തിരുവനന്തപുരം :സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷനിൽ നിന്ന് തിങ്കളാഴ്ച വിരമിക്കുന്ന അഞ്ച് യു.ഡി.എഫ് അംഗങ്ങളുടെ ഒഴിവുകളിൽ ഈ മാസം പുതിയ നിയമനം നടന്നേക്കും. ഇടതുമുന്നണിയിൽ ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ, പുതിയ ഘടകകക്ഷികളും കമ്മിഷനിൽ പ്രാതിനിദ്ധ്യം തേടി മുന്നണി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്..
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നിയമിതരായ പി.ശിവദാസൻ, സിമി റോസ്ബെൽ ജോൺ (കോൺഗ്രസ്),ടി.ടി.ഇസ്‌മായിൽ (മുസ്ലീം ലീഗ്),ഇ.രവീന്ദ്രനാഥൻ (എൽ.ജെ.ഡി ), എസ്.ഷൈൻ (ജെ.എസ്.എസ്) എന്നിവരാണ് ആറ് വർഷ കാലാവധി പൂർത്തിയാക്കി നാളെ വിരമിക്കുന്നത്.
ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണ് കമ്മിഷനിലുള്ളത്.
അഞ്ച് പേർ വിരമിക്കുന്നതോടെ അംഗസംഖ്യ16 ആയി കുറയും. ഇതിൽ15 പേരും എൽ.ഡി.എഫ് പ്രതിനിധികളാണ്. ഇവരെല്ലാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം നിയമിതരായവരാണ്. കേരള കോൺഗ്രസ് - എമ്മിലെ പ്രൊഫ.ലോപ്പസ് മാത്യു മാത്രമാണ് കമ്മിഷനിലെ ഏക യു.ഡി.എഫ് പ്രതിനിധി.നാളെ വിരമിക്കുന്ന അഞ്ച് അംഗങ്ങളുടെ ഒഴിവുകൾ സർക്കാർ നികത്തുന്നതോടെ 20 പേരും എൽ.ഡി.എഫ് പ്രതിനിധികളാവും. പ്രൊഫ.ലോപ്പസ് മാത്യുവിന്റെ കാലാവധി അടുത്ത വർഷം തീരും.
നിലവിലെ 15 എൽ.ഡി.എഫ് അംഗങ്ങളിൽ ചെയർമാൻ ഉൾപ്പെട 9 പേരും സി,പി,എം പ്രതിനിധികളാണ്. സി.പി.ഐക്ക് മൂന്ന് അംഗങ്ങളും ജനതാദൾ-എസ്, എൻ.സി.പി, കോൺഗ്രസ്-എസ് എന്നിവയ്ക്ക് ഒാരോ അംഗവുമുണ്ട്.
യു.ഡി.എഫ് വിട്ട എം.പി.വീരേന്ദ്ര കുമാറിന്റെ എൽ.ജെ.ഡി ഇപ്പോൾ ഇടതുമുന്നണിയിലെ ഘടകകക്ഷിയാണ്.തങ്ങളുടെ അംഗം വിരമിക്കുന്ന ഒഴിവിൽ പകരം പ്രാതിനിദ്ധ്യം എൽ.ജെ.ഡി ആവശ്യപ്പെടുന്നു. ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് -ബി, ഐ.എൻ.എൽ എന്നിവയാണ് അടുത്ത കാലത്ത് ഇടതുമുന്നണിയിൽ ഇടം നേടിയ മറ്റ് പാർട്ടികൾ. ഇവരും പി.എസ്.സി അംഗത്വത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട് യു.ഡി.എഫ് വിട്ട ജെ.എസ്.എസ് ഇടതുമുന്നണിയുമായി സഹകരിക്കുന്നുണ്ടെങ്കിലും ഘടകകക്ഷിയാക്കിയിട്ടില്ല.
വിരമിക്കുന്ന അഞ്ച് അംഗങ്ങൾക്കും നാളെ കമ്മിഷൻ ആസ്ഥാനത്ത് യാത്രഅയപ്പ് നൽകും.