പാങ്ങോട്: പാങ്ങോട് ജംഗ്ഷനിലെ പബ്ളിക് മാർക്കറ്റിനുള്ളിൽ ദുർഗന്ധം കാരണം കയറാൻ കഴിയാത്ത അവസ്ഥയിൽ. മാർക്കറ്റിലുള്ളിൽ കുന്നുകൂടി കിടക്കുന്ന മാലിന്യവും സെപ്റ്റിക് ടാങ്കിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന മലിനജലവുമാണ് ദുർഗന്ധത്തിന് കാരണം. മത്സ്യ മാംസാവശിഷ്ടങ്ങൾ മറവ് ചെയ്യാനായി ചന്തയ്ക്കുള്ളിൽ നിർമിച്ച ടാങ്കാണ് നിറഞ്ഞ് കവിഞ്ഞൊഴുകുന്നത്. മാർക്കറ്റിൽ കച്ചവടത്തിനായി കൊണ്ട് വരുന്ന മത്സ്യമാംസാദികളുടെ അവശിഷ്ടങ്ങളും രക്തം കലർന്ന മലിനജലവുമെല്ലാം വർഷങ്ങളായി ഇതിനുള്ളിലേക്കാണ് നിക്ഷേപിച്ചിരുന്നത്.
ഇവിടെ സാധനങ്ങൾ വാങ്ങാൻ വരുന്നവർ മാലിന്യത്തിൽ ചവിട്ടി വേണം കടന്ന് പോകാൻ. മഴ പെയതതോടെ ഇവ അഴുകി നാറാൻ തുടങ്ങി.
മാർക്കറ്റിനോട് ചേർന്നാണ് ബസ് സ്റ്റാൻഡുള്ളത്. മൂക്ക് പൊത്തിയാണ് യാത്രക്കാർ ഇവിടെ ബസ് കാത്ത് നിൽക്കുന്നത്. നാട്ടുകാർ പാരാതിപ്പെട്ടതിനെ തുടർന്ന് ഒരിക്കൽ ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും ടാങ്ക് അടിയന്തരമായി വൃത്തിയാക്കുകയോ പുതിയത് നിർമ്മിക്കുകയോ വേണമെന്ന് പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോൾ ആരോഗ്യപ്രവർത്തകരും ഇവിടേക്ക് തിരിഞ്ഞ് നോക്കാറില്ല.