെ ഭംഗിയായി നടന്നാൽ അത് വളരെ പ്രയോജനപ്രദമായ ഒരു കാര്യമായിരിക്കുമെന്നതിൽ സംശയമില്ല. പക്ഷേ ഇതിന് പല കടമ്പകളുണ്ട്. ഒന്നാമതായി ആയുഷ്‌മാൻ ഭാരത് പദ്ധതി അനുസരിച്ച് ഇൻഷ്വറൻസ് കാർഡുള്ളവർക്ക് സർക്കാർ ആശുപത്രിയിൽ തന്നെ പോകണം എന്നു നിർബന്ധം പറയാൻ പറ്റില്ല. സ്വകാര്യമേഖലയുടെ പ്രചരണത്തിൽ, സ്വകാര്യാശുപത്രികളിലേക്ക് അവർ ഒഴുകിയെന്നിരിക്കും. പ്രത്യേകിച്ച് സർക്കാർ ആശുപത്രിയിലെ ജീവനക്കാർക്ക് സ്വന്തം സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് പ്രത്യേകിച്ച് ഇൻസെന്റീവ് ഒന്നുമില്ലല്ലോ. അവർക്കത് ചെയ്യുകയോ, ചെയ്യാതിരിക്കുകയോ ആകാം. എന്നുമാത്രമല്ല, ആശുപത്രി ഭരണവും അവിടെയുള്ള മനുഷ്യവിഭവശേഷിയുടെ മാനേജ്‌മെന്റും ഇപ്പോൾ വളരെ സ്പെഷ്യലൈസ്‌ഡ് ആയിട്ടുള്ള ഒരു മേഖലയാണ്. ഇതിൽ നൈപുണ്യം ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം നിയമിക്കാൻ പറ്റിയില്ലെങ്കിൽ മത്സരരംഗത്ത് പിടിച്ചുനിൽക്കാൻ സാധിക്കുകയില്ല. എല്ലാറ്റിനുമുപരി ആരോഗ്യസ്ഥാപനങ്ങൾക്ക് സ്വയംഭരണം അനുവദിക്കാത്ത സർക്കാർ വ്യവസ്ഥ അഴിച്ചുപണിയാൻ ഇനിയും തയ്യാറായിട്ടില്ലെങ്കിൽ - ഓരോ ചെറിയ കാര്യത്തിനും സെക്രട്ടറിയുടെയോ, മന്ത്രിയുടെയോ അനുമതിക്ക് കാത്തുനിൽക്കേണ്ട അവസ്ഥ മാറിയിട്ടില്ലെങ്കിൽ - സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങളുടെ ബഹുദൂരം പിറകിലായിപ്പോകുമെന്ന് ഉറപ്പാണ്; കാരണം തീരുമാനങ്ങൾ പെട്ടെന്ന് എടുക്കാൻ കഴിയാതെ വരും. ക്ളിനിക്കൽ രംഗത്തുനിന്നും പൊതുജനാരോഗ്യ മാനേജ്‌മെന്റിൽ താത്‌പര്യമില്ലാത്തവരെ അത് ഏല്പിക്കാതെ, പൊതുജനാരോഗ്യത്തിനായിട്ട് ഒരു പ്രത്യേക കാഡർ സൃഷ്ടിക്കേണ്ടതും അത്യാവശ്യമാണ്.

ആരോഗ്യരംഗത്തുള്ള ആക്‌റ്റിവിസ്റ്റുകൾ പല വർഷങ്ങളായി മുന്നോട്ടുവയ്ക്കുന്നതാണ് ഇവയിൽ മിക്ക നിർദ്ദേശങ്ങളും. വൈകിയ വേളയിലെങ്കിലും ഗവൺമെന്റ് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഇപ്പോൾ ചെയ്യുന്ന പല പദ്ധതികളുടെയും പ്രയോജനം ഭാവിയിൽ നമുക്ക് ലഭിക്കാതെ പോകും. ഇന്നത്തെ സംവിധാനത്തിൽ ആരോഗ്യ വകുപ്പിന്റെ തലപ്പത്തുള്ള സെക്രട്ടറിയുടെ പദവി ഒരു 'താക്കോൽ" സ്ഥാനമാണ്. അവിടെ നമുക്ക് തുടർന്നും പ്രഗത്ഭരായ ഉദ്യോഗസ്ഥരെ ലഭിക്കും എന്ന് പ്രതീക്ഷിക്കാം.