പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ അത്യുജ്ജ്വലമായ പ്രകടനം കാഴ്ചവച്ചുകൊണ്ട് എൻ.ഡി.എ നേതൃത്വത്തിൽ ഭാരതത്തിലെ 22-ാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദർ ദാസ് മോദി അധികാരത്തിലേറിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനഹിതമാണിത്. ഇത് മാനിക്കാനും ഉൾക്കൊള്ളാനും ഓരോ രാഷ്ട്രീയപാർട്ടിക്കും ഓരോ പൗരനും ഭരണഘടനാപരമായും ധാർമ്മികമായും ഉത്തരവാദിത്വമുണ്ട്. മഹാഭൂരിപക്ഷം വളരെ ആവേശത്തോടും പ്രതീക്ഷയോടും രണ്ടാംവട്ടവും തിരഞ്ഞെടുത്ത, പിന്നാക്ക വിഭാഗക്കാരൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ.
ഇത് മോദി-അമിത്ഷാ കൂട്ടുകെട്ടിലൂടെ രൂപപ്പെട്ട മോദിഇഫക്ടിന്റെ വിജയമാണ്. ഒരാൾ ശക്തനായ ഭരണാധികാരിയാണെങ്കിൽ മറ്റെയാൾ ശക്തനായ സംഘാടകനുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സാമാന്യ ജനങ്ങളുടെ ഹൃദയത്തുടിപ്പുകളേറ്റു വാങ്ങി ഇന്ത്യയെ നെഞ്ചോടു ചേർത്ത് ലോകത്തിന്റെ നെറുകയിലേക്ക് കടന്നുകയറി. പക്വമതിയും രാഷ്ട്രതന്ത്രജ്ഞനുമായ അമിത് ഷാ ഭാരതീയ ജനതാപാർട്ടിയെ നെഞ്ചോടു ചേർത്ത് ദേശീയതയുടെ ഉജ്ജ്വലവക്താവായി.
പ്രതിപക്ഷം നോട്ടുനിരോധനത്തിന്റെയും ചരക്കുസേവന നികുതിയുടെയും പെട്രോൾ വിലവർദ്ധനയുടെയും റാഫേൽ ഇടപാടിന്റെയും ഇടനാഴികളിലൂടെ ചുറ്റിത്തിരിഞ്ഞപ്പോൾ സ്വച്ഛഭാരത്, ദേശീയ ശുചിത്വമിഷൻ പദ്ധതികളും, 13 കോടി വീട്ടമ്മമാർക്ക് സൗജന്യ വൈദ്യുതി കണക്ഷൻ, ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി , വൈദ്യുതീകരണം,റോഡുകൾ എന്നിവയൊക്കെ വടക്കേ ഇന്ത്യയിലെ ഗ്രാമീണമേഖലയിൽ എത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു മോദിയും സർക്കാരും. അടിസ്ഥാനമേഖലയിൽ വമ്പൻ പദ്ധതികൾ ആവിഷ്കരിച്ചപ്പോൾ നോട്ടുനിരോധനവും ജി.എസ്.ടിയും അപ്രസക്തമായി. അടിസ്ഥാന വികസനം നൽകിയ മോദിജിയാണ് രക്ഷകനെന്ന് ജനം തീരുമാനിച്ചു. അത് വികസന രാഷ്ട്രീയ വിജയം കൂടിയാണ് .
17-ാംലോക്സഭയിലേക്ക് സൈക്കിളിൽ പോകാവുന്ന തരത്തിൽ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ പരിമിതപ്പെട്ടെങ്കിൽ ശൈലിമാറ്റവും തിരുത്തലുകളും അനിവാര്യമാണ്. ആദ്യത്തെ പാർലമെന്റിൽ അടിസ്ഥാനവർഗത്തിന്റെ ഗർജ്ജനമായി 27പേരെ എത്തിച്ചതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. 1977ലും 1996ലും അതിനുശേഷം 2004-ലുംകേന്ദ്രസർക്കാരിനെ അധികാരത്തിലേറ്റാൻ നിർണായക പങ്കുവഹിച്ചത് ഇടതുപക്ഷമായിരുന്നു. ഒന്നരപതിറ്റാണ്ടിനപ്പുറം 45 സിംഹക്കുട്ടികൾ ചെങ്കൊടിയുമേന്തി ഇന്ത്യൻ പാർലമെന്റിലേക്ക് നടന്നുകയറിയപ്പോൾ പിന്നാക്ക ദളിത് വിഭാഗങ്ങളും തൊഴിലാളിവർഗവും സ്വപ്നം കണ്ടത് തങ്ങളുടെ ഇന്ത്യയെയായിരുന്നു. 30 വർഷത്തിലേറെ തുടർച്ചയായി വംഗനാട്ടിൽ അധികാരത്തിലിരുന്ന ഇടതുപക്ഷപ്രസ്ഥാനത്തിന്റെ അടിത്തറ തകരാൻ തുടങ്ങിയിട്ട് 10 വർഷമേ ആയിട്ടുള്ളൂ. ഇന്ന് അവിടെ ഒരു സീറ്റുപോലുമില്ല എന്നു മാത്രമല്ല രണ്ടാം സ്ഥാനംപോലും നഷ്ടമായി. കമ്മ്യൂണിസ്റ്റുകാർക്ക് , ബി.ജെ. പി.ക്ക് വോട്ട് ചെയ്യാനും ചെയ്യിക്കാനും ഇറങ്ങേണ്ടി വന്നതിന് കാരണം തൃണമൂൽ കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയമാണെങ്കിൽ കേരളത്തിലെ ചില നേതാക്കൻമാരുടെ നേതൃത്വത്തിലുള്ള അക്രമരാഷ്ട്രീയ മനോഭാവത്തിന് മണിച്ചിത്രത്താഴിട്ട് പൂട്ടുക തന്നെവേണം.
കേന്ദ്രത്തിൽ മോദി അധികാരത്തിൽ വരുമെന്നും ആലപ്പുഴയിൽ ഇടതുപക്ഷം ജയിക്കുമെന്നും യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ വിലയിരുത്തുകയും ധൈര്യമായി പറയുകയും ചെയ്തിരുന്നു. അത് യാഥാർത്ഥ്യമായി. അത് ആലപ്പുഴ ജില്ലാകോൺഗ്രസ് നേതൃത്വത്തിനോടുള്ള ഈഴവ സമുദായത്തിന്റെ ഒരു നോബിൾ റിവഞ്ച് കൂടിയായിരുന്നു. കേന്ദ്രത്തിൽ നരേന്ദ്രമോദി അധികാരത്തിലെത്താൻ പാടില്ലെന്ന് ന്യൂനപക്ഷനേതൃത്വം തീരുമാനിച്ചിരുന്നു. അവരിലെ മോദി ഭയം അത്രയ്ക്കുണ്ടായിരുന്നു. വിദേശ ഫണ്ടിംഗിന്റെ കാര്യത്തിലും ഭീകരവിരുദ്ധ പ്രവർത്തനത്തിന്റെ കാര്യത്തിലുമുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും മുത്തലാഖ് പോലുള്ള വിഷയത്തിലെ നിലപാടും അവരെ മോദിവിരുദ്ധരാക്കി. അത് വടക്കേ ഇന്ത്യയിൽ നടപ്പായില്ല. പക്ഷേ വയനാട്ടിലെ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ കേരളത്തിൽ പൂർണമായും നടപ്പാക്കാനായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായി ലഭിച്ച ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ യു.ഡി.എഫിലേക്ക് മറിഞ്ഞു. ശബരിമല വിഷയത്തിലൂടെ വിശ്വാസികളുടെ മനസിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവുകൾ പരമ്പരാഗതമായി എൽ. ഡി. എഫിന് ലഭിച്ചുകൊണ്ടിരുന്ന, ഭൂരിപക്ഷ സമുദായത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും നഷ്ടപ്പെടുത്തി.അധികാര രാഷ്ട്രീയത്തിന്റെ സമവാക്യമായി നടത്തിയിട്ടുള്ള ന്യൂനപക്ഷ/ സവർണ പ്രീണനത്തിലൂടെ അവർ എല്ലാം നേടിയിട്ടും നേതൃത്വത്തിന്റെ സ്വകാര്യ അജൻഡ നടപ്പാക്കാനായി കേന്ദ്രസർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും കരുനീക്കങ്ങൾ നടത്തിയത് ബന്ധപ്പെട്ടവർ ആഴത്തിൽ പഠിക്കണം.
മുതിർന്ന നേതാക്കൻമാർ തന്നെ പ്രതിപക്ഷ ബഹുമാനമില്ലാതെ സ്ഥാനത്തും അസ്ഥാനത്തും നടത്തിയ പരാമർശങ്ങൾ വീഴ്ചയുടെ ആക്കം കൂട്ടി. അക്രമരാഷ്ട്രീയവും ഇടുക്കി കൈയേറ്റവും ചില സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അവമതിപ്പും തോൽവിക്കു കാരണമായി.
ഇടതു മതനിരപേക്ഷ പ്രസ്ഥാനത്തിന് പിഴച്ചാൽ അത് എവിടെ വരെയെത്തുമെന്ന് അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും ഒട്ടനവധി അനുഭവ സാക്ഷ്യമുണ്ട്. അങ്ങനെ സംഭവിക്കാൻ പാടില്ല. കാരണം അത് പാർട്ടിയുടെ മാത്രം കാര്യമല്ല. ഏതൊരു ഭരണസംവിധാനത്തിന്റെയും തിരുത്തൽ ശക്തിയാണ് ഇടതുപക്ഷം. അത് തിരിച്ചറിഞ്ഞ് തിരുത്തൽ, ചേർത്തു നിറുത്തൽ, സംരക്ഷിക്കൽ എന്ന നിലയിലേക്ക് ശൈലി മാറ്റണം. എന്നാൽ മാത്രമേ ജനങ്ങൾ വിശ്വാസത്തിലെടുക്കൂ.
(യോഗനാദം ജൂൺ 1 ലക്കത്തിലെ മുഖപ്രസംഗം)