തിരുവനന്തപുരം/ പൊന്നാനി : കുലുക്കി സർബർത്തിനെ താരമാക്കിയ യുവത്വം ഇപ്പോൾ പുതിയൊരു രസക്കൂട്ടിന് പിറകേയാണ്. എരിവും പുളിയും നുരയുമൊക്കെയായി 'ഫുൽജാർ സോഡ"യാണ് കക്ഷി. കുഞ്ഞൻ ഗ്ളാസിലെ രസക്കൂട്ട് വലിയ ഗ്ളാസിലെ സോഡയിലേക്കിറക്കുന്ന നിമിഷം നുരഞ്ഞു പൊന്തും. അപ്പോൾ തന്നെ ഒറ്റവലിക്ക് കുടിച്ചിരിക്കണം. വൈകിയാൽ മുഴുവനും പുറത്തേക്കൊഴുകും. 30 രൂപയാണ് ഒരു ഗ്ളാസിന് വില.
ഉത്തരേന്ത്യയിൽ നിന്നാണ് ഫുൽജാർ സോഡയുടെ കേരളത്തിലേക്കുള്ള വരവ്. നോമ്പുകാലം തുടങ്ങിയതോടെ മലബാറിലാണ് ഇടം പിടിച്ചത്. പിന്നെ കേരളക്കരയാകെ പടരാൻ അധിക സമയമെടുത്തില്ല. പൊന്നാനിയിലെ പ്രധാന പെരുന്നാൾ വിപണിയായ ചന്തപ്പടി മുതൽ ചമ്രവട്ടം ജംഗ്ഷൻ വരെ അര ഡസനോളം ഫുൽജാർ സോഡ കോർണറുകളുണ്ട്. പലേടത്തുമിന്ന് ഇതാണവസ്ഥ.
ഇപ്പോൾ നോമ്പുതുറയിലും മറ്റും വിഭവങ്ങൾക്കിടയിലെ വിശിഷ്ടാഥിതി ഇവൻ തന്നെ. വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. സോഷ്യൽ മീഡിയയാണ് തരംഗമാക്കിയത്. വീഡിയോ കാണുന്നവർ ഫ്യുൽജാർ സോഡ തേടിപ്പിടിക്കുന്നു.
രസക്കൂട്ട്
കുഞ്ഞു ഗ്ളാസിലെ ചെറുനാരങ്ങ നീരിൽ പൊതിന ഇല, ഇഞ്ചി, കാന്താരിമുളക്, കറിവേപ്പില, കറുവപ്പട്ട എന്നിവ അരച്ചു ചേർക്കും. ഇതിൽ തേൻ, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത വെള്ളമൊഴിച്ച് കുതിർത്ത കസ്‌കസും വിതറും. ഈ ഗ്ലാസ് മുക്കാൽ ഭാഗത്തോളം സോഡ ഒഴിച്ച വലിയ ഗ്ളാസിലേക്ക് ഇറക്കുന്നതോടെ സംഗതി റെഡി.
സൂക്ഷിക്കാൻ
വഴിയോരക്കടകളിലെ പാനീയത്തിൽ ചേർക്കുന്ന വെള്ളവും ഐസുമൊക്കെ ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. അല്ലെങ്കിൽ പണികിട്ടും