തിരുവനന്തപുരം : കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ 16കാരൻ ഉജ്ജ്വലിന് വ്യവസായി ബി.രവിപിള്ള അഞ്ച് ലക്ഷം രൂപ നൽകും. കേരളകൗമുദിയിൽ ഉജ്ജ്വലിനെ കുറിച്ചുള്ള വാർത്ത വായിച്ച രവിപിള്ള ഇന്നലെ എം.വിൻസെന്റ് എം.എൽ.എയെ സഹായവാഗ്ദാനം അറിയിക്കുകയായിരുന്നു. രവിപിള്ള ഫൗണ്ടേഷൻ പ്രതിനിധികൾ തിങ്കളാഴ്ച കിംസ് ആശുപത്രിയിലെത്തി സഹായം കൈമാറും.
ഉജ്ജ്വലിന്റെ കരൾ ഇന്നലെയാണ് മാറ്റിവച്ചത്. രാവിലെ 11മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ രാത്രി വൈകിയാണ് പൂർത്തിയായത്.
മഞ്ഞപ്പിത്തം ബാധിച്ച് കരൾ തകരാറിലായതിനെ തുടർന്ന് കിംസ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞ ഉജ്ജ്വലിന് കരൾമാറ്റിവയ്ക്കാൻ പണമില്ലാത്തിനാൽ ശസ്ത്രക്രിയ നീണ്ടു പോകുന്ന വാർത്ത കേരളകൗമുദി കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യമന്ത്രി ഇടപെട്ടു. അടിയന്തരമായി സാമൂഹ്യ സുരക്ഷാ മിഷന്റെ വീകെയർ പദ്ധതി പ്രകാരം 15 ലക്ഷം രൂപ അനുവദിച്ചു.
തുടർചികിത്സയ്‌ക്ക് പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലായിരുന്ന കുടുംബത്തിന് ആശ്വാസമായാണ് രവി പിള്ളയുടെ സഹായമെത്തുന്നത്. ആട്ടോ ഡ്രൈവറായ മുട്ടയ്‌ക്കാട് സ്വദേശി സുരേന്ദ്രന്റെയും അമ്മിണിയുടെയും മകനാണ് ഉജ്ജ്വൽ. അമ്മിണിയുടെ സഹോദരി ലാലിമോളാണ് ഉജ്ജ്വലിന് കരൾ പകുത്ത് നൽകിയത്.