കോവളം: കഴക്കൂട്ടം - കാരോട് ബൈപാസിലെ കോവളം - വെള്ളാർ റോഡ് ഇനി മുതൽ വൺവേ. ബൈപാസിലെ തിരുവല്ലം മുതൽ കോവളം വരെയുള്ള ആറു കിലോ മീറ്ററോളം വരുന്ന റോഡ് പണിപൂർത്തിയായതോടെ ഇവിടെ വൺവേ ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ റോഡിന്റെ ഇരുവശത്തെ സർവീസ് റോഡിന്റെ പണി ചിലയിടങ്ങളിൽ അവസാനഘട്ടത്തിലാണ്. ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് വെള്ളാർ മുതൽ കോവളം ജംഗ്ഷൻ വരെയുള്ള സർവീസ് റോഡിന്റെ നിർമ്മാണത്തിന് പാറകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈപാസിന്റെ വശത്ത് നിക്ഷേപിച്ച മാലിന്യങ്ങളും നിർമ്മാണത്തിനുള്ള പ്രധാന തടസമായി. ബൈപാസ് വികസനത്തിന് നിശ്ചയിച്ച സ്ഥലങ്ങളിലെല്ലാം മണ്ണിനടിയിൽ പൊടിഞ്ഞു ചേരാത്ത വിധം പ്ലാസ്റ്റിക്കും ഖര വസ്തുക്കളും മാലിന്യങ്ങളും അട്ടിയിട്ട നിലയിലായതിനാൽ ഇവ ഇവിടെ നിന്ന് നീക്കം ചെയ്ത ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. മാലിന്യം പുറത്തെടുത്താൽ പകരം നിക്ഷേപിക്കാൻ സ്ഥലമില്ലാത്തതും നിർമ്മാണത്തിന് പൊല്ലാപ്പായി. കോവളം തിരുവല്ലം ബൈപാസിൽ ഒരു വർഷത്തിനിടെ ആറോളം ജീവനുകളാണ് പൊലിഞ്ഞത്. ഗതാഗത നിയന്ത്രണത്തിനായി സ്വകാര്യ ഹോട്ടലുകളുടെ പങ്കാളിത്തത്തോടെ പൊലീസ് വാഴമുട്ടം ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരുന്നു. ഇവിടെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതോടെ അപകടം ഒഴിവാകുകയും തുടർന്ന് സ്പീഡ് ബ്രേക്കറുകൾ തുപ്പനത്ത് ക്ഷേത്രത്തിന് സമീപം സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് അർദ്ധരാത്രിയിൽ അമിതവേഗതയിലെത്തിയ അജ്ഞാത വാഹനം സ്പീഡ് ബ്രേക്കർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിതവേഗതയിൽ ചീറിപ്പായുന്ന വാഹനങ്ങളെ രാത്രികാലങ്ങളിൽ നിയന്ത്രിക്കാൻ പൊലീസിന് സംവിധാനമില്ല. മാത്രമല്ല വാഴമുട്ടത്തുനിന്നും വെള്ളാർ വഴി സമുദ്രാ ബീച്ചിലേക്ക് പോകേണ്ട വാഹനങ്ങൾ ഇടത് വശത്തെ സർവീസ് റോഡിലെ അണ്ടർ പാസിനടിയിലൂടെ പോകാതെ വലത് വശത്തെ സർവീസ് റോഡിലൂടെ ദിശ തെറ്റിച്ച് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും തീരുമാനമായിട്ടുണ്ട്.