kodiyeri-

തിരുവനന്തപുരം: സി.പി.എമ്മുകാർ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന പ്രചാരണം തിരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ തിരിച്ചടിയായെന്ന് സംസ്ഥാനസമിതി യോഗം വിലയിരുത്തിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങളെ പാർട്ടി ആസൂത്രണം ചെയ്ത സംഭവങ്ങളാക്കി ചിത്രീകരിച്ചത് സമാധാനകാംക്ഷികളുടെ വോട്ടുകൾ എതിരാക്കി. പാർട്ടിപ്രവർത്തകർ അക്രമങ്ങളിൽ പങ്കാളികളാകരുതെന്ന് തൃശൂർ സംസ്ഥാന സമ്മേളനത്തിൽ നിർദ്ദേശിച്ചതാണ്. അത് പാർട്ടിയുടെയാകെ പൊതുബോധമായി മാറ്റാനായില്ല.

ഒരു ഭാഗത്ത് കമ്മ്യൂണിസ്റ്റ് വിരോധമുള്ള ജമാഅത്ത് ഇസ്ലാമിയും എസ്.ഡി.പി.ഐയും പോലുള്ള സംഘടനകൾ ഇടതുമുന്നണിക്കെതിരെ നിലകൊണ്ടു. മറുവശത്ത് ആർ.എസ്.എസ് നേതൃത്വത്തിലുള്ള തീവ്രഹിന്ദുത്വശക്തികളും പ്രവർത്തിച്ചു. ഇതെല്ലാം തിരിച്ചടിക്ക് കാരണമായി.

മതന്യൂനപക്ഷങ്ങളെയും ഉല്പതിഷ്ണുക്കളെയും സ്വാധീനിക്കുന്നതിലും വീഴ്ച സംഭവിച്ചു.

മോദിയെ താഴെയിറക്കുകയെന്ന വികാരം വളർത്താൻ ഇടതുപ്രചാരണം വലിയ പങ്ക് വഹിച്ചെങ്കിലും നേട്ടം കൊയ്തത് യു.ഡി.എഫാണ്. കേന്ദ്രത്തിൽ ഇടപെടാൻ ഇടതിന് ശക്തിയില്ലെന്ന ചിന്തയാണതിലേക്ക് നയിച്ചത്.എല്ലാ മുസ്ലിം സംഘടനകളെയും ഏകോപിപ്പിക്കാൻ ലീഗും നേതൃത്വം നൽകിയെന്നും കോടിയേരി പറഞ്ഞു.

ശൈലീമാറ്റം

മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും രൂപം മാറ്റണമെന്നുമൊക്കെ പറയുന്നത് തോൽക്കുമ്പോൾ ഉയരുന്ന വാദമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുമ്പോൾ വ്യക്തിപരമായ സമീപനമല്ല പാർട്ടിക്കുള്ളത്. തോറ്റാൽ ബലിയാടിനെ കണ്ടെത്തുന്നത് കോൺഗ്രസ് രീതിയാണ്. അതാണ് രാഹുൽ ഗാന്ധിക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്തതെന്ന് അദ്ദേഹം പരിഹസിച്ചു.