നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡിലെ കുളങ്ങളുടെ സ്ഥതി ദയനീയമാണ്. മരുത്തൂരിലെ നെടുന്തറക്കുളം നശിച്ച് നാമാവശേഷമായിട്ട് കാലങ്ങൾ ഏറെയായി. ഈ കുളങ്ങൾ ജലസമൃദ്ധമാകുന്നതും കാത്ത് കഴിയുകയാണ് തവരവിള മുതൽ രാമേശ്വരം വരെയുള്ള നൂറ് ഹെക്ടറോളം വരുന്ന നെൽപ്പാടങ്ങളിലെ കർഷകർ. തങ്ങളുടെ തരിശ് നിലങ്ങളിൽ നെൽകൃഷി ചെയ്യാമെന്ന മോഹത്തിന് പരിഹാരം കാണണമെങ്കിൽ നെടുന്തറ കുളത്തിൽ ജലം നിറയണം. എന്നാൽ വെള്ളം വറ്റിയതോടെ കർഷകർ കൃഷി ഉപേക്ഷിച്ചു.
കർഷകർ നെടുന്തറകുളത്തിലെ ജല സമൃദ്ധിയെ സ്വപ്നം കാണുമ്പോൾ കുളത്തിന്റെ അവസ്ഥ വളരെ പരിതാപകരമായി തുടരുകയാണ്. കാടുംപടർപ്പും കയറി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയമാണ്. മുൻകാലങ്ങളിൽ നെയ്യാർ ഡാമിൽ നിന്നും കനാൽ വഴി ജലം തുറന്നു വിടുമ്പോൾ ഈ കുളത്തിലും ജലം നിറയുമായിരുന്നു. ഇപ്പോൾ കാടും പടർപ്പുമേറി ചെളി നിറഞ്ഞതോടെ കനാലിൽ നിന്നുള്ള നീരൊഴുക്കും കുറഞ്ഞു. വേനലാകുമ്പോൾ ഈ വെള്ളം കെട്ടിക്കിടന്ന് കുളം ഉപയോഗശൂന്യമായി മാറി. ഇതോടെ കർഷകർക്ക് കുളത്തിൽ നിന്നും വെള്ളം കിട്ടാതായി. നഗരസഭാ പ്രദേശത്തെ കുളങ്ങൾ നവീകരിച്ച് ജലസംഭരണികളാക്കി മാറ്റുമെന്നും കുളത്തിന് ചുറ്റും കയർ കൊണ്ടുള്ള ഭൂവസ്ത്രം വിരിച്ച് ഞറുങ്ങണവും പുല്ലും വച്ചു പിടിപ്പിച്ച് മനോഹരമാക്കി തീർക്കുമെന്നൊക്കെയുള്ള നഗരസഭയുടെ വാഗ്ദാനം ജലരേഖയായി.
കുളത്തിന്റെ വശങ്ങളിലുള്ള കരിങ്കൽ കെട്ട് തകർന്ന് ഇതിലൂടെ വെള്ളം ചോർന്നുപോകുന്നതാണ് കുളത്തിൽ ജലം സംഭരിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം. രണ്ട് വർഷം മുൻപ് നാട്ടുകാർ കുളം നവീകരിച്ചതൊഴിച്ചാൽ നഗരസഭാ കുളം നവീകരിക്കാൻ ബഡ്ജറ്റിൽ തുക കൊള്ളിച്ചിട്ടില്ല. എന്നാൽ തൊട്ടടുത്ത വാർഡായ മരുതത്തൂരിൽ രണ്ട് കുളങ്ങൾ നവീകരിക്കാന നഗരസഭയുടെ ഈ വർഷത്തെ ബഡ്ജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്.
നെൽകൃഷി തുടങ്ങാൻ സംയോജിത നീക്കം വേണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്. തവരവിള, ഇരുമ്പിൽ, കൊല്ലവംവിള, രാമേശ്വരം, ചായ്ക്കോട്ടുകോണം പ്രദേശങ്ങളിലെ തിരിശ് കിടക്കുന്ന വയലേലകളിൽ നെൽകൃഷി പുനരാരംഭിക്കാൻ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കുളങ്ങൾ നവീകരിച്ച് ജലസേചന പദ്ധതികൾ നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. കുളം നന്നായാൽ കൃഷിയും നന്നാക്കാൻ കഴിയുമെന്നാണ് കർഷകരുടെ വിശ്വാസം.
കർഷക കൂട്ടായ്മയിലൂടെ നെൽ കൂട്ടുകൃഷി സമ്പ്രദായം നടപ്പാക്കണം. കുളങ്ങൾ ഏകോപിപ്പിച്ച് നെല്ല് ഉത്പാദനത്തിന് ആവശ്യത്തിന് ജലം ലഭ്യമാക്കാനുള്ള ജല വിതരണ പദ്ധതി വേണം. കുന്നത്തുതകാലിലെ ലാബർ ബാങ്കിന്റെ മാതൃകയിൽ എപ്പോഴും കർഷക തൊഴിലാളികളെ ലഭ്യമാക്കുവാനുള്ള കൂട്ടായ്മ വിപുലപ്പെടുത്തണം. ഉയർന്ന ഉത്പാദന ശേഷിയുള്ള വിത്തും ജൈവവള ലഭ്യതയും കൃഷി ഭവനുകൾ മുഖേന ഉറപ്പാക്കണം. നെല്ല് സംഭരിക്കാനും വിതരണം ചെയ്യുവാനും കർഷക സമിതികൾ രൂപീകരിക്കണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് ജനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.