cpm

തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നെങ്കിലും നവോത്ഥാന മൂല്യങ്ങളുടെ പ്രചാരണം മുടങ്ങിയതിനാൽ എതിരാളികൾ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സമിതി വിലയിരുത്തി.

വനിതാ മതിലിന് ശേഷം നവോത്ഥാന പ്രചാരണത്തിൽ ഇടതുമുന്നണി മുന്നോട്ട് പോകാത്തതിനാൽ ഇടതുപക്ഷ നിലപാടുകൾ ജനങ്ങളിൽ വേണ്ടപോലെ എത്തിക്കാൻ കഴിഞ്ഞില്ല. ഈ അവസരം മുതലെടുത്ത് ഒരു വിഭാഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ എതിരാളികൾക്ക് കഴിഞ്ഞെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഒരു കാരണം അതാണെന്നും യോഗത്തിന് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശബരിമല വിഷയത്തിൽ ഇടതുസർക്കാരും സി.പി.എമ്മും സ്വീകരിച്ച നിലപാട് ശരിയായിരുന്നു. ഇടതുമുന്നണിക്കോ സർക്കാരിനോ ഇത്തരമൊരു നിലപാടല്ലാതെ സ്വീകരിക്കാനാവില്ല. എന്നാൽ നവോത്ഥാന പ്രചാരണം പിറകോട്ട് പോയ സന്ദർഭം ഉപയോഗിച്ച് കോൺഗ്രസും ബി.ജെ.പിയും എതിർ പ്രചാരണം ശക്തമാക്കി. ഇടതുപക്ഷം വിശദീകരണം നൽകുക മാത്രം ചെയ്തു. ആശയക്കുഴപ്പം സൃഷ്ടിക്കാൻ എതിരാളികൾ നല്ലതുപോലെ ഇതിനെ ഉപയോഗിച്ചു. കോൺഗ്രസും ആർ.എസ്.എസും വീടാന്തരം കയറി പ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ പ്രചാരണത്തിന് നേതൃത്വം കൊടുത്തു. ആ ഘട്ടത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ബി.ജെ.പിയുടെ പ്രചാരണത്തിന്റെ സ്വാധീനം തടയാൻ പ്രാദേശിക സ്‌ക്വാഡുകൾക്ക് കഴിഞ്ഞില്ല. തെറ്റായ പ്രചാരണങ്ങളിൽ കുടുങ്ങി എൽ.ഡി.എഫിനെതിരെ ചിലർ വോട്ട് ചെയ്തിട്ടുണ്ട്. അവർക്കിടയിലേക്കിറങ്ങി പ്രവർത്തിച്ച് ജനവിശ്വാസം വീണ്ടെടുക്കും.

വനിതാമതിലും രണ്ട് സ്ത്രീകൾ ശബരിമലയിൽ പോയതും തമ്മിൽ ബന്ധമില്ല. മതിലിൽ പങ്കെടുത്തവരല്ല പോയത്. സി.പി.എം അനുഭാവികളുമല്ല. പൊലീസ് അവർക്ക് പ്രവേശനം അനുവദിച്ചില്ലെങ്കിൽ സുപ്രീംകോടതി ചോദിക്കും. നിയമവാഴ്ചയുള്ള സംസ്ഥാനത്ത് ഭരണഘടനാബെഞ്ചിന്റെ വിധി നടപ്പാക്കാനേ സാധിക്കൂ. വിധിക്കെതിരായ ഹർജികൾ കേൾക്കാൻ പോലും സുപ്രീംകോടതി തയ്യാറായിട്ടില്ല. ഹർജികൾ നൽകിയത് ആളുകളെ കബളിപ്പിക്കാനാണ്. നിയമനിർമ്മാണം നടത്തുമെന്ന് ഇപ്പോൾ ചെന്നിത്തല പറയുന്നതും നിയമം അറിയുന്ന ആരും വിശ്വസിക്കില്ല. ഞങ്ങൾ ആളുകളെ കബളിപ്പിക്കുന്ന മുന്നണിയല്ല.

ശബരിമലയിൽ ഞങ്ങൾ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. മഹിളാ അസോസിയേഷൻ നേതാക്കളാരും പോയിട്ടില്ല. ഞങ്ങൾ പുരുഷന്മാരെയും അയയ്‌ക്കാറില്ല. പാർട്ടിക്കാരല്ലാത്തവർ പോയാൽ സർക്കാരിന് ദോഷമാകുമെന്ന് പറയാനാവില്ലല്ലോ. നമ്മുടെ ആളുകൾ പോയാൽ പറയാമായിരുന്നു സർക്കാരിന് പ്രയാസമാകുമെന്ന്. വിധി മാനിച്ച് സ്ത്രീകളെ പൊലീസ് കയറ്റിയില്ലെങ്കിൽ ഭരണഘടനാവിരുദ്ധമാകും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമോ സർക്കാരിനോടുള്ള അതൃപ്തിയോ തിരിച്ചടിക്ക് കാരണമായിട്ടില്ല. രാഷ്ട്രീയപ്രശ്നങ്ങളാണ് മുഖ്യകാരണം. ശബരിമല സ്ത്രീപ്രവേശന കേസിൽ സുപ്രീംകോടതി ഭരണഘടനാബഞ്ചാണ് വിധി പറഞ്ഞത്. ആ വിധിയെ കോൺഗ്രസും ബി.ജെ.പിയും സ്വാഗതം ചെയ്തതാണെന്നും ആർ.എസ്.എസ് നിലപാട് പ്രതിഫലിപ്പിക്കുന്ന വിധിയാണെന്ന് സംസ്ഥാന നേതാവ് ഗോപാലൻകുട്ടി പറഞ്ഞതാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.