തിരുവനന്തപുരം: സെപ്തംബറിനുള്ളിൽ രാജ്യത്ത് ഒഴിവു വരുന്നത് 15 സംസ്ഥാനങ്ങളിലെ ഗവർണർ പദവി. കേരളവും ഇതിൽ ഉൾപ്പെടും. കുമ്മനം രാജശേഖരൻ രാജിവച്ച മിസോറം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ നിലവിൽ ഗവർണർമാരില്ല. 15ൽ അഞ്ചിടത്ത് ബി.ജെ.പി ഇതര സർക്കാരാണ്.
മിസോറമിന് പുറമേ ചത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഗവർണർമാരില്ലാത്തത്. മിസോറമിൽ അസാം ഗവർണർക്കും ചത്തീസ്ഗഡിൽ മദ്ധ്യപ്രദേശ് ഗവർണർക്കും തെലങ്കാനയിൽ ആന്ധ്ര ഗവർണർക്കുമാണ് അധികച്ചുമതല നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ ഉടൻ പുതിയ ഗവർണർമാരെ നിയമിച്ചേക്കും.
കേരള ഗവർണർ പി. സദാശിവത്തിന്റെ കാലാവധി സെപ്തംബർ 5നാണ് പൂർത്തിയാകുന്നത്. സർക്കാരുമായി പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ജസ്റ്റിസ് സദാശിവം സംസ്ഥാന ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. രാഷ്ട്രീയ തടവുകാരുടെ ശിക്ഷാകാലാവധി വെട്ടിക്കുറച്ച് നിരുപാധികം വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കത്തിലും സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശന ബില്ലിലും മാത്രമാണ് ഗവർണർ ഉടക്കിട്ടത്.
ആന്ധ്രാ ഗവർണർ ഇ.എസ്.എൽ. നരസിംഹൻ ജൂൺ രണ്ടിന് പത്തു വർഷം പൂർത്തിയാക്കും. തെലങ്കാനയുടെ ചുമതലയും വഹിക്കുന്ന നരസിംഹൻ മൂന്നാം തവണയും തുടരാനുള്ള സാദ്ധ്യയില്ല. ഉത്തർപ്രദേശിലെ രാം നായിക്, പശ്ചിമബംഗാളിലെ കേസരി നാഥ് ത്രിപാഠി, നാഗാലാൻഡിലെ പത്മനാഭ ആചാര്യ, ഗുജറാത്തിലെ ഒാം പ്രകാശ് കോഹ്‌ലി എന്നിവർ ജൂലായിലും ഗോവയിലെ മൃദുല സിൻഹ, ഹിമാചലിലെ ആചാര്യദേവ്, മഹാരാഷ്ട്രയിലെ സി.വിദ്യാസാഗർ റാവു എന്നിവർ ആഗസ്റ്റിലും പി. സദാശിവം, ജാർഖണ്ഡ് ഗവർണർ ദ്രുപദുമുഖു എന്നിവർ സെപ്തംബറിലും കാലാവധി പൂർത്തിയാക്കും.
കഴിഞ്ഞ എൻ.ഡി.എ സർക്കാർ കുമ്മനത്തിന് ഗവർണർ പദവി നൽകിയെങ്കിൽ വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോൾ കേരളത്തിൽ നിന്ന് ഒരു നേതാവിനെയും പരിഗണിച്ചില്ല.