തിരുവനന്തപുരം: ദേശീയപാത ബൈപാസിൽ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന് വേണ്ടി കഴക്കൂട്ടം ജംഗ്ഷൻ മുതൽ ആറ്റിൻകുഴി ജംഗ്ഷൻ വരെ ബൈപാസ് റോഡ് ഇന്ന് മുതൽ (ആറ് മാസം വരെ) പൂർണമായി അടയ്ക്കും. ബൈപാസ് റോഡിന് ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകൾ വൺവേ അടിസ്ഥാനത്തിൽ നിയന്ത്രിച്ച് വാഹനഗതാഗതത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് ഇന്നലെ ദേശീയപാത അതോറിട്ടി പ്രോജക്ട് ഡയറക്ടർ പുറത്തിറക്കി. ഇരു സർവീസ് റോഡിലും വാഹന പാർക്കിംഗ് കർശനമായി നിരോധിച്ചു.
പ്രധാന നിയന്ത്രണങ്ങൾ
*കൊല്ലം-തിരുവനന്തപുരം റൂട്ടിലേക്കുള്ള വാഹനങ്ങൾ കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടതുവശത്തുള്ള സർവീസ് റോഡു വഴി പോകണം. മുക്കോലയ്ക്കൽ ആറ്റിൻകുഴി ജംഗ്ഷനെത്തുമ്പോൾ വീണ്ടും ബൈപാസിലേക്ക് കയറാം.
*കൊല്ലം ഭാഗത്തു നിന്ന് എയർപോർട്ടിലേക്കുള്ള വാഹനങ്ങൾ വെട്ടുറോഡിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് തുമ്പ, വേളി, ശംഖുംമുഖം വഴി പോവുക.
*കൊല്ലം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 8 വരെയും വെട്ടുറോഡിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കാട്ടായിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം വഴി തിരുവനന്തപുരത്തേക്ക് പോകുക.
*കൊല്ലം ഭാഗത്ത് നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വാഹനങ്ങൾ കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ശ്രീകാര്യം, ഉള്ളൂർ വഴിയോ, ചാവടി മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് എൻജിനിയറിംഗ് കോളേജ്, ആക്കുളം കോട്ടമുക്ക് വഴിയോ പോവുക.
*എം.സി റോഡിലൂടെ വരുന്ന വാഹനങ്ങൾ സിറ്റിയിലേക്ക് വെമ്പായം-വട്ടപ്പാറ റോഡു വഴിയും മെഡിക്കൽ കോളേജിലേക്ക് കാട്ടായിക്കോണം-ശ്രീകാര്യം റോഡു വഴിയും പോകുക.
*ചാക്ക ഭാഗത്തു നിന്ന് കൊല്ലത്തേക്കുള്ള ചെറിയ വാഹനങ്ങൾ ആറ്റിൻകുഴി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടതുവശത്തുള്ള സർവീസ് റോഡു വഴി പോവുക.
*ചാക്ക ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങൾ മുക്കോല ജംഗ്ഷനിൽ നിന്നോ ആറ്റിൻകുഴി ജംഗ്ഷനിൽ നിന്നോ ഇടത്തേക്ക് തിരിഞ്ഞ് പള്ളിനട റോഡിലെത്തി കഴക്കൂട്ടം മാർക്കറ്റ് ജംഗ്ഷൻ വഴി ദേശീയപാതയിലേക്ക് കയറുക.(ടെക്നോപാർക്കിലേക്കുള്ള വലിയ വാഹനങ്ങളും ഈ വഴി ഉപയോഗിക്കുക).
*കൊല്ലത്ത് നിന്ന് ടെക്നോപാർക്കിലേക്ക് വരുന്ന വലിയ വാഹനങ്ങൾ കഴക്കൂട്ടം ജംഗ്ഷനിൽ ഇടത്തേക്ക് തിരിഞ്ഞ് മുന്നോട്ടു സഞ്ചരിച്ച് ടെക്നോപാർക്കിന് പിറകിലൂടെയുള്ള വഴിയേ പോകുക.(തിരിച്ച് വരാനും ഈ വഴി ഉപയോഗിക്കുക).
*ചാക്ക ഭാഗത്തു നിന്ന് ടെക്നോപാർക്കിലേക്കുള്ള ചെറിയ വാഹനങ്ങൾ കഴക്കൂട്ടം ജംഗ്ഷനിൽ യു ടേൺ എടുത്ത് എതിർവശത്തെ സർവീസ് റോഡിലെത്തി ടെക്നോപാർക്ക് മെയിൻഗേറ്റ് വഴിയും ടി.സി.എസ് ഗേറ്റ് വഴിയും അകത്തേക്ക് പോകുക. കൂടാതെ ആറ്റിൻകുഴി ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഫേസ് ത്രീ ഗേറ്റ് വഴിയും പോകാം. തിരികെ സർവീസ് റോഡിലിറങ്ങാൻ ഈ മൂന്ന് വഴിയും ഉപയോഗിക്കാം.