വർക്കല: സഞ്ചാരികളെ കാത്തിരിക്കുന്ന കാപ്പിൽ തീരത്ത് പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഇവിടെ പൊലീസ്റ്റേഷൻ വേണമെന്നത് സഞ്ചാരികളുടെ കൂടി ആവശ്യമാണ്.
ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർഷം തോറും വർദ്ധിക്കുകയാണ്. രണ്ട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന കാപ്പിൽ മേഖലയിൽ സഞ്ചാരികളായി എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്ന് നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിശാലമായ തീരമായതിനാൽ തദ്ദേശീയരായ സഞ്ചാരികളും പ്രഭാത സവാരിക്കാരും ധാരാളം എത്താറുണ്ട്. ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യവും നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് കുടുംബസമേതം എത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന സംഭവവും ഉണ്ടായി. കൂട്ടുകാരിയുമൊത്ത് കാപ്പിലെത്തിയ കൊല്ലം സ്വദേശിയായ യുവാവിനെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയ ശേഷം യുവാവിന്റെ അഞ്ച് പവന്റെ മാല സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം കവർന്നു. മാനഹാനി ഭയന്ന് യുവാവ് പരാതിപോലും നൽകാതെ തടിതപ്പുകയായിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് കാപ്പിൽ തെക്കുംഭാഗം പ്രദേശത്ത് നടന്നു വരുന്നത്. പൊലീസിന്റെ സാന്നിദ്ധ്യം ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങൾ വർദ്ധിക്കാനുള്ള പ്രധാന കാരണം. അയിരൂർ പൊലീസിന്റെ പട്രോളിംഗും കാര്യക്ഷമമല്ലെന്നാണ് പരാതി. കടൽതീര ടൂറിസത്തോടൊപ്പം കായൽ ടൂറിസത്തിനും വലിയ സാദ്ധ്യതയുളള പ്രദേശമാണ് കാപ്പിൽ. ഡി.ടി.പി.സിയുടെ പ്രിയദർശിനി ബോട്ട് ക്ലബ് നവീകരിച്ച് കാര്യക്ഷമമാക്കിയതോടെ ഒഴിവ് വേളകളിൽ ബോട്ടിംഗിനായി സ്ത്രീകളടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. പ്രകൃതി മനോഹരമായ കാപ്പിൽ കടൽതീരവും കായൽ പരപ്പുകളും സഞ്ചാരികളെ ആകർഷിക്കുമ്പോൾ സഞ്ചരികൾക്ക് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഏർപെടുത്തുന്നതിൽ ടൂറിസം വകുപ്പും ആഭ്യന്തര വകുപ്പും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. ഇടവ ഗ്രാമപഞ്ചായത്തിന്റെയും പരവൂർ നഗരസഭയുടെയും ഇടപെടലുകളും ഇക്കര്യത്തിൽ ഉണ്ടാകേണ്ടതുണ്ട്. അടിയന്തിരമായി സംസ്ഥാന ആഭ്യന്തരവകുപ്പ് കാപ്പിൽ കേന്ദ്രീകരിച്ച് തീരദേശ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
പാപനാശം തീരത്തു നിന്ന് 6 കി.മീറ്റർ
പ്രധാന പ്രശ്നങ്ങൾ
സഞ്ചാരികളുടെ തിരക്ക് നാൾക്കുനാൾ വർദ്ധിക്കുകയാണ്
സഞ്ചാരികൾക്ക് മതിയായ സുരക്ഷയില്ല
സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ്
രണ്ട് ജില്ലകളുടെ അതിർത്തി പ്രദേശമായതിനാൽ അധികൃതർക്ക് അലംഭാവം
തീരദേശ പൊലീസ് സ്റ്റേഷന്റെ ആവശ്യകത അധികൃതർ മനസിലാക്കണം
അധികാരം ആർക്ക്
അയിരൂർ പൊലീസിന്റെ അധികാര പരിധിയിലാണ് കാപ്പിൽ മേഖല. കാപ്പിൽ പാലത്തിന്റെ തൊട്ടപ്പുറത്ത് പരവൂർ പൊലീസിന്റെ അധികാര പരിധിയുമാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇരുകൂട്ടരും അതിർത്തിയുടെ പേരു പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്. അതിനാൽ ഈ മേഖലയിൽ ലഹരിക്കച്ചവടവും മറ്റ് മാഫികളും പിടിമുറുക്കിക്കഴിഞ്ഞു.
പ്രതികരണം
ടൂറിസം വികസനത്തിന്റെ ഭാഗമായി വികസിച്ചു വരുന്ന കാപ്പിൽ പ്രദേശത്തെ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പ്രദേശവാസികളുടെയും സുരക്ഷയ്ക്ക് മുന്തിയ പരിഗണന നൽകി ഇവിടം കേന്ദ്രീകരിച്ച് തീരദേശ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിന് വകുപ്പ് തലത്തിൽ ചർച്ച നടത്തി പ്രശ്നപരിഹാരം കാണും.
അഡ്വ. വി.ജോയി എം.എൽ.എ