വിതുര: പല സ്ഥലങ്ങളിലും മഴ കനിയാൻ തുടങ്ങി. എന്നിട്ടും വിതുര തൊളിക്കോട് ഭാഗങ്ങളിൽ മഴ തിരുഞ്ഞുപോലും നോക്കുന്നില്ല. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും കടുത്ത ചൂടിനും ഒരു ശമനവും വന്നിട്ടില്ല. ഇതിനൊപ്പമാണ് ഇരുട്ടടിയായി പവർക്കട്ടും എത്തിയത്. വിതുര തൊളിക്കോട് പഞ്ചായത്തുകളിൽ വൈദ്യുതി മുടക്കം പതിവാണ്. ഇതിന് മുന്നറിയിപ്പും കാരണം കാണിക്കലും ഒന്നുമില്ല. ഇടവിട്ടുള്ള പവർക്കട്ട് മുറപോലെ നടക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രതിഭാസം തുടങ്ങിയിട്ട്. പവർക്കട്ടും കൂടിയായതോടെ ജനം നട്ടംതിരിയുകയാണ്. കടുത്ത ചൂടും കൂടിനീർക്ഷാമവും മൂലം ബുദ്ധിമുട്ടുന്ന ജനത്തിന് വൈദ്യുതി കൂടി കൃത്യമായി ലഭിക്കാതെ വന്നതോടെ ജീവിതം ദുസ്സഹമായി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന വകുപ്പ് പ്രഖ്യാപനം നടത്തിയിട്ടും പ്രദേശത്ത് നടക്കുന്നത് മറിച്ചാണ്. രാത്രിയും പകലും മണിക്കൂറുകളോളം വൈദ്യുതി മുടക്കം പതിവാണ്. വൈദ്യതി ഓഫീസുകളിലേക്ക് പരാതി പ്രളയമാണ്. വൈദ്യുതിതടസം പതിവായതോടെ വ്യാപാരിസമൂഹവും പ്രതിസന്ധിയിലായി. ഫ്രിഡ്ജിലും,ഫ്രീസറിലും മറ്റും സൂക്ഷിച്ചിരിക്കുന്ന പാലും, ഭക്ഷ്യവസ്തുക്കളും കേടാകുന്നതായാണ് പരാതി. വൈദ്യുതിയെ ആശ്രയിച്ച് കച്ചവടം നടത്തുന്നവരും ബുദ്ധിമുട്ടിലാണ്. വൈദ്യുതിവിതരണം സുഗമമാക്കുവാൻ ഇലക്ട്രിക്സിറ്റിവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
തൊളിക്കോട് പഞ്ചായത്തിലാണ് വിതുരയെ അപേക്ഷിച്ച് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്. നിലവിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ വൈദ്യുതി ഉപയോഗവും ഗണ്യമായി വർദ്ധിച്ചിരുന്നു. ഇതിനൊപ്പമാണ് ജനങ്ങൾക്ക് ഇരട്ടി പ്രഹരം നൽകി വൈദ്യുതി മുടക്കം തുടരുന്നത്.
ഇടവപ്പാതിയും കനിയുന്നില്ല
ഇടവപ്പാതിയിലെ മഴ ആരംഭിക്കുന്നത് വൈകിയത് കുടിവെള്ള പ്രശ്നം രൂക്ഷമാക്കാൻ ഇടയാക്കിയത്. മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. കിണറുകൾ വറ്റിവരണ്ടു. ദൂരെ സ്ഥലങ്ങളിൽ നിന്നും വെള്ളം ചുമന്ന നാട്ടുകാർ മടുത്തു. ടാങ്കർ ലോറികളിൽ ജലം വിതരണം നടത്താൻ പഞ്ചായത്ത് അധികൃതർ കനിയണമെന്ന മുറവിളി ഉയർന്നിട്ടും ഫലമില്ല. ഇപ്പോൾ നീരൊഴുക്കില്ലാത്ത ജലാശയങ്ങളാണ് ഇവരുടെ ആകെ ആശ്രയം.
നദികളും വറ്റി
നീരുറവകൾ ധാരാളമുള്ള വിതുരയിൽ നദികളിലെ നീരൊഴുക്കും കുറഞ്ഞു. ജനങ്ങൾ വെള്ളത്തിനായി ആശ്രയിച്ച ആറുകൾ മലിനീകരണ നിക്ഷേപ കേന്ദ്രമായതോടെ വെള്ളം ശേഖരിക്കാൻ കഴിയാതായി. എന്നാൽ വെള്ളത്തിന്റെ ക്ഷാമം രൂക്ഷമായതോടെ വീണ്ടും ജനം ഈ നദികളെ തന്നെ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ നീരൊഴുക്കില്ലാത്ത ആറുകളിലെ വെള്ളം മലിനമായി തുടരുകയാണ്. നിവർത്തിയില്ലാതെ വന്നതോടെ ജനം വീണ്ടും ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
കാറ്റിൽ പറന്ന് വൈദ്യുതി
മഴ പെയ്തില്ലെങ്കിലും പ്രദേശത്ത് മഴക്കാറും തുടർന്ന് കാറ്റും പതിവാണ്. കാറ്റടിക്കാൻ തുടങ്ങിയാൽ പിന്നെ വൈദ്യുതി കാണാൻ കിട്ടില്ല. ഇത് തിരിച്ചുവരണമെങ്കിൽ മണിക്കൂറുകൾ കഴിയണം. ഒപ്പം അടിക്കടി കറണ്ട് പോകുന്നതുമൂലം വൈദ്യുതിയൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഫ്രിഡ്ജ് ടി.വി ലാപ്പ്ടോപ്പ്, കംപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾ നശിക്കാൻ കാരണമാകുന്നതായാണ് പരാതി. തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ മിക്ക പ്രദേഷങ്ങളിലും വൈദ്യുതി ലൈനുക്ക് മീതെ മരങ്ങൾ അപകടാവസ്ഥയിലാണ് മരങ്ങൾ നിൽക്കുന്നത്. കാറ്റ് വീശീയാൽ ഇത് ലൈനിൽ വീണ് കരണ്ട് പോകുന്നതും പതിവാണ്. ഈ മരച്ചില്ലകൾ അടിന്തരമായി വെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വിതുര പഞ്ചായത്തിലെ പേപ്പാറ ഡാമിൽ വൈദ്യുതി ഉത്പാദനം തകൃതിയായി നടക്കുമ്പോഴാണ് വെളിച്ചത്തിനായി നാട്ടുകാർ നെട്ടോട്ടമോടുന്നത്. പ്രതിദിനം മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് പേപ്പാറ ഡാമിൽ നിന്നും ഉത്പാദിപ്പിക്കുന്നത്. ഫലത്തിൽ പഞ്ചായത്തിൽ വൈദ്യുതി ഉത്പാദനം തകൃതിയാകുമ്പോൾ നാട്ടുകാർ സമരം നടത്തേണ്ട അവസ്ഥയിലാണ്.