തിരുവനന്തപുരം: ഏകജാലക സംവിധാന പ്രകാരമുള്ള രണ്ട് മുഖ്യ അലോട്ട്മെന്റുകളും പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 2,12,341 പേർ പ്ലസ് വണ്ണിന് സ്ഥിര പ്രവേശനം നേടി. 2,40,438 പേർക്കാണ് അലോട്ട്‌മെന്റ് നൽകിയിരുന്നത്. അലോട്ട്‌മെന്റ് ലഭിച്ചതിന്റെ 88.31ശതമാനം പേരും സ്ഥിര പ്രവേശനം നേടി. ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലാണ്, 30,092 പേർ. കുറവ് വയനാട്ടിലും, 5,849 വിദ്യാർത്ഥികൾ. സ്‌പോർട്സ് ക്വാട്ടയിൽ അലോട്ട് ചെയ്ത 4481 പേരിൽ 4053 പേർ സ്ഥിര പ്രവേശനം നേടി, 90.45 ശതമാനം.
ആകെ 4,79,730 വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. 24ന് ആദ്യ അലോട്ട്‌മെന്റ് 2,00,842 സീറ്റിലേക്കും, 30ന് രണ്ടാം അലോട്ട്‌മെന്റ് 42,471 സീറ്റിലേക്കുമാണ് പ്രസിദ്ധീകരിച്ചത്. ജൂൺ ആറിന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും.
ജില്ലകളിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾ
തിരുവനന്തപുരം (18,859), കൊല്ലം (16,062), പത്തനംതിട്ട (7891), ആലപ്പുഴ (13,574), കോട്ടയം (11,407), ഇടുക്കി (6,189), എറണാകുളം (16,835), തൃശൂർ (18,325), പാലക്കാട് (18,213), കോഴിക്കോട് (20,225), മലപ്പുറം (30,092), വയനാട് (5,849), കണ്ണൂർ (19,134), കാസർകോട് (9,686).