train-time

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് രാത്രി 8.30നുള്ള മംഗലാപുരം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16347/48)ഇന്നുമുതൽ വീണ്ടും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവ്വീസ് നടത്തും. സമയത്തിൽ ചെറിയ മാറ്റമുണ്ട്. തിരുവനന്തപുരത്തുനിന്ന് രാത്രി 8.30ന് പകരം 8.40നായിരിക്കും പുറപ്പെടുക. പേട്ടയിൽ 8.45നും കൊല്ലത്ത് 9.52നും കായംകുളത്ത് 10.48നും കോട്ടയത്ത് 11.55നും എറണാകുളത്ത് പുലർച്ചെ 1.40നം തൃശ്ശൂരിൽ പുലർച്ചെ 3നും വടക്കാഞ്ചേരിയിൽ 3.19നുമാണ് ട്രെയിനെത്തുക. ഷൊർണ്ണൂർ മുതലുള്ള സമയത്തിൽ മാറ്റമില്ല.

രാത്രി 10നുള്ള അമൃത രാജ്യറാണി എക്സ് പ്രസ് രണ്ട് സ്വതന്ത്രട്രെയിനുകളാക്കുകയും രാജ്യറാണി എക്സ് പ്രസ് രാത്രി 8.30ന് കൊച്ചുവേളിയിൽ നിന്നും അമൃത രാത്രി 9ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്നത് കണക്കിലെടുത്താണ് സമയമാറ്റം.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മൂന്നാം പിറ്റ് ലൈനിന്റെ നിർമ്മാണം നടക്കുന്നതിന്റെ പേരിൽ ജനുവരിമുതലാണ് മംഗലാപുരം എക്സ് പ്രസ് തിരുവനന്തപുരത്തുനിന്ന് കൊച്ചുവേളിയിലേക്ക് മാറ്റിയത്. നഗരത്തിൽ നിന്ന് മാറിയുള്ള കൊച്ചുവേളിറെയിൽവേ സ്റ്റേഷനിൽ രാത്രി എത്തിപ്പെടാനുള്ള പ്രയാസങ്ങളും ബസ് സൗകര്യങ്ങളില്ലാത്തതും ആട്ടോറിക്ഷക്കാർ വൻനിരക്ക് വാങ്ങുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

പേട്ടയിലും ചിറയിൻകീഴ്,കടയ്ക്കാവൂർ,വർക്കല,പരവൂർ മയ്യനാട് തുടങ്ങിയ ചെറിയ സ്റ്റേഷനുകളിൽ പോലും സ്റ്റോപ്പുള്ളതിനാൽ രാത്രിയാത്രക്കാരും രോഗികളും ഏറെ ആശ്രയിക്കുന്ന ട്രെയിനാണിത്. ഇത് കൊച്ചുവേളിയിലേക്ക് മാറ്റിയത് തിരുവനന്തപുരം ആർ.സി.സി.യിലും മറ്റും ചികിത്സകഴിഞ്ഞ് മലബാറിലേക്ക് പോയിരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.