കടയ്ക്കാവൂർ: വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ വികസനത്തിന് ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. ബി. സത്യൻ എം.എൽ.എ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വലയുന്ന റൂറൽ ഹെൽത്ത് സെന്ററിന്റെ കാര്യം എം.എൽ.എ ഉൾപ്പെടെയുളള സംഘം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ശ്രദ്ധയിൽ പ്പെടുത്തിയതനുസരിച്ചാണ് ഫണ്ട് അനുവദിച്ചത്. ഒ.പി വിഭാഗം കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കും. ഇതിന് പുറമേ ജീവിത ശൈലിരോഗ ചികിത്സ പദ്ധതി, വയോജനങ്ങൾക്കായി പാലിയേറ്റീവ് പരിചരണം എന്നിവ കൂടുതൽ ശക്തമാക്കും. ചിറയിൻകീഴ് ബ്ലോക്കിന്റെ കീഴിലുളള ഇൗ റൂറൽ ഹെൽത്ത് സെന്ററിൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ മൂന്ന് ഡോക്ടർമാരുടെയും അതിന് ശേഷം രണ്ട് ഡോക്ടർമാരുടെയും സേവനം ഉണ്ടായിരിക്കും.
എം.എൽ.എക്ക് പുറമേ വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി, ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം ഗീതാ സുരേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി ഡി. അജയകുമാർ, മെഡിക്കൽ ഓഫീസർ ഡോ. സിജു, പൊതുമരാമത്ത് എൻജിനിയർമാരും സംഘത്തിലുണ്ടായിരുന്നു.