വിഴിഞ്ഞം: കോവളം ലൈറ്റ് ഹൗസ് തീരത്ത് അപൂർവയിനത്തിൽപ്പെട്ട കടലാമയുടെ ജഡം കരയ്ക്ക
ടിഞ്ഞു. വന്യജീവി സംരക്ഷണ പട്ടികയിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഒലീവ് റിഡ്ലി എന്ന കടലാമ യാണ് ചത്ത് കരയ്ക്കടിഞ്ഞത്. മറ്റു ആമകളെപ്പോലെ തലയും കൈയും അകത്തേയ്ക്ക് വലിക്കാൻ ഇവയ്ക്ക് സാധിക്കില്ല. വെള്ളിയാഴ്ച രാത്രി കോവളത്തെ ടൂറിസം പൊലീസാണ് ആമയുടെ ജഡം കണ്ടെത്തിയത്. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ആമയുടെ ജഡം ഇന്നലെ പരുത്തിപ്പളളി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൊണ്ടുപോയി.
പോസ്റ്റ്‌മോർട്ടം നടത്തി. 85 സെ.മീ നീളവും ഏകദേശ 80 വയസും കണക്കാക്കുന്നതായി ഫോറസ്റ്റ് അധികൃതർ പറഞ്ഞു. പ്രായക്കൂടുതലാകാം ഇവ ചാകാനുള്ള കാരണമെന്ന് സംശയിക്കുന്നതായി റേഞ്ച് ഓഫീസർ വിനോദ് പറഞ്ഞു. മാർച്ച് 18 ന് കാസർകോട് തൃക്കരിപ്പൂർ വലിയപറമ്പ് കടൽ തീരത്തും ഈ ഇനം ആമ ചത്തടിഞ്ഞിരുന്നു. ഡിസംബർ മുതൽ മാർച്ചുവരെയുള്ള മാസങ്ങളിൽ ഇവ മുട്ടയിടാനായി കടൽ തീരത്തേക്ക് എത്താറുണ്ട്. വെളുത്ത വാവ് സമയത്തും ഇവ കൂടുതലായി കരയിലേക്ക് എത്താറുണ്ട്. കടലിലേക്ക് വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ ,പ്ലാസ്റ്റിക്കുകൾ, വലകൾ എന്നിവയെല്ലാം ഇവയ്ക്ക് ഭീഷണിയാണ്. കടലിലെ വിഷമത്സ്യങ്ങൾ, ജെല്ലി ഫിഷുകൾ, കൂണുകൾ എന്നിവ ഇവ ആഹാരമാക്കാറുണ്ട്. പരുത്തിപ്പള്ളി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ഗംഗാധരൻ, ബീറ്റ് ഓഫീസർമാരായ സന്തോഷ് കുമാർ, നസീർ, വിഴിഞ്ഞം ഫിഷറീസ് അസി.ഡയറക്ടർ രാജീവ്, മറൈൻ എൻഫോഴ്സ്‌മെന്റ് എസ്.ഐ ഷിബു രാജ്, സി.പി .ഒ വിനോദ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.