തിരുവനന്തപുരം: ആർക്കിടെക്ചർ (ബി.ആർക്ക്) പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനായി യോഗ്യതാ പരീക്ഷയുടെ മാർക്ക് വെബ്സൈറ്റിലൂടെ നൽകിയവർക്ക് മാർക്ക് ശരിയാണോയെന്ന് പരിശോധിക്കാൻ അവസരം. www.cee.kerala.gov.in വെബ്സൈറ്റിൽ ജൂൺ 4ന് രാവിലെ 10വരെ പരിശോധിക്കാം. വെബ്സൈറ്റിലെ മാർക്ക് വിവരങ്ങൾ ശരിയാണെങ്കിൽ നോ ചേയ്ഞ്ച് ക്ലിക്ക് ചെയ്ത് വേരിഫൈഡ് ആൻഡ് ഫൗണ്ട് കറക്ട് എന്ന ഓപ്ഷൻ നൽകണം. തെറ്റുണ്ടെങ്കിൽ തിരുത്തൽ വരുത്താനും സംവിധാനമുണ്ട്. 4ന് രാവിലെ 10വരെ ലഭ്യമാവുന്ന മാർക്ക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഓൺലൈനിൽ പരിശോധിച്ച് ഉറപ്പുവരുത്താത്തവരുടെ മാർക്ക് അതേപടി റാങ്ക്‌ലിസ്റ്റിനായി പരിഗണിക്കും. മാർക്ക്, വിജയിച്ച വർഷം, ബോർഡ് ഒഫ് സ്റ്റഡി എന്നിവയിൽ പ്രവേശനസമയത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാൽ വിദ്യാർത്ഥിയെ അയോഗ്യനാക്കും. അപാകത പരിഹരിക്കാനുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെയും രേഖകളിൽ അപാകതയുള്ളവരുടെയും ഫലം തടഞ്ഞുവയ്ക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പർ- 0471-2332123, 2339101, 2339102, 2339103, 2339104(10 am-5 pm)