തിരുവനന്തപുരം: സർക്കാർ സഹായമായ 20 കോടി രൂപ ലഭിക്കാൻ താമസിച്ചതിനാൽ കെ.എസ്.ആർ .ടി.സിയിലെ ശമ്പളവിതരണം വൈകി. മേയിലെ ശമ്പളം നൽകാൻ 50 കോടി രൂപമാത്രമാണ് കൈവശമുണ്ടായിരുന്നത്. ഇതുകൊണ്ട് വെള്ളിയാഴ്ച 80 ശതമാനം പേർക്കും ശമ്പളം നൽകി. പ്രതിമാസ സർക്കാർ സഹായമായി 20 കോടി രൂപ അനുവദിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് മാത്രമാണ് തുക കൈമാറിയത്. ഇതേ തുടർന്നാണ് ശമ്പളവിതരണം ഭാഗികമായത്. ശനിയാഴ്ച രാത്രിയോടെ എല്ലാ ജീവനക്കാരുടെയും അക്കൗണ്ടുകളിലേക്ക് ശമ്പളം എത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. മേയ് മാസം 200.91 കോടി രൂപ വരുമാനം നേടാൻ കഴിഞ്ഞതായി മാനേജ്‌മെന്റ് അറിയിച്ചു. സൂപ്പർ ഫാസ്റ്റുകളുടെ ചെയിൻ സർവീസാണ് നേട്ടമായത്.