kurunkutty-kulam

പാറശാല: പാറശാല ഗ്രാമപഞ്ചായത്തിൽ ദേശീയപാതയോരത്തെ കുറുങ്കുട്ടി കുളം നശിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ നട്ടം തിരിയുകയാണ്. ആയിരക്കണക്കിന് വരുന്ന പൊതുജനങ്ങൾക്ക് കുളിക്കാനും പ്രദേശത്തെ 50 ഏക്കറോളം വരുന്ന ഏലായിലെ കർഷകർക്കും പ്രയോജനപ്പെടുന്ന കുളമാണ് കുറുങ്കുട്ടി കുളം. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സമീപത്തെ അഞ്ച് ഏക്കറോളം വരുന്ന കുറുങ്കുട്ടി കുളം കഴിഞ്ഞ 15 വർഷമായി വ‌ൃത്തിയാക്കിയിട്ട്. ചെളികോരി മാറ്രാതെ പായലുമൂടി കിടക്കുന്ന കുളം നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെയാണ് പഞ്ചായത്ത് അധികൃതർ കുളം നവീകരിക്കാൻ തയ്യാറായത്. ചെളി കോരിമാറ്രാനും തകർന്ന കൽക്കെട്ടുകൾ പുനർനിർമ്മിക്കാനും വേണ്ടി 4 ലക്ഷം രൂപയുടെ ടെൻഡർ നൽകിയെങ്കിലും കുളം പഴയപടി തന്നെ. കഴിഞ്ഞ മൂന്ന് മാസം മുൻപ് ആരംഭിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. ആകെ ചെയ്തത് കുളത്തിലെ ചെളി ഹിറ്റാച്ചികൊണ്ട് എടുത്ത കുഴിയിലേക്ക് മാറ്റുക മാത്രമാണ്.

മഴപെയ്താൽ മറ്റ് സ്ഥലങ്ങളിൽ നിന്നും വെള്ളം ഒഴുകി ഇവിടെയെത്തും. ഇടവപ്പാതി തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കുളത്തിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. അറ്റകുറ്റപ്പണികളുടെ ഭാഗമായി കുളം വറ്റിച്ചതോടെ നാട്ടുകാർക്ക് കുളിക്കാനും കന്നുകാലികളെ കുളിപ്പിക്കാനും കഴിയാതായി. ഒപ്പം സമീപത്തെ കിണറുകളും വറ്റി. കടുത്ത വേനലിൽ കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടം ഓടുമ്പോൾ കിണറുകൾകൂടി വറ്റിയത് നാട്ടുകാർ ദുരിതമായി.

നാട്ടുകാർക്ക് ഏറെ ഉപയോഗപ്രദമായിരുന്ന കുറുങ്കുട്ടി കുളം അടിയന്തരമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജനോപകാരപ്രദമാക്കാത്ത പക്ഷം നാട്ടുകാർ ഒറ്റക്കെട്ടായി പ്രക്ഷോഭവുമായി രംഗത്ത് വരും.

ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് കോൺട്രാക്ട് നൽകിയതെങ്കിലും ചെളി കോരിമാറ്റുന്നതിലുള്ള തകരാറാണ് പദ്ധതി നടപ്പിലാകാൻ വൈകിയതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ കുളം എത്രയും പെട്ടെന്ന് നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ വന്നതോടെ പണികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നാണ് അധികൃതരുടെ മറുപടി