pattom

തിരുവനന്തപുരം: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പട്ടം സെന്റ്‌മേരീസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സഹായകരമാകുന്ന തരത്തിൽ നിർമ്മിക്കുന്ന ഫുട്ഓവർ ബ്രിഡ്ജിന്റെ പണി പൂർത്തിയാകില്ലെന്ന് ഉറപ്പായി. നിലവിലെ സാഹചര്യത്തിൽ​ നിർമ്മാണം പൂർത്തിയാക്കാൻ രണ്ട് മാസം കൂടി വേണമെന്ന് പദ്ധതി നടത്തിപ്പുകാരായ സൺ ഇൻഫ്രാ കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു. പദ്ധതി പ്രദേശം വഴിയുള്ള വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിർമ്മാണത്തിന്റെ ഭാഗമായുള്ള പൈലിംഗും മറ്റുപണികളും നടക്കുന്നതിനാൽ ഇവിടെ സ്റ്റീൽ പൈപ്പുകളും സ്ളാബുകളും കൂട്ടിയിട്ടിരിക്കുകയാണ്. അതിനാൽ കാൽനടയാത്രയും ദുഷ്കരമായിട്ടുണ്ട്. പട്ടത്തു നിന്ന് തമ്പാനൂരിലേക്ക് പോകുന്നതിനുള്ള ബസ് സ്റ്റോപ്പിന് മുന്നിലും നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടിട്ടുണ്ട്. സ്കൂൾ തുറക്കുന്നതോടെ ഇവിടെ തിരക്ക് വർദ്ധിക്കുമെന്നത് ഉറപ്പാണ്.

പദ്ധതി ഇങ്ങനെ
നഗരസഭയുടെ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടം,​ വഴുതക്കാട്, കിഴക്കേകോട്ട എന്നിവിടങ്ങളിലായി മൂന്ന് ഫുട്ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടത്. ഇതിൽ വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് മുന്നിലെ മേൽപ്പാലം പൂർത്തിയായി. സ്‌കൂളിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന ഫുട്ഓവർബ്രിഡ്ജ് റോഡിനു മറുഭാഗത്ത് ക്രിസ്ത്യൻ പള്ളിക്ക് സമീപത്താണ് അവസാനിക്കുന്നത്. കിഴക്കേകോട്ടയിൽ ഗാന്ധിപാർക്കിൽ നിന്ന് ആരംഭിച്ച് റോഡിനു മുകളിലൂടെ പ്രധാനകോട്ടയുടെ ഭാഗത്ത് അവസാനിക്കുന്ന തരത്തിലാണ് മേൽപ്പാലം. റോഡ് മുറിച്ച് കടക്കാതെ ചാലയിലേക്കും തിരിച്ചും ഇതിലൂടെ നടന്നുപോകാനാകും. എന്നാൽ ഇത് എങ്ങുമെത്താതെ കിടക്കുകയാണ്. പട്ടം സെന്റ്‌ മേരീസ് സ്‌കൂളിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന ഓവർബ്രിഡ്ജ്​ റോഡിന് എതിർവശത്ത് അവസാനിക്കുന്ന തരത്തിലാണ് നിർമ്മിക്കുന്നത്. പട്ടത്തേത് നിർമ്മാണം തുടങ്ങിയെങ്കിലും കഴിഞ്ഞ വർഷം പകുതിയോടെ,​ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി പി.ഡബ്ല്യു.ഡി ഇടഞ്ഞതിനെ തുടർന്ന് നിർമ്മാണം മുടങ്ങി. മോണോ റെയിൽ പദ്ധതി ഇതുവഴി കടന്നുപോകുന്നുണ്ട്. അതിനാൽ തന്നെ ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്ക് തടസമാകാതിരിക്കാൻ പൊളിച്ചുമാറ്റാൻ കഴിയുന്ന തരത്തിൽ നിർമ്മിക്കണമെന്ന വ്യവസ്ഥയിൽ പി.ഡബ്ല്യു.ഡി പിന്നീട് നിർമ്മാണാനുമതി നൽകുകയായിരുന്നു.

മേക്ക് ആൻഡ് ഫിറ്റ് പാലം
ഇരുമ്പ് ദണ്ഡുകളുപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ ഭാഗങ്ങൾ നിർമ്മിച്ച ശേഷം, നിർദ്ദിഷ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്ത് പാലമാക്കി മാറ്റുന്ന 'മേക്ക് ആൻഡ് ഫിറ്റ് ' രീതിയാണ് ഉപയോഗിക്കുന്നത്. ഗതാഗതത്തിന് തടസമില്ലാതെ പാലം നിർമ്മിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. തിരക്കേറിയ റോഡുകളിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങളൊഴിവാക്കാൻ സ്‌കൈ വാക്ക് സഹായകരമാകും.