തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ സസ്യസന്ധവും വസ്തുനിഷ്ടവുമായ രാഷ്ട്രീയ വിലയിരുത്തൽ നടത്തുന്നതിന് പകരം യാഥാർത്ഥ്യങ്ങളിൽ നിന്നും സി.പി.എം ഒളിച്ചോട്ടം നടത്തിയതായിട്ടാണ് സംസ്ഥാന സമിതിക്ക് ശേഷം സംസ്ഥാന സെക്രട്ടറിയുടെ വിലയിരുത്തലിലൂടെ പ്രകടമാകുന്ന സൂചനയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ സി.പി.എമ്മും എൽ.ഡി.എഫ് സർക്കാരും എടുത്ത നിലപാട് കേരളീയ സമൂഹം പാടേ തിരസ്‌കരിച്ചുവെന്ന സത്യസന്ധമായ രാഷ്ട്രീയ നിലപാടാണ് സി.പി.എം ഉൾക്കൊള്ളേണ്ടിരുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഓരോ പ്രസ്താവനയും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരെപ്പോലും പാർട്ടിവിരുദ്ധ നിലപാട് സ്വീകരിക്കാൻ നിർബന്ധിതമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിഫലിച്ചത് കേന്ദ്രത്തിൽ മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ വികാരം മാത്രമല്ല പിണറായി സർക്കാർ ഓരോ ജനകീയ പ്രശ്നങ്ങളിലും സ്വീകരിച്ച നിലപാടുകളുടെയും ആത്മാർത്ഥയില്ലാത്ത നടപടികളുടെയും വിലയിരുത്തൽ കൂടിയാണ്. ബി.ജെ.പിയും സംഘപരിവാർ ശക്തികളും ചതിച്ച ഹിന്ദുവിശ്വാസികൾക്ക് പുറമെ ന്യൂനപക്ഷവിഭാഗങ്ങളും ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനെ സഹായിക്കാൻ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം സി.പി.എം ന്യൂനപക്ഷ പ്രീണനം നടത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ തിരിച്ചറിഞ്ഞു. എന്നാൽ സി.പിഎമ്മിന് മാത്രമാണ് ഇപ്പോഴും ഇതൊന്നും മനസ്സിലാകാത്തത്. കൂടാതെ മുഖ്യമന്ത്രിയുടെ അഹന്തയും ധാർഷ്ഠ്യവും കലർന്ന രാഷ്ട്രീയം സി.പി.എമ്മിനെ പ്രതീകൂലമായി ബാധിച്ചുവെന്ന് പറയാനുള്ള ചങ്കൂറ്റം സംസ്ഥാന കമ്മിറ്റിയിലെ ഒരംഗം പോലും കാണിച്ചില്ലായെന്നതാണ് കേരളത്തിലെ സി.പി.എം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
സി.പി.എമ്മിന്റെ സംസ്ഥന കമ്മിറ്റിയിൽ പോലും സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രിയുടെ മുന്നിൽ മുട്ടിടിച്ച് നിൽക്കുന്ന നേതൃത്വമായി സി.പി.എം മാറി. കേരളത്തിലെ യഥാർത്ഥ കമ്യൂണിസ്റ്റുകളും കേരളീയ പൊതുസമൂഹവും ഇത് നന്നായി വിലയിരുത്താൻ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.