dd

നെയ്യാ​റ്റിൻകര: ചെങ്കൽ കരുമ്പൽ പുത്തൻ വീട്ടിൽ സുരേഷ് കുമാർ (42) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ഇക്കഴിഞ്ഞ മേയ് 11 ന് പുലർച്ചെയാണ് സുരേഷ് കുമാറിനെ വീട്ടിന്റെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. നെറ്റിയിൽ അടിയേറ്റ പാടുണ്ടായിരുന്നു. കാലും ഇടതു കൈയും അടിയേറ്റ് ഒടിഞ്ഞുതൂങ്ങിയ നിലയിലും, ഒരു കാൽ വളഞ്ഞ് നിലം തൊട്ട നിലയിലുമായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകളും തറയിലുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും തലയ്ക്ക് ആഴത്തിൽ മുറിവേറ്റതായി പറയുന്നുണ്ട്. തലേദിവസം രാത്രി നാലുപേർ ചേർന്ന് ഇയാളെ കമ്പിപ്പാരയും കുറുവടിയുംകൊണ്ട് മർദ്ദിച്ചശേഷം മതിൽ ചാടി ഓടുന്നത് കണ്ടതായി ചില സമീപവാസികൾ പാറശാല പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചിലരെ ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചതായും പരാതിയിൽ പറയുന്നു.