നെടുമങ്ങാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളും കോർപറേഷനും ചേർന്ന് അമൃത് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. ഇതോടെ തലസ്ഥാനത്തെയും പരിസരങ്ങളിലെയും കുടിവെള്ള വിതരണ നിയന്ത്രണം പഴങ്കഥയാകും. എഴുപത് കോടി രൂപ മുതൽമുടക്കിൽ 75 എം.എൽ.ഡി പ്ലാന്റാണ് സജ്ജമാവുന്നത്. 50 ശതമാനത്തിലേറെ പൂർത്തിയായ പ്ലാന്റിൽ ബ്രേക്ക് പ്രഷർ ടാങ്ക് (ബി.പി.പി) നിർമ്മാണമാണ് ബാക്കി നിൽക്കുന്നത്. റാവാട്ടർ പൈപ്പ്ലൈൻ, കെമിക്കൽ ഹൗസ്, ഫിൽറ്റർ ഹൗസ്, പമ്പുഹൗസ് എന്നിവ പൂർത്തിയായി. ജല അതോറിട്ടി തിരുവനന്തപുരം പ്രോജക്ട് ഡിവിഷൻ നേരിട്ടു നിർമ്മിക്കുന്ന ജലശുദ്ധീകരണ പ്ലാന്റ് മൂന്നേക്കർ സ്ഥലത്താണ് പുരോഗമിക്കുന്നത്. മെഡിക്കൽ കോളേജിലും ടെക്‌നോപാർക്കിലും ഉൾപ്പെടെ അടിക്കടിയുണ്ടാവുന്ന ശുദ്ധജല തടസം പ്ലാന്റ് പ്രവർത്തന സജ്ജമാവുന്നതോടെ പരിഹരിക്കപ്പെടും. കരകുളം,അരുവിക്കര,പേരൂർക്കട, പോങ്ങുമൂട് ഭാഗങ്ങളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ശുദ്ധജല വിതരണത്തിലെ നിയന്ത്രണം പൂർണമായും നീക്കും.വീടുകളിൽ വെള്ളം സംഭരിച്ച് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റേണ്ട അവസ്ഥ മാറും. സിറ്റിയിൽ വെള്ളം നൽകുന്ന പ്രദേശമായിട്ടും അരുവിക്കരയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലം കിട്ടാക്കനിയാണെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടും.
ജലവിതരണം ഇപ്പോൾ
അരുവിക്കരയിൽ ഇപ്പോൾ നാല് പ്ലാന്റുകൾ പ്രവർത്തന ക്ഷമമാണ്.1973-85 കാലഘട്ടത്തിൽ ഡാം സൈറ്റിൽ പൂർത്തിയാക്കിയ 72 എം.എൽ.ഡി പ്ലാന്റ്, 99 ൽ ചിത്തിരക്കുന്നിൽ നിർമ്മിച്ച 86 എം.എൽ.ഡി പ്ലാന്റ്, ഇതിനോട് ചേർന്ന് 2011 ൽ നിർമ്മിച്ച 74 എം.എൽ.ഡി പ്ലാന്റ്, 36 എം.എൽ.ഡി ബൂസ്റ്റർ പമ്പു ഹൗസ്. നിലവിലുള്ള ജലവിതരണ ശൃഖലയുടെ ജീവൻ ഇവയാണ്. എന്നാൽ, അറ്റകുറ്റപ്പണി നടത്തുന്ന വേളകളിലും തുടർച്ചയായ പ്രവർത്തന കാലയളവിലും ജലവിതരണത്തിൽ വൻ തോതിൽ കുറവ് അനുഭവപ്പെടുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അമൃത് പദ്ധതി നടപ്പായാൽ ജലലഭ്യതയിലെ കുറവ് പ്രതികൂലമായി ബാധിക്കാതെ വിതരണം കാര്യക്ഷമമാക്കാൻ സാധിക്കുമെന്ന് ജല അതോറിട്ടി അധികൃതർ പറഞ്ഞു. പ്ലാന്റ് നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ മേയർ വി.കെ.പ്രശാന്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഇവിടെ സന്ദർശിച്ചിരുന്നു. നിർമ്മാണ പുരോഗതി വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥ സംഘം ഉടൻ സന്ദർശനം നടത്തും.