thanni

കിളിമാനൂർ: പട്ടികജാതി പട്ടിക വർഗത്തിലുള്ളവർക്കായി കുടിവെള്ള പദ്ധതി ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴും നഗരൂർ പഞ്ചായത്തിലെ തണ്ണിക്കോണം പട്ടികജാതി സങ്കേതത്തിലുള്ളവർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ളവ കിട്ടാക്കനിയാകുന്നു.

നഗരൂർ ടൗണിന് സമീപം ഒരു കുന്നിൽ പ്രദേശത്തായിട്ടാണ് കോളനി സ്ഥിതി ചെയ്യുന്നത്. പേരിന് ഒരു തടം വെട്ടിയിട്ടുണ്ടെങ്കിലും ആരുടെയും വീട്ടിലേക്ക് ഒരു ഇരു ചക്രവാഹനം പോലും കടന്നു ചെല്ലില്ല. രാത്രിയായാൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ ആ ദുരിതം വേറെ. കുട്ടികളും വൃദ്ധരും ഉൾപ്പെടെ നൂറിലേറെ പേരാണ് ഇവിടുള്ളത്. കുടിവെള്ള പദ്ധതി നടപ്പിലാക്കിയ കുളത്തിൽ മേൽ മൂടി സ്ഥാപിച്ചിരിക്കുന്നതിനാൽ വെള്ളം കോരിയെടുക്കാനും പറ്റാത്ത അവസ്ഥയിലാണ് കോളനി നിവാസികൾ. മഴക്കാലത്ത് പോലും ഇവിടുള്ള കിണറുകളിൽ വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ കുന്നിറങ്ങി കിലോമീറ്ററുകളോളം സഞ്ചരിച്ച് ഇറത്തി പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള കുഴൽ കിണറിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. എത്രയും വേഗം ഇവിടത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.