ചരിത്രത്തിലേക്ക് മറയുകയാണ് 2019 ലെ ജനവിധി. കൃതമായ ഭൂരിപക്ഷത്തോടെ ആദ്യമായി ഭരണം പുനസ്ഥാപിക്കപ്പെട്ട ജനവിധിയിൽ ചരിത്രം കുറിക്കുന്നതും പാഠങ്ങൾ പഠിക്കേണ്ടതുമായ ഒട്ടേറെഘടകങ്ങളുണ്ട്. ചിലതു മാത്രം ചർച്ച ചെയ്യാം.
സ്വതന്ത്ര ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ വോട്ടു ചെയ്തതും അതിൽ ഏറ്റവുമധികം സ്ത്രീ വോട്ടർമാർ വോട്ടു ചെയ്തതും 18-36 വയസ്സിനിടയിലുളള വോട്ടർമാ, കന്നിവോട്ടർമാരും ഏറ്റവുമധികം വോട്ടുചെയ്തതുമായ തെരഞ്ഞെടുപ്പുമാണ് 2019. സാമൂഹ്യ വ്യക്താധിഷ്ഠിത മാധ്യമങ്ങൾ മാധ്യസ്ഥ്യം ഏറ്റവും വഹിച്ച തിരഞ്ഞെടുപ്പുമാണിത്. ആയതുകൊണ്ടു തന്നെ ജനവിധി ആധികാരികമാണ്, വിവിപാറ്റും ഇ. വി. എമ്മും തമ്മിൽ കണക്കുകൾ സംസാരിച്ചു രമ്യതയിലായതിൽ പിന്നെ ജനവിധിയിൽ സാങ്കേതിക അട്ടിമറിക്കുളള സാധ്യത ശങ്കക്കു വക നൽകുന്നില്ല. ഒരു മെഷീനും കംപ്യൂട്ടർ ആൽഗോരിഥത്തിനും വഴി തെറ്റിക്കാനാവാത്ത വിധം വിജയിയെ നിർണ്ണയിക്കുന്നതിലെ ജനമനസ്സിനെ തെരഞ്ഞെടുപ്പ് പ്രക്രിയ ഒപ്പിയെടുത്തിരിക്കുന്നു. വഴി മദ്ധ്യേ പഴി ഒരുപാടു കേട്ടെങ്കിലും തിരഞ്ഞെടുപ്പു കമ്മീഷനും ജനവിധിയിൽ വ്യക്തമായി വിജയിയായി.
തെരഞ്ഞെടുപ്പിന്റെ കാമ്പെയിനിൽ വിജയിച്ച ചേരുവ ഇതാണ്. നേരിട്ടുളളതും നിർമ്മാണാത്മകവുമായ അഭിലാഷങ്ങൾകൊണ്ടു സമൃദ്ധമായ ഇൻഡ്യയെയും ഇൻഡ്യയുടെ ചെറുപ്പത്തെയും പ്രചോദിപ്പിക്കുന്ന കാമ്പെയിനാണ് വിജയിക്കുക. ഭരണത്തിലെ സ്വാഭാവിക ന്യൂനതകൾ തൽക്കാലം വിസ്മരിപ്പിക്കുന്ന കാലികമായ ദേശസുരക്ഷ പ്രശ്നം സുരക്ഷ വീട്ടിലും പുറത്തും എന്ന ഒരു വലിയ പരിഗണന വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ആശങ്കാജനകമായ ഒരു ചുറ്റുപാടിൽ സെക്യുലർ മൂല്യബോധമുളള രാജ്യത്തിന് നിലനിൽക്കാനാവശ്യമായ അടിസ്ഥാന സുരക്ഷ എന്ന വിശ്വാസ പ്രത്യയം ആർക്കാണ് ജനിപ്പിക്കാനാവുക എന്നത് വടക്ക് പടിഞ്ഞാറൻ ഇൻഡ്യയിൽ മുഖ്യ പരിഗണനയാണ്. അതിർത്തി സംസ്ഥാനങ്ങളുടെ മാനസികാവസ്ഥ കേരളീയർക്കത്ര ബോധ്യമാവില്ല. നമ്മുടെ അയൽ കടലും തമിഴ്നാട് കർണ്ണാടകങ്ങളുമാണല്ലോ. ഒപ്പം സാമ്പത്തിക ശക്തികുറഞ്ഞതും ഇടത്തരവുമായ കുടുംബങ്ങൾക്കാകെ പ്രാഥമിക ഊർജ്ജ സുരക്ഷ സമ്പൂർണ്ണ വൈദ്യുതീകരണം, കുക്കിംഗ് ഗ്യാസ് സബ്സിഡിയും കണക്ഷനും ആരോഗ്യസബ്സിഡിയും കാർഷിക ഇൻഷുറൻസും ലഭിച്ചു. മലിനീകരണം കുടുംബ ഗ്രാമ പശ്ചാത്തലത്തിൽ ഏറ്റവും കുറയ്ക്കാനുതകുന്ന ഗാർഹിക പൊതു ശൗചാലയ നിർമ്മാണത്തിൽ ഊന്നുക വഴി ഗ്രാമീണ വനിത സ്വാഭിമാന സന്ദേശങ്ങൾ വലിയൊരു ജനസംഖ്യയിലെത്തിയത് ഒക്കെ പ്രസക്തമായി. രാജ്യാതിർത്തി സുരക്ഷ ഗാർഹിക ഊർജ്ജ ശുചിത്വ സുരക്ഷ ഇങ്ങനെ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മർമ്മത്തിൽ ഊന്നിയതാണ് വിജയികളുടെ സന്ദേശത്തിന്റെ കാതൽ. ലളിതവും കൃത്യവുമായ ഒരു പ്രസ്താവനയാണ് അത്.
ഇതരരുടെ സന്ദേശ പ്രവാഹത്തിന്റെ വിഷയങ്ങൾ ഗാഢമായ മത നിരപേക്ഷിത, പ്രതിരോധ ഇടപാടുകൾ, ജനാധിപത്യ സംരക്ഷണം, കാർഷിക സഹായ പദ്ധതി എന്നിവയൊക്കെ അമൂർത്തങ്ങളായ എന്നാൽ വളരെ പ്രസക്തങ്ങളായ ആശയ വൈവിദ്ധ്യങ്ങളാണ്. എന്നാൽ ഇവയുടെ സങ്കീർണ്ണത പൂർണ്ണമായും എളുപ്പം ശരാശരി വോട്ടർക്കു ബോദ്ധ്യപ്പെടുകയില്ല. ഇൻഡ്യയിലെ ശരാശരി വോട്ടർ സ്വന്തം ജീവിതത്തിൽ അത്രയൊന്നും സെക്യുലറല്ല എന്നതാണ് സത്യം. മതഭേദവും ജാതിയുടെ ആചരണവും അവന്റെ ദൈനംദിന ജീവിത അനുഭവമാണ്. സെക്യുലറായ ഒരു പാഠ്യക്രമം തന്നെ പുനരഭ്യസിപ്പിക്കുന്നുണ്ടെങ്കിലും നൂറ്റാണ്ടുകളായുളള ആചരണങ്ങൾ ഒരു സുപ്രഭാതത്തിൽ ഉപേക്ഷിക്കുന്നവരല്ല ഭൂരിപക്ഷ സമുദായവും മതന്യൂനപക്ഷങ്ങളും, ഒറ്റ രാത്രികൊണ്ട് ആചാരാനുഷ്ഠാനങ്ങൾ മാറ്റി മറിക്കാനിഷ്ടപ്പെടുന്നവരല്ല. അങ്ങനെയുളള മതനിരപേക്ഷത ഒരു മൂല്യമായി കാണുന്നുവെങ്കിലും ആചരിക്കാൻ വിഷമമുളളവരുടെയുമായ സമൂഹത്തിൽ ആഭ്യന്തര സുരക്ഷ, ഊർജ്ജ/ഭക്ഷ്യ/മലിനീകരണ സുരക്ഷമറ്റു വാക്കുകളിൽ പറഞ്ഞാൽ സ്വന്തം പരിസര സുരക്ഷ പരമാവധി ജനങ്ങൾക്കാകർഷകമായ ഒരു മുദ്രാവാക്യമാകാൻ ഒട്ടും പ്രയാസമില്ല. എല്ലാ വിജയ ചേരുവകളും അതിലുണ്ട്.
ഇതൊക്കെ ശരാശരി കുടുംബങ്ങളിൽ എത്തിച്ചു തരികയും രാത്രിയിൽ വന്നെത്തുന്ന കാർഷിക വിളകളെയും പശുക്കളെയും (!) മോഷ്ടിക്കുന്ന കളളന്മാരിൽ നിന്നും സംരക്ഷിക്കുന്നവരായ തുഛ ശമ്പളക്കാരായ വടക്കേയിന്ത്യൻ ചൗക്കീദർമാരുടെ ബിംബവും തെരഞ്ഞെടുപ്പിൽ വിജയകരമായി ഉപയോഗിക്കപ്പെട്ടു. തീർത്തും ഗ്രാമീണമായ ഈ ബിംബം നഗരങ്ങളിലും ഫ്ളാറ്റു സമുച്ചയങ്ങളിൽ കാവൽക്കാരെ സംബോധന ചെയ്യുന്നതാണ്. ഈ ചൗക്കീദാർ (കാവൽക്കാരൻ) ബിംബം പ്രാഥമിക സുരക്ഷ നൽകുന്ന 'നല്ല അയൽക്കാരൻ മാമനായി' അവതരിച്ചപ്പോൾ ഒരു സങ്കീർണ്ണ അമൂർത്ത ശിൽപ്പത്തെ അവതരിപ്പിച്ച പ്രതി വചനം 'ചൗക്കീദാർ ചോർ ഹെ' (കാവൽക്കാരൻ കളളനാണ്) ശരാശരിക്കാരന്റെ അടിയന്തര സുരക്ഷയിൽ തന്നെ ശങ്കയുളവാക്കുന്ന അവന്റെ ഉറക്കം കെടുത്തുന്ന ഒരു ഭീതിയാണ്. നെഗറ്റീവായ ഒരു കാമ്പെയിനിന്റെ പരമ കാഷ്ടയാണത്. രാവിലെ ഉണർന്ന് ചൗക്കീദാരെ സംശയത്തോടെ നോക്കിയ ശേഷം പണിസ്ഥലത്ത് പോകുന്ന ഇൻഡ്യക്കാരന് സ്വസ്ഥത ലഭിക്കില്ല. ആ പ്രസ്താവനയുടെ യാത്ഥാർത്ഥ്യമല്ല പ്രശ്നം. അതുയർത്തുന്ന ബിംബകൽപ്പന തികഞ്ഞ അനിശ്ചിതത്വത്തിന്റേതാണ്, അസ്വസ്ഥതയുടേതാണ്. ഒരുപക്ഷേ ഭാര്യ ചാരിത്രഹീനയാണ് എന്നു പറയുമ്പോലെയാണത്.
വസ്തുതയല്ല. വിശ്വാസമാണ് അവിടെ പ്രശ്നം. അനിശ്ചിതത്വത്തിന്റെ സമ്മർദ്ദത്തിൽ ശരാശരി ജനമാഗ്രഹിക്കുന്നത് വിശ്വാസത്തിന്റെ ദൃഡപ്രത്യയമാണ്. ഈ വിശ്വാസ പ്രതിസന്ധി മറി കടക്കാൻ അവർ ഒരു സുരക്ഷ വോട്ട് ചെയ്യുന്നത് സ്വാഭാവികം മാത്രവുമാണ്. ഈ സുരക്ഷാ ബൈനറി സൂത്രവാക്യത്തിലേക്ക് തെരഞ്ഞെടുപ്പിലെ ചോദ്യം ഹൃസ്വമാക്കാൻ കഴിഞ്ഞതു തന്നെയാണ് വിജയികളുടെ തെരഞ്ഞെടുപ്പിലെ വലിയ നേട്ടം.
കേരളത്തിന്റെ വോട്ട് പരിശോധിച്ചാലും ഈ അടിയന്തിര സുരക്ഷാ പരിഗണന വോട്ടർമാരെ അമൂർത്തങ്ങളായ ആശയ വൈവിദ്ധ്യത്തിൽ നിന്നും മാറി നിൽക്കാൻ പ്രേരിപ്പിച്ചതായി കാണാം.സ്ത്രീ പുരുഷ സമത്വം എന്ന ആശയം സ്വീകരിക്കുന്നവരും പ്രയോഗത്തിൽ വിമുഖതയുളളവരാണ്. തെരഞ്ഞെടുപ്പിലും പൊതു വേദികളിലും മത്സരിക്കുന്നതും അഭിപ്രായ പ്രകടനം നടത്തുന്നവരുമായ സ്ത്രീകളുടെ എണ്ണക്കുറവ് ഇതിനെ ആശയമെന്ന നിലയിലെ സ്വീകാര്യതയോളം പ്രയോഗത്തിൽ എതിർപ്പുമുണ്ട് എന്നു കാണിക്കുന്നു. അവിടെ വിശ്വാസത്തിന്റെ പ്രത്യയം വളരെ ശക്തമാവും. അനിശ്ചിതത്വത്തിന്റെയും ഭൗതിക പ്രതിസന്ധിയുടെയും ഒരു സമയത്ത് ശരാശരി ജനത ആശ്രയം തേടുന്നത് പാരമ്പര്യം ഊട്ടിയുറപ്പിച്ച വിശ്വാസങ്ങളിലാണ്. അവിടെ ഭൗതികവും ഭരണഘടനാപരവും സങ്കീർണ്ണവുമായ ഒരു പ്രമേയം പരീക്ഷിക്കപ്പെട്ടാൽ സമ്മർദ്ദത്തിലുളള ശരാശരിക്കാരന്റെ സുരക്ഷാ ബോധത്തിലെ ഒരു ആണിക്കല്ലിനാണ് ഇളക്കം തട്ടുന്നത്. അങ്ങനെയാണ് ഭരണഘടനാ മൂല്യവും നിയമപരമായ ശരിയുമായ ഒരു മൂല്യം അടിയന്തിര സുരക്ഷ, മാനവിക സമാധാനം എന്നിങ്ങനെയുളള ലളിതമായ സമവാക്യത്തെ അട്ടിമറിക്കുന്നതായി വിശ്വാസിക്കു തോന്നുന്നത്. വിശ്വാസം അത് മതപരമാണെങ്കിലും ആചാരപരമാണെങ്കിലും സങ്കീർണ്ണവും രാഷ്ട്രീയവും നിയമപരവുമായ മൂല്യങ്ങളെക്കാൾ ശക്തമാണ് എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഈ സമവാക്യങ്ങൾ സൂക്ഷമമായി വായിച്ചെടുത്തവർക്കെല്ലാം 2019 ൽ ശക്തിപ്പെടാനായി.
ഇതിലൊരു പാഠം 2019ൽ ജനങ്ങൾ വേണ്ടത്ര അനുഗ്രഹിക്കാത്തവർക്കും ഉണ്ട്. പല ലേനുകളിലും ഒന്നിച്ച് വണ്ടി ഓടിച്ചു തുടങ്ങുകയും ലളിതസുന്ദരമായ ചൗക്കിദാറിയൻ ഇമേജറി ജനങ്ങളിൽ ഉയർത്തുകയും ധന്യാത്മകമായ ഒരു കാമ്പെയിനിൽ ഊന്നുകയും ചെയ്താൽ രാഷ്ട്രീയ വിജയ സാധ്യതകളുടെ ഭാവി വ്യക്തമാകും. നിരവധി പാഠഭേദങ്ങങ്ങളുടെ തെരഞ്ഞെടുപ്പും കൂടിയാണ് 2019.
(അഭിപ്രായം വ്യക്തിപരം)