autonomous-college
autonomous college

‌തിരുവനന്തപുരം: സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി നിയമഭേദഗതി കൊണ്ടുവരാനും സ്വയംഭരണ ആക്ടിന് ചട്ടം രൂപീകരിക്കാനും ഓട്ടോണമി അപ്രൂവൽ കമ്മിറ്രി തീരുമാനിച്ചു. ഒരു മാസത്തിനകം ചട്ടമുണ്ടാക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. ആക്ടിൽ ഭേദഗതി വരുത്തിയശേഷം പുതിയ കോളേജുകളിൽ നിന്ന് ഇക്കൊല്ലം തന്നെ അപേക്ഷ സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.

സ്വയംഭരണ കോളേജുകളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ച ഉന്നതസമിതിയുടെ റിപ്പോർട്ട് ഭേദഗതികളോടെ അംഗീകരിച്ചു. നിലവിൽ 18 എയ്ഡഡ് കോളേജുകൾക്കും എറണാകുളം മഹാരാജാസ് കോളേജിനുമാണ് സ്വയംഭരണമുള്ളത്.
സ്വയംഭരണ കോളേജുകളിലെ പുതിയ കോഴ്സുകളുടെ സിലബസ് 30 ദിവസത്തിനകം സർവകലാശാല അംഗീകരിച്ചില്ലെങ്കിൽ, അനുമതി ലഭിച്ചതായി കണക്കാക്കി കോഴ്സുകൾ തുടങ്ങാമെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തി. 30 ദിവസമെന്നത് ആറുമാസമായി ഉയർത്തി. കോളേജ് ഗവേണിംഗ് സമിതിയിൽ തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ അംഗീകരിച്ചില്ല.

അക്കാഡമിക് രംഗത്ത് പ്രാഗല്ഭമുള്ളവരുടെ സേവനം സ്വയംഭരണ കോളേജുകളിൽ നിർബദ്ധമാണെന്ന് മന്ത്രി ജലീൽ പറഞ്ഞു. ഗവേണിംഗ് സമിതിയിൽ സമർത്ഥരെ ഉൾപ്പെടുത്തണം. നിയമഭേദഗതിക്കായി നിയമസഭാ സമ്മേളനത്തിനു ശേഷം ഓർഡിനൻസ് ഇറക്കുന്നത് പരിഗണിക്കും.

ഭരണ സമിതിയിൽ

വിദ്യാർത്ഥി പ്രതിനിധികൾ

അക്കാഡമിക് കൗൺസിലിൽ കോളേജ് യൂണിയൻ ചെയർമാനെയും ഗവേണിംഗ് സമിതിയിൽ സെക്രട്ടറിയെയും ഉൾപ്പെടുത്തും. അദ്ധ്യാപക പ്രതിനിധികൾ കൗൺസിലിൽ ഉണ്ടാവും. വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ സ്ഥിരം സംവിധാനമുണ്ടാക്കും. ഓരോ വിഷയത്തിനും പ്രത്യേകം ബോർഡ് ഒഫ് സ്റ്റഡീസ് രൂപീകരിക്കണം. അദ്ധ്യാപകർക്ക് യു.ജി.സി നിർദ്ദേശിച്ച യോഗ്യതയുണ്ടോയെന്ന് പരിശോധിക്കും. സ്വയംഭരണ കോളേജുകളിൽ നിന്ന് പരീക്ഷകളുടെ മാർക്ക് ലഭിച്ച് 45 ദിവസത്തിനകം സർവകലാശാലകൾ ബിരുദ സർട്ടിഫിക്കറ്റ് നൽകണം. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന് കൂടുതൽ ഫിനാൻഷ്യൽ, അഡ്‌മിനിസ്ട്രേറ്രീവ് അധികാരം നൽകും. സ്വയംഭരണത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതിന് കുട്ടിക്കാനം മരിയൻ കോളേജിലെ അദ്ധ്യാപകനെ പിരിച്ചുവിട്ടെന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എം.ജി വൈസ്ചാൻസലറെ ചുമതലപ്പെടുത്തി.