തിരുവനന്തപുരം : ബി.എസ്.എൻ.എല്ലിൽ നിന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിരമിച്ചത് 480 പേർ. തിരുവനന്തപുരത്തു നിന്ന് മാത്രം 62 പേരാണ് വിരമിച്ചത്. കൂടാതെ മുന്നൂറോളം താത്കാലിക ജീവനക്കാരും സർവീസ് പൂർത്തിയാക്കി മടങ്ങി. പതിനാറായിരം ജീവനക്കാരാണ് സംസ്ഥാനത്ത് ബി.എസ്.എൻ.എല്ലിലുള്ളത്.
പി.ആൻഡ്.ടി.യിൽ നിന്ന് ടെലികോം വകുപ്പിലേക്കും പിന്നീട് ബി.എസ്.എൻ.എൽ എന്ന പൊതുമേഖലാസ്ഥാപനത്തിലേക്കുമുള്ള ടെലിഫോൺസിന്റെ മാറ്റങ്ങൾക്ക് സാക്ഷിയായ അവസാനബാച്ചാണ് ഇന്നലെ പടിയിറങ്ങയത്. അടുത്തവർഷവും ഇതുപോലെ കൂട്ടവിരമിക്കലുണ്ടാകും.
തിരുവനന്തപുരത്തു നിന്ന് ഡെപ്യൂട്ടി ജനറൽ മാനേജർ മുതൽ അസി.ടെക്‌നിഷ്യൻ വരെയുള്ളവരാണ് പിരിഞ്ഞത്. ഇവർക്ക് പകരം നിയമനം നടത്തില്ല. നഷ്ടത്തിലുള്ള സ്ഥാപനമായതിനാൽ ബി.എസ്.എൻ.എല്ലിൽ ശമ്പളകമ്മിഷൻ വർദ്ധനവും തസ്തിക, ഒഴിവ് നികത്തൽ നടപടികളും പത്തുവർഷമായി നടക്കുന്നില്ല. കൂടുതൽ പേർ പിരിഞ്ഞുപോകുന്നതോടെ പ്രവർത്തനനഷ്ടം കുറയുമെന്നാണ് അധികൃതരുടെ കാഴ്ചപ്പാട്.