തിരുവനന്തപുരം: ശബരിമല ഉൾപ്പെടെയുള്ള കാരണങ്ങളാൽ സംസ്ഥാനത്ത് ഇടതുമുന്നണിയുടെ അടിസ്ഥാന ഹിന്ദു വോട്ടുകളിൽ വൻ ചോർച്ചയുണ്ടായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.
തിരുവനന്തപുരത്ത് കാര്യമായ വോട്ട് വീഴ്ചയുണ്ടായെന്ന് കരുതുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് വിഹിതം നിലനിറുത്താനായി. എന്നാൽ സംസ്ഥാനതലത്തിൽ മുന്നണിയെ പിന്തുണച്ചുപോന്ന ഹിന്ദുക്കൾ വൻതോതിൽ ചോർന്നുപോയി. ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മുതൽ അഞ്ച് ശതമാനംവരെ വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇക്കുറി അത് ഇരട്ടിയിലധികമായി. ഇത് ശബരിമല നിലപാട് കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് കരുതാനാവില്ല.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. ശബരിമല പ്രശ്നത്തിൽ കൂട്ടായ തീരുമാനമാണ് മുന്നണിയെടുത്തത്. സർക്കാർ നടപടി ജനങ്ങളെ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും വോട്ടർമാരുടെ വൈകാരികമായ സമീപനത്തെ മറികടക്കാനായില്ല. മുഖ്യമന്ത്രിയുടെ ശൈലി മാറ്റത്തിനായി മാദ്ധ്യമങ്ങൾ വാശി പിടിക്കേണ്ട. ഷർട്ട് മാറുന്നത് പോലെ ശൈലി മാറ്റാനാകില്ല.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് വിലയിരുത്താൻ സി.പി.എെ എക്സിക്യൂട്ടീവ് ആറിനും സംസ്ഥാന കൗൺസിൽ 12,13 തീയതികളിലും യോഗം ചേരും. ഉപതിരഞ്ഞെടുപ്പുകൾക്കായി നേരത്തെ ഒരുങ്ങുമെന്നും തോൽവിയുടെ സാഹചര്യം മറിക്കാൻ ശ്രമിക്കുമെന്നും കാനം പറഞ്ഞു. പ്രസ് ക്ളബ് സെക്രട്ടറി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.