editors-pick

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ വലിയ പ്രതീക്ഷ പകരുന്നതാണ്. അരുൺ ജെയ്‌റ്റ്‌ലിയും സുഷമാസ്വരാജും ആരോഗ്യകാരണങ്ങളാൽ വിട്ടുനിൽക്കുമെന്ന് ഏറെക്കുറെ നേരത്തെതന്നെ ഉറപ്പായിരുന്നു. അമിത് ഷാ മന്ത്രിസഭയിൽ വന്നത് ഈ മന്ത്രിസഭയുടെ പ്രധാന ശില്പി എന്ന നിലയിലാണ്. ആഭ്യന്തരവകുപ്പ് അദ്ദേഹത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. രാജ്‌നാഥ് സിംഗ് പ്രതിരോധത്തിലേക്ക് പോയത് നിർമ്മലാ സീതാരാമന് ധനകാര്യം നൽകേണ്ടതുകൊണ്ടാണ്.

ആദ്യത്തെ അഞ്ച് മന്ത്രിമാരിൽ അപ്രതീക്ഷിതമായി ജയശങ്കർ ഉൾപ്പെടുത്തപ്പെട്ടു. എന്നാൽ അദ്ദേഹവും നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധങ്ങൾ നോക്കുമ്പോൾ അദ്ദേഹത്തിനെ വിദേശകാര്യ മന്ത്രി ആക്കിയതിൽ അതിശയമില്ല. രാഷ്ട്രീയത്തിലൂടെയല്ലാതെ ഒരു വിദേശകാര്യമന്ത്രി നിയമിക്കപ്പെടുന്നതിൽ പുതുമയുണ്ട്.

എന്നാൽ പ്രഗത്‌ഭരായ വ്യക്തികളെ മന്ത്രിസഭയിൽ കൊണ്ടുവരാനുള്ള നിയമം നിലനില്ക്കുമ്പോൾ ഈ നിയമനത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ആറു മാസത്തിനകം പാർലമെന്റിൽ എത്തണമെന്ന നിബന്ധന പാലിക്കുന്നതോടെ ഈ നിയമനം സാധുവാകുകയും ചെയ്യും.

ഇന്ത്യയുടെ വിദേശ നയം നിർണായക ഘട്ടത്തിലാണ്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ ലോക രംഗം മാറിയതിന്റെ സാഹചര്യത്തിൽ അമേരിക്കയുമായി സ്ഥാപിച്ച ദൃഢബന്ധത്തിന് വിള്ളലേറ്റിട്ടുണ്ട്. അമേരിക്ക ലോക രംഗത്തുനിന്ന് പിൻവാങ്ങുന്ന നയം സ്വീകരിച്ചതോടെ ഇന്ത്യ ചൈനയോടും റഷ്യയോടുമുള്ള ബന്ധങ്ങളിൽ മാറ്റമുണ്ടാക്കാൻ ശ്രമിച്ചു. മൂന്നു വൻ ശക്തികളിൽ നിന്ന് അകന്നുനിന്നുകൊണ്ട് ഇന്ത്യയുടെ സ്വന്തമായ ഒരു കൂട്ടായ്മ സൃഷ്ടിക്കുകയായിരിക്കണം ഇന്ത്യയുടെ അന്തിമമായ ലക്ഷ്യം. ഈ സങ്കീർണമായ അജൻഡ നടപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വം ശക്തമാകേണ്ടതുണ്ട്. പാകിസ്ഥാൻ ഭീകരവാദവും ഇപ്പോഴും കീറാമുട്ടികളാണ്. ജയശങ്കറിന്റെ സാന്നിദ്ധ്യം ഇക്കാര്യത്തിൽ നിർണായകമായിരിക്കും.

കേരളത്തെ സംബന്ധിച്ചിടത്തോളം വി. മുരളീധരന്റെ മന്ത്രിസ്ഥാനം പ്രാധാന്യമുള്ളതാണ്. കേരളാ ബി.ജെ.പി യുടെ ഒരു പ്രമുഖ നേതാവെന്ന നിലയിൽ അദ്ദേഹം ഈ നിയമനത്തിന് തികച്ചും യോഗ്യനായ ഒരു വ്യക്തിയാണ്. അദ്ദേഹത്തിനു നൽകിയിരിക്കുന്ന വിദേശ മന്ത്രാലയം, വിശേഷിച്ച്, പ്രവാസി കാര്യാലയം തികച്ചും ഉചിതമാണ്. ലോകമാസകലമുള്ള പ്രവാസികളിൽ മലയാളികളുടെ സംഖ്യ അതിപ്രധാനമാണ്. ഈ മന്ത്രാലയത്തിൽ ഒരു മലയാളിയെ മന്ത്രിയായി നിയമിച്ചത് പ്രവാസി മലയാളികൾക്ക് ആശ്വാസം നൽകുന്നു. അതോടൊപ്പം തന്നെ വിദേശകാര്യ നയ രൂപീകരണത്തിലും അദ്ദേഹത്തിന് പങ്കുണ്ടായിരിക്കും. കോൺഗ്രസ് ഭരണകാലത്ത് വയലാർ രവിയും ഇ. അഹമ്മദും കൈകാര്യം ചെയ്തിരുന്ന കാര്യങ്ങളായിരിക്കും മുരളീധരനും കൈകാര്യം ചെയ്യുന്നത്.

ഒരു ശക്തനായ പ്രധാനമന്ത്രി ഉള്ളപ്പോൾ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ അദ്ദേഹം കർശനമായി നിരീക്ഷിക്കും. അദ്ദേഹം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയവർ രാഷ്ട്രീയപരമായോ കഴിവിന്റെ കാര്യത്തിലോ മികവ് കുറഞ്ഞവരാണെന്ന് കാണാം. സുരേഷ്‌പ്രഭു നല്ല മന്ത്രി ആയിരുന്നുവെങ്കിലും ശിവസേനയുമായുള്ള പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് മാറിനിൽക്കേണ്ടിവന്നു. കണ്ണന്താനത്തിനും കഴിവുകൾ കുറവല്ലെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മന്ത്രിസഭയിൽ തുടരാനായില്ല.

വികസന കാര്യത്തിലും സുരക്ഷയിലും വിദേശ നയത്തിലും ഊന്നൽ നൽകിക്കൊണ്ടായിരിക്കും പ്രധാനമന്ത്രി പ്രവർത്തിക്കുക. അതിന് വേണ്ട പ്രാപ്തിയുള്ളവരെ തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. അവരുടെ പ്രവൃത്തിയെ നിരീക്ഷിച്ചതിനു ശേഷമാണ് അവരെ മാറ്റുകയോ പുതിയ മന്ത്രിമാരെ നിയമിക്കുകയോ ചെയ്യുക. മന്ത്രിസഭ വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. അടുത്ത അഞ്ചുവർഷത്തെ ഭരണചക്രം തിരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മന്ത്രിമാർക്ക് കിട്ടിയ അവസരം അവരുപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം.